വീടിന്‍റെ മതിൽ ഇടിച്ചുതകർത്ത് സ്വിമ്മിങ്ങ് പൂളിലേക്ക് പതിച്ച് ടെസ്‌ല ഇ.വി- വിഡിയോ
text_fieldsകഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്‌ല ഇലക്ട്രിക് കാറുകൾ തലക്കെട്ടുകളിൽ നിറയുന്നത് വിവിധ അപകടങ്ങളെ തുടർന്നാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വിമ്മിങ്ങ് പൂളിനുള്ളിൽ അപകടത്തിൽപ്പെട്ട് കിടക്കുന്ന ടെസ്‌ല ഇവിയുടെ വിഡിയോ സഹിതമുള്ള വാർത്തയാണ് ഒടുവിലായി പുറത്തുവന്നിരിക്കുന്നത്.
അമേരിക്കയിലെ അരിസോണയിലാണ് സംഭവം. റോഡിലൂടെ പോകവെ വീടിന്‍റെ മതിൽ ഇടിച്ച് തകർത്തശേഷം പൂളിലേക്ക് കൂപ്പുകുത്തുകയായിരുന്നു കാർ എന്നാണ് റിപ്പോർട്ട്. 'അരിസോണാസ്' ഫാമിലി എന്ന ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ക്രെയിൻ ഉപയോഗിച്ച് പൂളിൽ നിന്നു കാർ പുറത്തെടുക്കുന്നതും സമീപത്തെ തകർന്ന മതിലും വിഡിയോയിൽ കാണാം.
കാറിന്‍റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. എന്നാൽ ഡ്രൈവറുടെ പരിക്ക് നിസാരമാണെന്നാണ് വിവരം. കാറിൽ മറ്റ് യാത്രക്കാരുണ്ടായിരുന്നില്ലെന്നും അപകട കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറുടെ പിഴവാണോ അതോ കാറിന്‍റെ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് വ്യക്തമായിട്ടില്ല.
വലിയ സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടാണ് താൻ ഉറക്കത്തിൽ നിന്നു എഴുന്നേറ്റതെന്ന് വീട്ടുടമസ്ഥൻ ജോ പാപ്പിനോ പറഞ്ഞു. മറ്റൊരു കാറുമായുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെട്ടിച്ചുമാറ്റിയതാണ് അപകട കാരണം എന്നാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

