വിപണി പിടിക്കാൻ പുതിയ തന്ത്രവുമായി ടെസ്‌ല; ഉപഭോക്താക്കൾക്കായി 'സ്വിച്ച് ആൻഡ് സേവ്' പ്രഖ്യാപിച്ചു
text_fieldsടെസ്‌ല മോഡൽ വൈ
മുംബൈ: അമേരിക്കയിലെ ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ല, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 'സ്വിച്ച് ആൻഡ് സേവ്' പ്രോഗ്രാം പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ കാറുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ ടെസ്‌ല 'മോഡൽ വൈ' വാങ്ങുന്നവർക്ക് 3 ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ഇൻസെന്റീവ് ആണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
വെറും 6 ലക്ഷം രൂപ മുൻകൂർ അടച്ച് (Down Payment) പ്രതിമാസം 49,000 രൂപ മുതലുള്ള ഇ.എം.ഐയിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാം. പെട്രോൾ/ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇന്ധനച്ചെലവിലും വാഹനം പരിപാലിക്കുന്നതിലും മാസം 20,000 രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. ഇതോടെ കാറിന്റെ ഫലപ്രദമായ പ്രതിമാസ ചെലവ് 29,000 രൂപയായി കുറയും. വീട്ടിൽ ചാർജ് ചെയ്യുന്നതിനായി സൗജന്യ വാൾ കണക്റ്ററും കമ്പനി പുതിയ ഉപഭോക്താക്കൾക്കായി നൽകും. ഇതുവഴി ഒരു കിലോമീറ്ററിന് ഏകദേശം 1 രൂപ മാത്രമായിരിക്കും യാത്രാച്ചെലവ്.
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായ ടെസ്‌ല മോഡൽ വൈ, യൂറോ എൻ.സി.എ.പി (ക്രാഷ് ടെസ്റ്റ്), ഐ.ഐ.എച്ച്.എസ് തുടങ്ങിയ ഏജൻസികളുടെ മികച്ച സുരക്ഷാ റേറ്റിങ് നേടിയിട്ടുണ്ട്. കൂടാതെ ഒറ്റത്തവണ ചാർജ് ചെയ്താൽ 661 കിലോമീറ്റർ (WLTP) വരെ സഞ്ചരിക്കാനും ടെസ്‌ലയുടെ മോഡൽ വൈയിൽ സാധിക്കും. ഇതോടൊപ്പം 2,130 ലിറ്ററിലധികം കാർഗോ കപ്പാസിറ്റിയും ഈ എസ്.യു.വി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലാണ് മോഡൽ വൈ ലഭ്യമാകുന്നത്. 59.89 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന റിയർ-വീൽ ഡ്രൈവ് ഒറ്റ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 67.89 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന ലോങ്ങ് റേഞ്ച് റിയർ-വീൽ ഡ്രൈവ് വകഭേദമാണ് ഒറ്റ ചാർജിൽ 661 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നത്. മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ടെസ്‌ല എക്സ്പീരിയൻസ് സെന്ററുകൾ വഴി ഉപഭോക്താക്കൾക്ക് ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യാവുന്നതാണ്. ടെസ്‌ലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്കിങും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

