കൂടുതൽ കരുത്തോടെ നിരത്തുകളെ കീഴടക്കാൻ ടി.വി.എസ് എൻടോർക് 150 സ്കൂട്ടർ വിപണിയിൽ
text_fieldsടി.വി.എസ് എൻടോർക് 150
ന്യൂഡൽഹി: ഇലക്ട്രികിലും ഫോസിൽ ഇന്ധനങ്ങളിലും ഒരുപോലെ വിപണിയിൽ തിളങ്ങാൻ പുത്തൻ മോഡലുകളുമായി എത്തുന്ന ടി.വി.എസ് അവരുടെ ഏറ്റവും കരുത്തുറ്റ എൻടോർക് 125 സി.സി പരിഷ്ക്കരിച്ച് 150 സി.സി എൻജിൻ കരുത്തോടെ വിപണിയിൽ എത്തിച്ചു. ജനപ്രിയ സ്കൂട്ടറിന് കമ്പനി ഒരു ഫേസ് ലിഫ്റ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏറെ പ്രതീക്ഷയോടെയാണ് ഇരുചക്ര വാഹനപ്രേമികൾ കാത്തിരുന്നത്. ആ കാത്തിരിപ്പ് ഒട്ടും വിഫലമാകാതെയാണ് ടി.വി.എസ് എൻടോർക് 150 നിരത്തുകളിൽ എത്തുന്നത്.
ടി.വി.എസ് എൻടോർക് 125 മോഡൽ സ്കൂട്ടർ നിർമിച്ച അതേ പ്ലാറ്റ്‌ഫോമിലാണ് എൻടോർക് 150 സി.സി മോഡൽ നിർമാണവും. ടി.വി.എസിന്റെ സ്കൂട്ടർ നിരയിലെ ഏറ്റവും വലിയ ഐ.സി.ഇ സ്കൂട്ടറും എൻടോർക് 150 തന്നെയാണ്. ടി.എഫ്.ടി വേരിയന്റ് അനുസരിച്ച് 1.19 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ തുടങ്ങി 1.29 ലക്ഷം രൂപവരെയാണ് ഏറ്റവും ടോപ് മോഡലിന്റെ എക്സ് ഷോറൂം വില വരുന്നത്.
പഴയ എൻടോർക് 125 മോഡലിൽ നിന്നും വ്യത്യസ്തമായി ക്വാഡ് ലാമ്പ് എൽ.ഇ.ഡി പ്രൊജക്ടഡ് ഹെഡ്ലൈറ്റ്, ഇരുവശത്തും ചെറിയ വിങ്‌സ് ലൈറ്റിനോടൊപ്പം ഷാർപ് ടൈൽലൈറ്റും എൻടോർക് 150 മോഡലിന്റെ മുൻവശത്തെ പ്രത്യേകതയാണ്. 149 സി.സി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എൻജിനാണ് എൻടോർക് 150 മോഡലിന്റെ കരുത്ത്. ഇത് 7,000 ആർ.പി.എമിൽ 13.2 എച്ച്.പി പവറും 7,000 ആർ.പി.എമിൽ 14.2 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. എൻടോർക് 125 മോഡലിൽ കമ്പനി ഉൾപ്പെടുത്താതെപോയ 'കിക്ക് സ്റ്റാർട്ട്' ഓപ്ഷനും എൻടോർക് 150 മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻടോർക് 150നിലും 12-ഇഞ്ച് അലോയ് വീൽ ടയറാണ് ടി.വി.എസ് നൽകിയിരിക്കുന്നത്. കൂടാതെ ഈ അലോയ്കളുടെ രൂപകൽപ്പന എൻടോർക് റേസ് എക്സ്.പി, എക്സ്.ടി വേരിയന്റുകളിലും റാഡിക്കൽ-ലുക്കിങ് എക്സ് ഇലക്ട്രിക് സ്കൂട്ടറിലും ഉള്ളതിന് സമാനമാണ്.
സ്ട്രീറ്റ്, റേസിങ് എന്നീ രണ്ട് റൈഡിങ് മോഡലുകളുമായാണ് എൻടോർക് 150 എത്തുന്നത്. ഇതിൽ സ്ട്രീറ്റ് മോഡ് 10.9 എച്ച്.പി പവറും റേസ് മോഡ് 13.2 എച്ച്.പി മാക്സിമം കരുത്തും ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ ട്രാക്ഷൻ കൺട്രോൾ, സിംഗിൾ-ചാനൽ എ.ബി.എസ്, അപ്പാച്ചി ആർ.ടി.ആർ 310 മോട്ടോർസൈക്കിളിന് സമാനമായ 5-ഇഞ്ച് കളർ ടി.എഫ്.ടി ഡിസ്പ്ലേ, 22 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, യു.എസ്.ബി പോർട്ട് എന്നിവയും എൻടോർക് 150 മോഡലിന്റെ ഫീച്ചറുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

