വാഹനങ്ങൾ തീപിടിക്കുന്നതിന്‍റെ കാരണങ്ങൾ കണ്ടെത്തി സർക്കാർ നിയോഗിച്ച സാങ്കേതികസമിതി
text_fieldsആലപ്പുഴ: യാത്രാവേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ തീപിടിക്കുന്നതിന്‍റെ പ്രധാന കാരണം വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളാണെന്ന് സർക്കാർ നിയോഗിച്ച സാങ്കേതികസമിതി. മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ചേർന്ന പ്രഥമ യോഗത്തിലാണ് ഈ വിലയിരുത്തൽ.
വാഹനങ്ങളിലെ ഓൾട്ടറേഷൻ, ഇന്ധനം ഉൾപ്പെടെയുള്ള സ്‌ഫോടക സ്വഭാവമുള്ള വസ്തുക്കൾ കൊണ്ടുപോകൽ, പ്രാണികൾ ഇന്ധനക്കുഴൽ തുരന്ന് ചോർച്ച വരുത്തുന്നത് തുടങ്ങിയ മൂന്നു കാരണങ്ങളാണ് തീപിടിത്തത്തിന് കണ്ടെത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ അപകടം നടന്ന സ്ഥലങ്ങൾ സന്ദർശിക്കും. ഫോറൻസിക് വിദഗ്ധരുടെ സഹായവും തേടും. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഈമാസം 26, 27, 28 തീയതികളിലാണ് പരിശോധന. റോഡ് സുരക്ഷ കമീഷണർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
സംസ്ഥാനത്ത് മൂന്നുവർഷത്തിനിടെ 207 വാഹനത്തിന് തീപിടിച്ച് ആറ് മരണവും നാലുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. കുറഞ്ഞ വിലയുള്ള വാഹനങ്ങൾ വാങ്ങി കൂടുതൽ വിലയുള്ള വാഹനങ്ങളുടെ സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നതാണ് തീപിടിത്തത്തിന് പ്രധാന കാരണം. വിലകുറച്ച് ഇന്ധനം കിട്ടുന്ന സ്ഥലങ്ങളിൽനിന്ന് അവ കൂടുതൽ ശേഖരിച്ച് വാഹനങ്ങളിൽ കൊണ്ടുപോകുന്ന പ്രവണതയും അപകടമുണ്ടാക്കും. പെട്രോളിലെ എഥനോളിനെ ആകർഷിക്കുന്ന ചെറുപ്രാണിയാണ് മറ്റൊന്ന്. ഇന്ധനം കുടിക്കാൻ ഇവ കുഴലിൽ ചോർച്ച വരുത്തുന്നുവെന്നാണ് നിഗമനം. ഇതേക്കുറിച്ചും ശാസ്ത്രീയ പഠനം നടത്തും. അതിനുശേഷം സർക്കാറിന് റിപ്പോർട്ട് നൽകും.
തീപിടിച്ചവയിൽ ഏറെയും പെട്രോൾ വാഹനങ്ങളാണ്. ഇതിൽ ബൈക്കും കാറുമാണ് മുന്നിൽ. ഇലക്ട്രിക് വാഹനങ്ങളുടെ തീപിടിത്തവും സമിതി പഠനവിധേയമാക്കും. ഫോറൻസിക് വിഭാഗം ഡോ. എസ്.പി. സുനിൽ, സാങ്കേതിക വിഗദ്ധൻ ഡോ. കെ.ജെ. രമേശ്, ഡോ. മനോജ് കുമാർ, ഡോ. കമൽ കൃഷ്ണൻ, ട്രാഫിക് ഐ.ജി, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ എന്നിവരടങ്ങിയതാണ് സമിതി. രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.