തിരിച്ചുവരവിനൊരുങ്ങി ഇതിഹാസം! 2027 മിത്സുബിഷി പജീറോയുടെ ടീസർ പുറത്ത്
text_fieldsഓഫ്‌റോഡ് പ്രേമികളുടെ പ്രിയപ്പെട്ട വാഹനം മിത്സുബിഷി പജീറോ (Mitsubishi Pajero) തിരിച്ചെത്തുന്നു. വാഹനത്തിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ടുകൊണ്ട് മിത്സുബിഷി തന്നെയാണ് സുപ്രധാന വിവരം സ്ഥിരീകരിച്ചത്. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് പജീറോയുടെ തിരിച്ചുവരവ്. ചില വിപണികളിൽ 'മൊണ്ടെറോ' (Montero) എന്ന പേരിലും പജീറോ അറിയപ്പെടും. വടക്കേ അമേരിക്കൻ വിപണിയിലും വാഹനം ലഭ്യമാകും എന്നതിന്റെ സൂചനയാണിത്.
മിത്സുബിഷിയുടെ ട്രൈറ്റൺ (Triton) പിക്കപ്പ് ട്രക്കിന്റെ അതേ ലാഡർ-ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് പുതിയ പജീറോ ഒരുങ്ങുന്നത്. ബോക്സി ഡിസൈനും മസ്കുലർ ഫെൻഡറുകളുമുള്ള വാഹനം ടൊയോട്ട ലാൻഡ് ക്രൂയിസറിനോട് സാമ്യമുള്ളതാണ്. 'ക്രോസ്-കൺട്രി എസ്.യു.വി' എന്നാണ് മിത്സുബിഷി ഇതിനെ വിശേഷിപ്പിക്കുന്നത്.
ടീസറിൽ കാണുന്നത് പോലെ എൽ.ഇ.ഡി ഡേ-ടൈം റണ്ണിങ് ലൈറ്റുകൾ വാഹനത്തിന് കൂടുതൽ ഗാംഭീര്യം നൽകുന്നു. മുൻ തലമുറയെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം ലുക്കും സൗകര്യങ്ങളുമുള്ള ക്യാബിനായിരിക്കും ഇതിലുണ്ടാവുക എന്നാണ് പ്രതീക്ഷ. മികച്ച ഓഫ്-റോഡ് ശേഷിയും ഒപ്പം സുഖകരമായ യാത്രാനുഭവവും ഉറപ്പാക്കുന്ന തരത്തിൽ സസ്പെൻഷൻ സംവിധാനത്തിൽ പ്രത്യേക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഔട്ട്‌ലാൻഡർ (Outlander) മോഡലിന് മുകളിൽ കമ്പനിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായാണ് പജീറോയെ വിപണിയിലെത്തിക്കുന്നത്. 1982ൽ ആരംഭിച്ച പജീറോയുടെ ചരിത്രം ലോകമെമ്പാടുമായി 32.5 ലക്ഷത്തിലധികം യൂനിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. പ്രശസ്തമായ ഡാകാർ റാലിയിലെ 12 വിജയങ്ങളിലൂടെയാണ് പജീറോ വാഹനലോകത്ത് തന്റെ ഇതിഹാസ തുല്യമായ സ്ഥാനം ഉറപ്പിച്ചത്. 2026ൽ തന്നെ വാഹനം ഔദ്യോഗികമായി പുറത്തിറക്കാനാണ് മിത്സുബിഷിയുടെ പദ്ധതി. പജീറോയുടെ തിരിച്ചുവരവിനായി വലിയ ആവേശത്തോടെയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

