ചൈനക്ക് ഞങ്ങളെ വേണ്ടെങ്കിൽ ഞങ്ങൾക്ക് ചൈനയെയും വേണ്ട; ഇലക്ട്രിക് വാഹന ബാറ്ററി നിർമാണത്തിൽ ദക്ഷിണ കൊറിയക്ക് കൈകൊടുത്ത് ടെസ്‌ല
text_fieldsന്യൂഡൽഹി: അമേരിക്കൻ ഇലക്ട്രിക് ഭീമന്മാരായ ടെസ്‌ല മോട്ടോർസ് ദക്ഷിണ കൊറിയൻ കമ്പനിയായ എൽ.ജി എനർജി സൊല്യൂഷനുമായി 4.3 ബില്യൺ ബാറ്ററി നിർമാണ കരാറിൽ ഒപ്പുവെച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിൽ ഏറ്റവും മുമ്പിലുള്ള ചൈനയെ ആശ്രയിക്കുന്നത് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്‌ലയുടെ ഈ പുതിയ നീക്കം. ടെസ്‌ല മോട്ടോഴ്സിന്റെ ഇലക്ട്രിക് കാറുകൾക്ക് ചൈനീസ് വിപണിയിൽ വലിയ വിൽപ്പന ഇടിവാണ് ഈ വർഷം നേരിട്ടത്. കൂടാതെ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ബാറ്ററികൾക്ക് യു.എസ് ഉയർന്ന നികുതി ചുമത്തുന്നതിനാൽ വിപണിയിൽ പിടിച്ചുനിൽക്കാൻ ടെസ്‌ല ബുദ്ധിമുട്ടുകയാണ്.
ചൈനീസ് വാഹനനിർമാണ കമ്പനിയായ ബി.വൈ.ഡി, വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചതോടെ ടെസ്‌ല വിപണിയിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇന്ത്യയിൽ ടെസ്‌ല അവരുടെ ഷോറൂം തുറന്നെങ്കിലും നിർമാണം ഉണ്ടാകില്ലെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ച മോഡൽ വൈ കാറുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്‌താണ് രാജ്യത്ത് വിൽപ്പന നടത്തുന്നത്.
2027 ആഗസ്റ്റ് മുതൽ 2030 ജൂലൈ വരെയുള്ള മൂന്ന് വർഷത്തെ കരാറിലാണ് ടെസ്‌ലയും എൽ.ജിയും ഒപ്പുവെച്ചത്. എന്നിരുന്നാലും വിതരണ കാലയളവ് ഏഴ് വർഷം വരെ നീട്ടാനും ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് വോളിയം വർധിപ്പിക്കാനുമുള്ള ഓപ്ഷനും കരാറിൽ ഉൾപ്പെടുന്നുണ്ട്. ഇത് പ്രകാരം യു.എസ് ഫാക്ടറിയിൽ നിന്ന് ഊർജ്ജ സംഭരണ സംവിധാനങ്ങൾക്കായി എൽ.ജി.ഇ.എസ് ടെസ്‌ലക്ക് ലിഥിയം ഇരുമ്പ് ഫോസ്‌ഫേറ്റ് (എൽ.എഫ്.പി) ബാറ്ററികൾ നൽകും. എൽ.എഫ്.പി ബാറ്ററി കരാർ കൂടാതെ അടുത്തിടെ ടെസ്‌ല സാംസങ് ഇലക്ട്രോണിക്സുമായി 16.5 ബില്യൺ ഡോളറിന്റെ ചിപ്പ് വിതരണ കരാറിൽ ഏർപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

