ഹ്യൂണ്ടായ് ക്രെറ്റക്ക് ഒത്ത എതിരാളി, അതും ഇന്ത്യൻ നിർമിതം; ടാറ്റയുടെ ഏറ്റവും പുതിയ ഹാരിയർ ഇ.വി ജൂൺ 3ന് പുറത്തിറങ്ങും
text_fieldsടാറ്റ ഹാരിയർ ഇ.വി
മുംബൈ: ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ പരീക്ഷണവുമായി ടാറ്റ മോട്ടോർസ്. ടാറ്റയുടെ എക്കാലത്തെയും മികച്ച എസ്.യു.വിയായ ഹാരിയറിന്റെ വൈദ്യുത വകഭേദം പുറത്തിറക്കാനൊരുങ്ങി ടാറ്റ. ജൂൺ 3നാണ് ഹാരിയറിന്റെ ഇലക്ട്രിക് വകഭേദം പുറത്തിറങ്ങുന്നത്. 2025ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലായിരുന്നു ഹാരിയർ ഇ.വി ആദ്യമായി പ്രദർശിപ്പിച്ചത്. ഇത് ഹ്യൂണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്സ്.ഇ.വി 9ഇ പോലുള്ള ഇ.വി മോഡലുകൾക്ക് ശക്തമായ വെല്ലുവിളിയായിട്ടാണ് ടാറ്റ ഹാരിയർ എത്തുന്നത്.
പവർ കാര്യക്ഷമത കണക്കിലെടുത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹാരിയർ ഇ.വിയിൽ ഡ്യുവൽ-മോട്ടോർ സജ്ജീകരണമുണ്ട്. ഇത് ക്വാഡ്-വീൽ-ഡ്രൈവ് (ഫോർ വീൽ ഡ്രൈവ്) നൽകുന്നതോടൊപ്പം 500 എൻ.എം പീക്ക് ടോർക്കും ഉത്പാതിപ്പിക്കും. ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ യഥാർത്ഥ ഡ്രൈവിങ് റേഞ്ചാണ് ഈ എസ്.യു.വി ലക്ഷ്യമിടുന്നതെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (ടി.പി.ഇ.എം) ചീഫ് കൊമേർഷ്യൽ ഓഫീസർ വിവേക് ശ്രീവാസ്തവ പറഞ്ഞു. ഇത് ദീർഘദൂര യാത്രകൾക്കുള്ള റേഞ്ച് ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കുന്നു. കൂടാതെ ജാഗ്വാർ ലാൻഡ് റോവറുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത മോണോകോക്ക് ചേസിസിൽ നിർമ്മിച്ച ഹാരിയർ ഇ.വി കൂടുതൽ ശക്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുത വാഹന വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചാർജ് പോയിന്റ് ഓപ്പറേറ്റർ (സി.പി.ഒ), ഓയിൽ മാർക്കറ്റിങ് കമ്പനി (ഒ.എം.സി) എന്നിവയുമായി സഹകരിച്ച് 2027 ആകുമ്പോഴേക്കും 4,00,000 പൊതു ചാർജിങ് യൂണിറ്റുകൾ നിർമ്മിക്കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്.
2020ൽ നെക്‌സോൺ ഇ.വി പുറത്തിറക്കിയതിന് ശേഷം 2,00,000ത്തിലധികം വാഹനങ്ങൾ വിൽപ്പന നടത്തി ഇലക്ട്രിക് വാഹന മേഖലയിൽ മേധാവിത്വം തുടരുകയാണ് ടാറ്റ. വരാനിരിക്കുന്ന സിയറ ഇ.വിയും ഇലക്ട്രിക് നിരയിലെ ടാറ്റയുടെ മറ്റൊരു പ്രതീക്ഷയാണ്. ടിയാഗോ ഇ.വി, ടൈഗോർ ഇ.വി, പഞ്ച് ഇ.വി, നെക്‌സോൺ ഇ.വി, കർവ് ഇ.വി എന്നിവയാണ് ടാറ്റ നിരയിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

