കാത്തിരിപ്പിന് വിരാമം; അൾട്രാവയലറ്റ് എക്സ്-47 ക്രോസ്ഓവർ സൂപ്പർ ബൈക്കിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ചു
text_fieldsഅൾട്രാവയലറ്റ് എക്സ് 47
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹനനിർമാതാക്കളായ അൾട്രാവയലറ്റ് (Ultraviolette) കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യത്ത് അവതരിപ്പിച്ച എക്സ്-47 ക്രോസ്ഓവർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ചു. വിപണിയിൽ മികച്ച പ്രതികരണമാണ് ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ലഭിച്ചത്. വാഹനം അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ 3000ത്തിലധികം ബുക്കിങ്ങുകളാണ് എക്സ്-47 ക്രോസ്ഓവറിന് ലഭിച്ചത്.
പ്രധാന സവിശേഷതകൾ
ബാറ്ററി റേഞ്ച്
അൾട്രാവയലറ്റ് എക്സ്-47ന്റെ ഉയർന്ന മോഡലായ റിക്കോൺ, റിക്കോൺ+ എന്നിവ 10.7 kWh ബാറ്ററി പാക്കോടെയാണ് വിപണിയിൽ എത്തുന്നത്. ഒറ്റ ചാർജിൽ 323 കിലോമീറ്റർ വരെ ഐ.ഡി.സി റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു.
പ്രകടനശേഷി
അൾട്രാവയലറ്റ് എക്സ്-47ന്റെ ഇലക്ട്രിക് മോട്ടോർ 40 എച്ച്.പി പവറും വീലിൽ 610 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. 8.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും. പരമാവധി വേഗത മണിക്കൂറിൽ 145 കിലോമീറ്ററായി എക്സ്-47നെ പരിമിതപ്പെടുത്തിയിരിക്കുന്നു.
സുരക്ഷാ ഫീച്ചറുകൾ
യു.വി ഹൈപ്പർസെൻസ് എന്ന പേരിൽ ADAS ഫീച്ചറുകളെ പിന്തുണയ്ക്കുന്ന റഡാർ സാങ്കേതികവിദ്യ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകുന്നു എന്നതാണ് ഈ മോഡലിന്റെ പ്രധാന പ്രത്യേകത. 150 ഡിഗ്രി മുൻ കാഴ്ച്ച, 68 ഡിഗ്രി പിന്നിലെ ലംബമായ കാഴ്ച്ച, 200 മീറ്റർ വരെ ട്രാക്കിങ് ദൂരം എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. മുൻവശത്തെ അപകടസാധ്യത മുന്നറിയിപ്പ്, ലെയിൻ മാറ്റുന്നതിനുള്ള സഹായം, ഓവർടേക്ക് അലർട്ടുകൾ തുടങ്ങിയ സവിശേഷതകളും എക്സ് 47ൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഡ്യുവൽ-ചാനൽ എ.ബി.എസ്, നാല് തലത്തിലുള്ള ട്രാക്ഷൻ കൺട്രോൾ, 9-ലെവൽ റീജനറേഷൻ ബ്രേക്കിങ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വേരിയന്റുകളും വിലയും (എക്സ്-ഷോറൂം)
അൾട്രാവയലറ്റ് എക്സ്-47 ക്രോസ്ഓവറിന് പ്രധാനമായും നാല് വേരിയന്റുകളാണുള്ളത്. എക്സ്-47 ഒറിജിനൽ, ഒറിജിനൽ+, റിക്കോൺ, റിക്കോൺ+ എന്നിവയാണവ.
ബാറ്ററി പാക്ക് അനുസരിച്ചുള്ള വില
- അൾട്രാവയലറ്റ് എക്സ് 47 ഒറിജിനൽ - 7.1 kWh ബാറ്ററി പാക്കിന് 2.49 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
- അൾട്രാവയലറ്റ് എക്സ് 47 ഒറിജിനൽ + - 7.1 kWh ബാറ്ററി ഓപ്ഷന് 2.99 ലക്ഷം രൂപ (എക്സ് ഷോറൂം)
- അൾട്രാവയലറ്റ് എക്സ് 47 റിക്കോൺ - 10.3 kWh ബാറ്ററി പാക്ക് - 3.49 ലക്ഷം രൂപ (എക്സ് ഷോറൂം)
- അൾട്രാവയലറ്റ് എക്സ് 47 റിക്കോൺ + 10.3 kWh ബാറ്ററി പാക്ക് - 3.99 ലക്ഷം (എക്സ് ഷോറൂം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

