ത്രസിപ്പിക്കുന്ന ക്രാഷ് ടെസ്റ്റുമായി ടാറ്റ; ട്രക്കുമായി കൂട്ടിയിടിപ്പിച്ച പഞ്ചിന് 5 സ്റ്റാർ സുരക്ഷ!
text_fieldsടാറ്റ പഞ്ച് ക്രാഷ് ടെസ്റ്റ് നടത്തുന്ന ചിത്രം
ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹനനിരയിൽ പരിഷ്‌ക്കരിച്ചെത്തിയ മൈക്രോ എസ്.യു.വിയായ പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് വിഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. നേരത്തെ ഐതിഹാസിക എസ്.യു.വിയായ സിയേറയുടെ ക്രാഷ് ടെസ്റ്റ് ടാറ്റ നടത്തിയത് സിയേറയുമായി തന്നെ കൂട്ടിയിടിച്ചാണെങ്കിൽ ഇത്തവണ പഞ്ചിന്റെ ടെസ്റ്റ് നടന്നത് ടാറ്റയുടെ തന്നെ ട്രക്കുമായി കൂട്ടിയിടിച്ചാണ്. സ്റ്റേഷണറി ടാറ്റ എൽ.പി.ടി (ലോംങ് പ്ലാറ്റ്‌ഫോം ട്രക്ക്) മോഡൽ ഉപയോഗിച്ചാണ് പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് നടത്തിയത്.
കാരമൽ ഷേഡിലുള്ള ടാറ്റ പഞ്ചാണ് ക്രാഷ് ടെസ്റ്റിനായി സജ്ജീകരിച്ചിരുന്നത്. വാഹനത്തിൽ ടെസ്റ്റ് ഡമ്മികളെ ശ്രദ്ധാപൂർവ്വം സ്ഥാപിക്കുകയും കാലിബ്രേറ്റ് ചെയ്യുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. സിസ്റ്റങ്ങൾ കോൺഫിഗർ ചെയ്ത ശേഷം വാഹനം നേരിട്ട് ഒരു നിശ്ചല ട്രക്കിലേക്ക് ഇടിച്ചു കയറ്റുന്ന വിഡിയോയാണ് ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
യഥാർത്ഥ മനുഷ്യന്റെ ഭാരം വഹിക്കുന്ന നാല് ഡമ്മികൾ വാഹനത്തിന്റെ ഉള്ളിൽ സജ്ജീകരിച്ച് ഏകദേശം 50 km/h സ്പീഡിലാണ് എസ്.യു.വിയെ ട്രക്കിലേക്ക് ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ എയർബാഗുകൾ റിലീസ് ആകുന്നത് വിഡിയോയിൽ കാണാം. അതോടൊപ്പം ട്രക്ക് കുറച്ച് പിന്നിലോട്ടും ചലിക്കുന്നുമുണ്ട്. ഇത് എസ്.യു.വിയുടെ കരുത്ത് തെളിയിക്കുന്നു. കാബിൻ രൂപകൽപ്പനയിലും യാത്രക്കാരുടെ കമ്പാർട്ടുമെൻറ്റിലും ഒരു വിട്ടുവീഴ്ചയും ടാറ്റ നൽകിയിട്ടില്ല. ക്രാഷ് ടെസ്റ്റിന് ശേഷവും പഞ്ചിന്റെ നാല് ഡോറുകളും ഓട്ടോമാറ്റിക്കായി അൺലോക്ക് ചെയ്തു.
പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനമാണ് പരിഷ്‌ക്കരിച്ചെത്തിയ പഞ്ച് കാഴ്ചവെച്ചതെന്ന് കമ്പനി അവകാശപ്പെട്ടു. വാഹനത്തിന്റെ യഥാർത്ഥ കരുത്ത്, പാസഞ്ചേഴ്സിന് നൽകുന്ന സംരക്ഷണം, നിയന്ത്രണ പ്രകടനം എന്നിവയിൽ പഞ്ച് ഗംഭീര പ്രകടനം നടത്തി. പരീക്ഷണം നടത്തിയത് കേവലം കഴിവ് പ്രദർശിപ്പിക്കാൻ വേണ്ടിയല്ലെന്നും, യഥാർത്ഥ ലോക സുരക്ഷയോടുള്ള ഉത്തരവാദിത്തം അടിവരയിടുന്നതിനാണെന്നും ടാറ്റ മോട്ടോർസ് ഊന്നിപ്പറഞ്ഞു. ഏത് അവസ്ഥയിലും, വിവിധതരം റോഡുകളിലും മികച്ച സുരക്ഷ നൽകാൻ പരിഷ്‌ക്കരിച്ചെത്തിയ പഞ്ചിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

