ജീവനെടുക്കുന്ന അപകടകാരിയായി ടെസ്‌ലയുടെ ഡോർ ഹാൻഡിലുകൾ; പുനഃർ രൂപകൽപനക്കു സാധ്യത
text_fieldsഫ്യൂചറിസ്റ്റിക് കാർ പ്രേമികളുടെ ഇടയിൽ വൻ ജനപ്രീതിയാണ് ടെസ്‍ലക്കുള്ളത്. എന്നാൽ, അതിന്റെ ഹാൻഡിലുകൾ ആണ് ഇപ്പോൾ വാർത്തയിൽ ഇടംപിടിച്ചിരിക്കുന്നത്. ടെസ്‌ലയുടെ ഡോർ ഹാൻഡിലുകൾ അപകടകരവും അതിന്റെ രൂപകൽപന അവബോധമില്ലാത്തതുമാണെന്നതാണ് അത്. വർഷങ്ങളായി ഉപഭോക്താക്കൾ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിരവധി നെഗറ്റീവ് റിപ്പോർട്ടുകൾക്ക് ശേഷം കമ്പനി ഒടുവിൽ ഈ വിഷയം പരിഗണിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഈ മാസം 10ന് ബ്ലൂംബെർഗ് ടെസ്‌ലയുടെ പ്രശ്നകരമായ ഡോർ ഹാൻഡിലുകളെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ 2018 മുതൽ ടെസ്‌ലയുടെ വാതിലുകൾ കുടുങ്ങിപ്പോകുകയോ, തുറക്കാതിരിക്കുകയോ, അല്ലെങ്കിൽ തകരാറിലാകുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 140ലധികം ഉപഭോക്തൃ പരാതികൾ കണ്ടെത്തി. കത്തുന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാർക്ക് അകത്തുനിന്ന് വാതിലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യങ്ങൾ നിരവധിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ബ്ലൂംബർഗ് റിപ്പോർട്ട് വന്ന് ദിസവങ്ങൾക്കുള്ളിൽ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ടെസ്‌ലയുടെ ഡോർ-ഓപ്പണിംഗ് മെക്കാനിസങ്ങളെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. മോഡൽ ‘വൈ’ ഉടമകളിൽ നിന്നുള്ള സമാനമായ ഒമ്പത് പരാതികൾ അവർ ഉദ്ദരിച്ചു. ഇതെത്തുടർന്ന്, പരിഭ്രാന്തിയിലുള്ള സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് എളുപ്പമാക്കുന്നതിന് കമ്പനി അതിന്റെ ഡോർ ഓപ്പണിങ് മെക്കാനിസം പുനഃർ രൂപകൽപന ചെയ്യുന്നതിൽ സജീവമായി പ്രവർത്തിച്ചുവരുന്നതായി ടെസ്‌ല ഡിസൈൻ മേധാവി ഫ്രാൻസ് വോൺ അറിയിച്ചു.
എന്താണ് പ്രശ്നം?
ടെസ്‌ലയുടെ വാതിലുകളുടെ പ്രശ്നം അടിസ്ഥാനപരമായ ഒരു ഡിസൈൻ പിഴവിലേക്കാണ് വിരൽ ചൂണ്ടുന്നത്. കമ്പനിയുടെ വാഹനങ്ങളുടെ ഉള്ളിൽ ഇലക്ട്രോണിക്-മെക്കാനിക്കൽ ഡോർ ഓപ്പണിങ് സംവിധാനങ്ങൾ പൂർണ്ണമായും വെവ്വേറെയാണ്. അതായത് യാത്രക്കാർ വാതിലുകൾ തുറക്കാൻ ഒരു ഇലക്ട്രോണിക് ബട്ടൺ അമർത്തണം. എന്നാൽ, ഏതെങ്കിലും കാരണത്താൽ ഇലക്ട്രോണിക് സിസ്റ്റം പ്രവർത്തനരഹിതമാണെങ്കിൽ പകരം മെക്കാനിക്കൽ റിലീസ് സിസ്റ്റത്തെ ആശ്രയിക്കേണ്ടിവരും. അതാവട്ടെ വാഹനത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു ഭാഗത്താണുള്ളത്. അടിയന്തര സാഹചര്യത്തിൽ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണിത്.
ഹാൻഡിലുകൾ ഉൾപ്പെടുന്ന ടെസ്‌ലയുടെ ഡോർ നിർമാണം, അതിന്റെ അവബോധമില്ലാത്ത രൂപകൽപനക്കും ശൈത്യ അന്തരീക്ഷത്തിൽ പൂർണ്ണമായും മരവിക്കാനുള്ള പ്രവണതക്കും ഏറെക്കാലമായി വിമർശനങ്ങൾ നേരിടുന്നുണ്ട്. അടുത്തിടെ കൂടുതൽ ആശങ്കാജനകമായ റിപ്പോർട്ടുകളും വന്നു.
അതിലൊന്നായലരുന്നു 2024 ഒക്ടോബർ 24നുണ്ടായത്. ടൊറന്റോയിലെ ലേക്ക് ഷോർ ബൊളിവാർഡിൽ വാഹനം ഇടിച്ച് തീപിടിച്ചതിനെ തുടർന്ന് ടെസ്‌ല മോഡൽ ‘വൈ’യിൽ നാല് യുവാക്കൾ വെന്തുമരിച്ചു. അപകടത്തെത്തുടർന്ന് കാറിന്റെ ഇലക്ട്രോണിക് ഓപ്പണിങ് മെക്കാനിസം പ്രവർത്തിക്കുന്നത് നിലച്ചുവെന്നും യാത്രക്കാർക്ക് വാഹനത്തിൽ നിന്ന് പുറത്തുകടക്കാനായില്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

