വില വർധിപ്പിക്കാതെ റേഞ്ച് വർധിപ്പിച്ച് ടെസ്‌ല; 'മോഡൽ വൈ' ഇനി കൂടുതൽ സഞ്ചരിക്കും
text_fieldsടെസ്‌ല മോഡൽ വൈ
അമേരിക്കൻ വാഹനനിർമാതാക്കളായ ടെസ്‌ലയുടെ 'മോഡൽ വൈ' വാഹനത്തിന് ഇനി കൂടുതൽ റേഞ്ച് ലഭിക്കും. ഇന്ത്യ-സ്പെക് മോഡൽ വൈ ലോങ്ങ് റേഞ്ച് റിയർ-വീൽ ഡ്രൈവ് മോഡലിലാണ് ലളിതമായൊരു അപ്ഗ്രേഡ് ടെസ്‌ല നടത്തിയത്. ഇതോടെ 39 കിലോമീറ്റർ അധിക റേഞ്ചോടെ 661 കിലോമീറ്റർ സഞ്ചരിക്കാൻ മോഡൽ വൈ പ്രാപ്തമായെന്ന് ടെസ്‌ല അവകാശപ്പെടുന്നുണ്ട്.
ടെസ്‌ല മോഡൽ വൈ വകഭേദത്തിലെ ലോങ്ങ് റേഞ്ച് റിയർ-വീൽ ഡ്രൈവ് മോഡലിലാണ് കമ്പനി ഇത്തരത്തിലുള്ളൊരു അപ്ഗ്രേഡ് നടത്തിയത്. ആദ്യം 78.1kWh ബാറ്ററി പാക്കിൽ വിപണിയിലെത്തിയ വാഹനം പുതിയ അപ്‌ഗ്രേഡിലൂടെ 84.2 kWh ബാറ്ററി പാക്കിന്റെ വലിയ ഓപ്ഷനിലേക്കെത്തി. എന്നാൽ സ്റ്റാൻഡേർഡ് റിയർ-വീൽ ഡ്രൈവിൽ പഴയ 64kWh ബാറ്ററി ഓപ്ഷൻ അതേപടി ടെസ്‌ല നിലനിർത്തിയിട്ടുണ്ട്. ഇത് ഒറ്റചാർജിൽ 500 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു.
2025 ജൂലൈ മാസത്തിൽ വിപണിയിലേക്ക് പ്രവേശിച്ച ടെസ്‌ല മോഡൽ വൈ സ്റ്റാൻഡേർഡ് റിയർ-വീൽ ഡ്രൈവ്, ലോങ്ങ് റേഞ്ച് റിയർ-വീൽ ഡ്രൈവ് എന്നീ രണ്ട് ട്രിമ്മിലാണ് എത്തുന്നത്. രണ്ട് മോഡലുകളുടെയും മോട്ടോറുകളും റിയർ-ആക്സിൽ സജ്ജീകരിച്ചിരിക്കുന്നതിനാൽ 0–100 കിലോമീറ്റർ സഞ്ചരിക്കാൻ 5.6 സെക്കൻഡുകൾ മാത്രമാണ് വാഹനമെടുക്കുന്നത്.
അപ്ഗ്രേഡ് നടത്തിയതിന് ശേഷവും കമ്പനി ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത് വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നതുകൊണ്ടാണ്. സ്റ്റാൻഡേർഡ് റിയർ-വീൽ ഡ്രൈവിന് 59.89 ലക്ഷം രൂപയും ലോങ്ങ് റേഞ്ച് റിയർ-വീൽ ഡ്രൈവിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. രണ്ട് വകഭേദങ്ങളിലും സിംഗിൾ-മോട്ടോർ സജ്ജീകരണമാണ്. അതിനാൽ തന്നെ ഇരു മോഡലുകളുടെയും ഉയർന്ന വേഗത 201kmph ആണ്. ടെസ്‌ലയുടെ ഡിസി സൂപ്പർ ഫാസ്റ്റ് ചാർജിങ് ടെക്നോളജി ഉപയോഗിച്ച് റാപിഡ് ചാർജിങ് ചെയ്യുമ്പോൾ ലോങ്ങ് റേഞ്ച് വേരിയന്റ് 15 മിനുട്ടുകൊണ്ട് 267 കിലോമീറ്റർ സഞ്ചരിക്കാനും സ്റ്റാൻഡേർഡ് വേരിയന്റ് 238 കിലോമീറ്റർ സഞ്ചരിക്കാനും വാഹനത്തെ പ്രാപ്തമാകുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. ഉപഭോക്താക്കളുടെ താൽപര്യപ്രകാരം അഡ്വാൻസ്ഡ് ഫുൾ സെൽഫ്-ഡ്രൈവിങ് (FSD) സ്യൂട്ട് ആറ് ലക്ഷം രൂപ അധികം നൽകിയാൽ വൈ മോഡലിൽ സജ്ജീകരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

