ഓണം ഓഫറുകളോടൊപ്പം ജി.എസ്.ടി ഇളവും; കോംപാക്ട് കാറുകൾ സ്വന്തമാക്കാൻ ഇതാണ് ഏറ്റവും നല്ല അവസരം
text_fieldsടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO
ന്യൂഡൽഹി: ചരക്ക് സേവനനികുതിയിൽ (ജി.എസ്.ടി) സമഗ്രമാറ്റത്തിന് ജി.എസ്.ടി കൗൺസിൽ അംഗീകാരം നൽകിയതോടെ കോംപാക്ട് കാറുകളുടെ വിലയിലും മാറ്റങ്ങൾ സംഭവിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ജി.എസ്.ടി കൗൺസിലിന്റെ നിർദേശപ്രകാരം നാല് മീറ്റർ സബ് കോംപാക്ട് കാറുകൾക്കാണ് ഇളവുകൾ ലഭിക്കുക. ഈ സെഗ്‌മെന്റ് കാറുകൾ പെട്രോൾ വാഹനമാണെങ്കിൽ 1200 സി.സി എൻജിനും ഡീസൽ വാഹനങ്ങൾ 1500 സി.സി എൻജിനും താഴെയുള്ള വാഹങ്ങൾക്കാണ് ജി.എസ്.ടിയിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നികുതി നിരക്ക് ഏകീകരണം അനുസരിച്ച് 28 ശതമാനം നൽകിയിരുന്ന നികുതി ഇനിമുതൽ 18 ശതമാനം നൽകിയാൽ മതിയാകും. എന്നാൽ നാല് മീറ്ററിൽ കൂടുതൽ നീളമുള്ള കാറുകൾക്ക് 40 മുതൽ 50 ശതമാനം വരെ നൽകേണ്ടിയിരുന്ന നികുതി ഇനിമുതൽ 40 ശതമാനമാക്കി സ്ഥിരപ്പെടുത്തി.
പുതിയ ജി.എസ്.ടി നിരക്ക് ഏകീകരണം അനുസരിച്ച് കോംപാക്ട് എസ്.യു.വി സെഗ്‌മെന്റിൽ മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO എന്നിവക്കും ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മാരുതി സുസുക്കി ആൾട്ടോ കെ 10, സ്വിഫ്റ്റ്, വാഗൺ ആർ, ഹ്യുണ്ടായ് ഐ 20, ടാറ്റ തിയാഗോ എന്നീ മോഡലുകൾക്കും നികുതിയിൽ ഇളവ് ലഭിക്കും.
പുതിയ ജി.എസ്.ടി ഏകീകരണം അനുസരിച്ച് വിലകുറയുന്നു കോംപാക്ട് എസ്.യു.വികൾ
മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO തുടങ്ങിയ വാഹനങ്ങളാണ് കോംപാക്ട് എസ്.യു.വികളിൽ നികുതി ഇളവ് ലഭിക്കുന്നവ. മഹീന്ദ്ര XUV 3XO, ടാറ്റ നെക്‌സോൺ കാറുകൾ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടർബോ എൻജിൻ ഓപ്ഷനിലാണ് എത്തുന്നത്. ഇത് പൂർണമായും 18 ശതമാനം ജി.എസ്.ടി നിരക്കിൽ ഉൾപ്പെടുന്നതാണ്.
മാരുതി സുസുകി ബ്രെസ്സക്ക് മേൽപറഞ്ഞ രണ്ട് മോഡലുകളുടെ അത്ര കിഴിവ് ലഭിക്കില്ല. കാരണം ഇത് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 1,200 സി.സിക്ക് മുകളിൽ എത്തുന്നതിനാൽ വലിയ കാറുകളുടെ സെഗ്‌മെന്റിലാകും ബ്രെസ്സ ഉൾപ്പെടുക. അതിനാൽ ബ്രെസ്സക്ക് 40 ശതമാനം നികുതി ഈടാക്കും. പക്ഷെ 1,500 സി.സി എൻജിൻ സെഗ്‌മെന്റിൽ ഉൾപ്പെടുന്ന എസ്.യു.വി ആയതിനാൽ ബ്രെസ്സക്ക് നേരത്തെ 45 ശതമാനം നികുതി ഈടാക്കിയിരുന്നു. അതിൽ നിന്നും അഞ്ച് ശതമാനത്തിന്റെ ഇളവ് ബ്രെസ്സക്ക് ഇനിമുതൽ ലഭിക്കും.
നിലവിലെ ജി.എസ്.ടി നിരക്കും പുതിയ ഏകീകൃത ജി.എസ്.ടി നിരക്കും അടിസ്ഥാമാക്കിയുള്ള വിലവിവരം
നിലവിലുള്ള 28 ശതമാനം അടിസ്ഥാന ജി.എസ്.ടി നിരക്ക് കൂടാതെ പെട്രോൾ വാഹനങ്ങൾക്ക് 1 ശതമാനവും ഡീസൽ വാഹനങ്ങൾക്ക് 3 ശതമാനവും അധിക സെസും സർക്കാർ ഈടാക്കിയിരുന്നു. ബ്രെസ്സയുടെ എൻജിൻ ശേഷി വലുതായതിനാൽ ജി.എസ്.ടി നിരക്കിന് പുറമെ 17 ശതമാനത്തിന്റെ ഇന്ധന സെസും വാഹന ഉടമകൾ നൽകണമായിരുന്നു. എന്നാൽ പുതിയ ജി.എസ്.ടി ഏകീകരണം അനുസരിച്ച് ബ്രെസ്സ ഉൾപ്പെടെയുള്ള വലിയ വാഹങ്ങളുടെ നികുതി നിരക്കിൽ ഇളവ് ലഭിക്കും. പുതിയ നികുതി ഇളവ് സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പുതിയ ജി.എസ്.ടി ഏകീകരണം അനുസരിച്ച് വിലകുറയുന്ന ഹാച്ച്ബാക്ക് വാഹനങ്ങൾ
ഏറ്റവും പുതിയ ജി.എസ്.ടി ഏകീകരണം അനുസരിച്ച് മാരുതി സുസുക്കി ആൾട്ടോ കെ 10, സ്വിഫ്റ്റ്, വാഗൺ ആർ, ഹ്യുണ്ടായ് ഐ 20, ടാറ്റ തിയാഗോ എന്നീ മോഡലുകൾക്ക് 1.38 ലക്ഷം രൂപവരെ ഇളവ് ലഭിക്കും. ഈ ഹാച്ച്ബാക്ക് വാഹനങ്ങളെല്ലാം തന്നെ 4 മീറ്റർ സെഗ്‌മെന്റിൽ നിന്നും നീളം കുറഞ്ഞവ ആയതിനാലും 1,200 സി.സിക്ക് താഴെയുള്ള പെട്രോൾ വാഹനങ്ങൾക്കും 18 ജി.എസ്.ടി നൽകിയാൽ മതിയാകും.
നിലവിലെ ജി.എസ്.ടി നിരക്കും പുതിയ ഏകീകൃത ജി.എസ്.ടി നിരക്കും അടിസ്ഥാമാക്കിയുള്ള വിലവിവരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

