ബി.വൈ.ഡിക്ക് പിന്നാലെ ടെസ്‌ലയും; ബാറ്ററി തകരാർ മൂലം 13,000 യു.എസ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു
text_fieldsഅമേരിക്കൻ ഇലക്ട്രിക് ഭീമന്മാരായ ടെസ്‌ല അവരുടെ 13,000 മോഡൽ 3 വാഹനങ്ങൾ തിരിച്ചു വിളിക്കാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മോഡൽ 3 വേരിയന്റിലെ ബാറ്ററി തകരാറാണ് തിരിച്ചുവിളിക്കുന്നതിന് ഔദ്യോഗിക കാരണമായി ടെസ്‌ല പറയുന്നത്. നേരത്തെ ചൈനീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ ബി.വൈ.ഡിയും അവരുടെ ടാങ്, യുവാൻ പ്രൊ സീരിസിലെ 1,15,000 വാഹനങ്ങൾ തിരിച്ചു വിളിക്കുന്നുണ്ട്. ഈ വാഹനങ്ങൾ ബാറ്ററിയിലെ സാങ്കേതിക തകരാറും ഡിസൈനിലെ പോരായ്മയും ചൂണ്ടിക്കാട്ടിയാണ് തിരിച്ചുവിളിക്കുന്നത്.
അമേരിക്കയിൽ തന്നെ നിർമിച്ച മോഡൽ 3 കാറുകളാണ് കമ്പനി തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നത്. ബാറ്ററി കണക്ഷനിലെ തകർമൂലം ഉടമകൾക്ക് അവരുടെ യാത്രകൾ പൂർത്തീകരിക്കാൻ സാധിക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നാണ് കമ്പനിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു നീക്കം. യു.എസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനാണ് (എൻ.എച്ച്.ടി.എസ്.എ) ഈ വിവരം ഔദ്യോഗികമായി പങ്കുവെച്ചത്.
2025വരെ ടെസ്‌ല നിർമിച്ച വാഹനങ്ങളിൽ തകരാർ റിപ്പോർട്ട് ചെയ്ത മോഡൽ 3 സീരിസിലെ വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. എൻ.എച്ച്.ടി.എസ്.എ പറയുന്നതനുസരിച്ച് ബാറ്ററി തകരാർ സംഭവിക്കുന്ന വാഹനങ്ങൾ വ്യാപകമായി അപകടത്തിൽപെടുന്നുണ്ട്. ഇത് പരിഹരിക്കേണ്ടത് നിർമാതാക്കൾ എന്ന നിലയിൽ ടെസ്‌ലയുടെ ഉത്തരവാതിത്വമാണ്.
തിരിച്ചുവിളിച്ച വാഹനങ്ങളുടെ ബാറ്ററി തകരാർ സൗജന്യമായി പരിഹരിച്ച് ഉടമകൾക്ക് കൈമാറുമെന്ന് കമ്പനി അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ഡിസംബർ ഒമ്പതിനകം ഉടമകൾക്ക് ലഭിക്കുമെന്നും ടെസ്‌ല പറഞ്ഞു. 'മോഡൽ 3' കൂടാതെ ഏതാനം 'മോഡൽ വൈ' വാഹനങ്ങളും ബാറ്ററി തകരാർ മൂലം തിരിച്ചുവിളിക്കുന്നുണ്ട്. ഇന്ത്യയിൽ രണ്ടുമാസം മുമ്പ് ടെസ്‌ല മോഡൽ വൈ വാഹനം അവതരിപ്പിച്ചിട്ടിരുന്നു. മോഡൽ 3ക്ക് 39,990 യു.എസ് ഡോളറും (ഏകദേശം 35 ലക്ഷം രൂപ) മോഡൽ വൈക്ക് 36,990 യു.എസ് ഡോളറുമാണ് (ഏകദേശം 32 ലക്ഷം രൂപ) എക്സ് ഷോറൂം വില. മത്സരാധിഷ്ഠിത ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

