നിലമ്പൂരിന് റോൾസ് റോയ്സ് കാറുമായി ഒരു ബന്ധമുണ്ട്; ഏറെ പഴക്കമുള്ളതും ദൃഢവുമായ ബന്ധം
text_fieldsനിലമ്പൂർ: ലോക മലയാളികളുടെ രാഷ്ട്രീയ വർത്തമാനങ്ങളിൽ നിറയുന്നത് നിലമ്പൂർ വിശേഷങ്ങളാണ്. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെ വിജയ സാധ്യത അവലോകനങ്ങൾക്കൊപ്പം നിലമ്പൂർ എന്ന പ്രദേശത്തിന്റെ മഹിത പാരമ്പര്യവും ചർച്ചയാവുന്നുണ്ട്.
നിലമ്പൂരിലെ കൊണോലി സായിപ്പിന്റെ തോട്ടത്തിൽ തഴച്ചുവളർന്ന കാതലുറച്ച തേക്കിൻ ഉരുപ്പടികൾ കപ്പലുകയറി പോകുന്നത് ഒരു പുതിയ കഥയൊന്നുമല്ല. ടൈറ്റാനിക്ക് കപ്പൽ തൊട്ട് റോൾസ് റോയ്സ് കാറ് വരെ നിർമാണത്തിനായി ഉപയോഗിച്ചത് നിലമ്പൂരിലെ സ്വർണ നിറമുള്ള തേക്കാണെന്നത് കേൾക്കുന്നത് നിലമ്പൂർക്കാർക്ക് മാത്രമല്ല മലയാളികൾക്ക് തന്നെ അഭിമാനിക്കാൻ വകുപ്പുള്ള ഒന്നാണ്.
റോള്‍സ് റോയ്സിന്‍റെ ഗോസ്റ്റിന് പുതിയ കസ്റ്റമൈസ്‍ഡ് പതിപ്പിറങ്ങിയപ്പോഴും നിലമ്പൂര്‍ തേക്കിന്‍ തടി കൊണ്ടാണ് ഇന്‍റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്. ഉരുനിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരും മറ്റുമടങ്ങിയ മരപ്പണിക്കാരെയാണ് കസ്റ്റമൈസേഷനു വേണ്ടി റോള്‍സ് റോയ്സ് ഉപയോഗിക്കുന്നത്.
ഒരുകാർ നിർമിക്കാൻ ഒരു തേക്കിൻമരം മാത്രമാണ് ഉപയോഗിക്കുക. ഡിസൈനിലോ നിറത്തിലോ മാറ്റം വരാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഉപയോഗിക്കുന്നത്.
1840 ല്‍ അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ഹെന്‍ട്രി വാലന്റൈന്‍ കനോലിയാണ് ആദ്യമായി തേക്ക് മരങ്ങള്‍ വെച്ചു പിടിപ്പിച്ചത്. ഇത് കനോലി പ്ലോട്ട് എന്ന പേരില്‍ പ്രശസ്തമായി. ഈ പ്ലോട്ടിലാണ് കൂടുതല്‍ വണ്ണവും ഉയരവുമുള്ള മരങ്ങളുള്ളത്. ഇവ പ്രത്യേകമായി സംരക്ഷിച്ചു വരുന്നുണ്ട്. പിന്നീടുള്ള കാലങ്ങളില്ലെല്ലാം ഏറെ ശ്രദ്ധയോടെ ഇവിടെ പുതിയ പ്ലോട്ടുകള്‍ വികസിപ്പിച്ചു.
കേരള സര്‍ക്കാരിന്റെ വനം വകുപ്പിന് കീഴില്‍ ഇപ്പോഴും ശാസ്ത്രീയമായ തേക്ക് വളര്‍ത്തല്‍ നടന്നു വരുന്നു. ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടമാണ് നിലമ്പൂരിലെ കനോലി പ്ലോട്ട്. 2017 ൽ നിലമ്പൂർ തേക്കിന് ഭൌമ സൂചികാ പദവി (ജി ഐ ടാഗ്) ലഭിച്ചു. ഇതോടെ നിലമ്പൂർ തേക്കിന്റെ സുവർണ്ണ കാലത്തിന് വീണ്ടും പ്രചാരമേറുകയായിരുന്നു. ലോകത്തിലെ തന്നെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നതും നിലമ്പൂരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

