പുത്തൻ മാറ്റങ്ങളുമായി എത്തുന്ന കിയ സെൽത്തോസിന്റെ വില പ്രഖ്യാപിച്ചു
text_fieldsപുതിയ കിയ സെൽത്തോസ്
കിയ മോട്ടോർ ഇന്ത്യയുടെ ജനപ്രിയ മിഡ്-സൈസ് എസ്.യു.വിയായ സെൽത്തോസിന്റെ രണ്ടാം തലമുറ മോഡലിന്റെ വില പ്രഖ്യാപിച്ചു. ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കിയയുടെ എസ്.യു.വിയാണ് സെൽത്തോസ്. ആകർഷകമായ പുതിയ ഡിസൈനും അത്യാധുനിക ഫീച്ചറുകളുമായാണ് ഇത്തവണ സെൽത്തോസ് എത്തുന്നത്. വാഹനം നേരത്തെ വിപണിയിൽ അവതരിപ്പിച്ചെങ്കിലും വിലയും വകഭേദങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ലായിരുന്നു.
ആധുനിക ഫീച്ചറുകളുമായി നിരത്തുകളിൽ എത്തുന്ന രണ്ടാം തലമുറയിലെ സെൽത്തോസിന്റെ പ്രാരംഭ എക്സ് ഷോറൂം വില 10.99 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന വേരിയന്റിന് 19.99 ലക്ഷം രൂപയും. മൂന്ന് വ്യത്യസ്ത എൻജിൻ കരുത്തിലാണ് പുതിയ സെൽത്തോസ് ലഭ്യമാകുന്നത്. ആദ്യ എൻജിൻ വകഭേദമായ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 115 എച്ച്.പി കരുത്തും 144 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കുന്നു. സെൽത്തോസിന്റെ രണ്ടാമത്തെ കരുത്തുറ്റ എൻജിനാണ് 1.5 ലിറ്റർ ടർബോ-പെട്രോൾ. ഇത് 160 എച്ച്.പി കരുത്തും 253 എൻ.എം മികച്ച ടോർക്കും വാഗ്‌ദാനം ചെയ്യുന്നുണ്ട്. പെട്രോൾ എൻജിൻ കൂടാതെ 1.5 ലിറ്റർ ഡീസൽ എൻജിനും കിയ സെൽത്തോസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ എൻജിൻ 116 എച്ച്.പി കരുത്തും 250 എൻ.എം പീക് ലെവൽ ടോർക്കും നൽകി കൂടുതൽ വേഗത്തിൽ എസ്.യു.വിയെ ചലിപ്പിക്കും. മാനുവൽ (MT), ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (iVT), ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), ഓട്ടോമാറ്റിക് (AT) എന്നിങ്ങനെ വിവിധ ഗിയർബോക്സ് ഓപ്ഷനുകളും സെൽത്തോസിന് ലഭ്യമാണ്.
വേരിയന്റുകളും പ്രത്യേകതകളും
മുഖംമിനുക്കിയെത്തുന്ന സെൽത്തോസിന് HTE, HTK, HTX, GTX എന്നിങ്ങനെ പ്രധാനമായി എട്ട് ട്രിമ്മുകളും 34 വേരിയന്റുകളും കിയ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഗ്രില്ല്, എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഓൾ-ഡിസ്ക് ബ്രേക്കുകൾ എന്നിവ പുതിയ സെൽത്തോസിനെ മുൻഗാമിയേക്കാൾ മികച്ചതാക്കുന്നുണ്ട്.
- HTE & HTE (O): എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ, 12 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർ എ.സി വെന്റുകൾ എന്നിവ അടിസ്ഥാന വേരിയന്റുകളിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. HTE (O) വേരിയന്റിൽ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഡ്രൈവ് മോഡുകൾ എന്നിവയും അധികമായി നൽകിയിട്ടുണ്ട്.
- HTK & HTK (O): HTE & HTE (O) വേരിയന്റുകളിൽ നിന്നും അധികമായി സ്മാർട്ട് കീ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോ-ഫോൾഡ് മിററുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിങ് എന്നിവ ഈ വേരിയന്റുകളുടെ പ്രത്യേകതയാണ്.
- HTX & HTX (A): ബോസ് (Bose) 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ലെവൽ 2 ADAS സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ HTX & HTX (A) ട്രിമ്മുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- GTX & GTX (A): ഏറ്റവും ഉയർന്ന വേരിയന്റായ GTX & GTX (A) ട്രിമ്മിൽ 18 ഇഞ്ച് അലോയ് വീലുകൾ, 21-ഓളം ADAS ഫീച്ചറുകൾ, 10 രീതിയിൽ ക്രമീകരിക്കാവുന്ന ഇലക്ട്രിക് ഡ്രൈവർ സീറ്റ്, 360 ഡിഗ്രി കാമറ എന്നിവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

