ടെസ്‌ലയുടെ ഇന്ത്യൻ മേധാവി രാജിവെച്ചു; ചൈനീസ് സംഘം ചുമതലയേൽക്കും
text_fieldsന്യൂയോർക്ക്: ഇലക്ട്രിക് വാഹന ഭീമനായ ‘ടെസ്‌ല’ ഇന്ത്യയിൽ ഏറെക്കാലമായി കാത്തിരുന്ന അരങ്ങേറ്റത്തിന് തയ്യാറെടുക്കുമ്പോൾ കമ്പനിയുടെ ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം രാജിവച്ചതെന്ന് ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തു.
മുംബൈ, ഡൽഹി എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ ടെസ്‌ല റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനുള്ള പദ്ധതികളുടെ അവസാനവട്ട മിനുക്കുപണികൾ നടക്കുന്ന നിർണായക വേളയിലാണ് മേനോന്റെ രാജി. ഇന്ത്യയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ഇനി ടെസ്‌ലയുടെ ചൈനീസ് സംഘം മേൽനോട്ടം വഹിക്കുമെന്ന് ബ്ലൂംബെർഗ് പറയുന്നു. ഇന്ത്യൻ വൃത്തങ്ങളെ അമ്പരപ്പിക്കുന്ന ഒരു നീക്കമാവും ഇത്. ഇന്ത്യയിൽനിന്ന് നേതൃത്വത്തിലേക്ക് പകരക്കാരനെ നിയമിച്ചിട്ടില്ല.
ടെസ്‌ല ഇന്ത്യയുടെ ചെയർമാനായി സേവനമനുഷ്ഠിക്കുകയും നാലു വർഷത്തിലേറെയായി രാജ്യത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത മേനോൻ, ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോ വിപണിയായ ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ പ്രവേശനത്തിന് അടിത്തറ പാകുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2021ൽ പുണെയിൽ പ്രാദേശിക ഓഫിസ് സ്ഥാപിച്ചതുമുതൽ ഇലക്ട്രിക് വാഹന ഭീമന്റെ ഇന്ത്യയിലെ മുന്നേറ്റത്തിന്റെ മുഖമായി മേനോനെ കണക്കാക്കി. ഒമ്പതു വർഷത്തോളം വിവിധ തലങ്ങളിൽ ടെസ്‌ലക്കായി മേനോൻ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയും അമേരിക്കയും വാഹനങ്ങൾക്ക് വൻതോതിലുള്ള ഇറക്കുമതി തീരുവ കുറക്കാൻ കഴിയുന്ന ഒരു ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്ന നിർണായക സമയത്താണ് മേനോന്റെ രാജി. വിദേശ കാറുകൾക്ക് 110 ശതമാനം വരെയുള്ള ഇന്ത്യയിലെ നിലവിലെ ഇറക്കുമതി നികുതി ടെസ്‌ലക്കു മുന്നിലെ ഒരു പ്രധാന തടസ്സമാണ്.
വർഷത്തിന്റെ മൂന്നാം പാദത്തോടെ മുംബൈ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ ടെസ്‌ലയുടെ വിൽപന ആരംഭിക്കുമെന്ന് കരുതുന്നു. വർഷാവസാനത്തോടെ ആയിരക്കണക്കിന് കാറുകൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതികളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

