Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫൈവ്​ സ്റ്റാർ സുരക്ഷയിൽ ആര് കേമൻ? സിയറയും ഇ വിറ്റാരയും നേർക്കുനേർ!

text_fields
bookmark_border
ഭാരത് എൻ.സി.എ.പി ഫലം: മുതിർന്നവരെ കാക്കാൻ മാരുതി, കുട്ടികൾക്ക് ടാറ്റ
Tata Sierra EV and Maruti e Vitara
cancel
camera_alt

പ്രതീകാത്​മക ചിത്രം

വാഹനങ്ങൾക്ക് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിച്ചാൽ പിന്നെ എല്ലാം സേഫാണോ? ടാറ്റ സിയറ ഇ.വിയും മാരുതി സുസുക്കി ഇ വിറ്റാരയും തമ്മിലുള്ള താരതമ്യം പരിശോധിച്ചാൽ ഉത്തരം അത്ര ലളിതമല്ലെന്ന് മനസ്സിലാകും. ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ രണ്ട് വാഹനങ്ങൾക്കും അഞ്ച് സ്റ്റാർ ലഭിച്ചിട്ടുണ്ടെങ്കിലും വിശദമായ പോയന്റുകളിൽ വ്യത്യാസമുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ മാരുതി മുന്നിലെത്തിയപ്പോൾ കുട്ടികളുടെ സുരക്ഷയിൽ ടാറ്റയാണ് നേട്ടമുണ്ടാക്കിയത്.

മുതിർന്നവരുടെ സുരക്ഷയിൽ മാരുതിക്ക് നേരിയ മുൻതൂക്കം

മുതിർന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയിൽ 32ൽ 31.49 പോയന്റാണ് മാരുതി ഇ വിറ്റാര നേടിയത്. ടാറ്റ സിയറ ഇ.വിക്ക് ലഭിച്ചത് 30.62 പോയന്റ്. വെറും 0.87 പോയന്റിന്റെ വ്യത്യാസം മാത്രമാണ് ഇരുവാഹനങ്ങൾക്കുമിടയിലുള്ളത്.

ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ പരിശോധനയിലാണ് പ്രധാന വ്യത്യാസം. ഈ പരിശോധനയിൽ ഇ വിറ്റാര 16ൽ 15.49 പോയന്റ് നേടിയപ്പോൾ സിയറ ഇ.വിക്ക് ലഭിച്ചത് 14.62 പോയന്റാണ്.നേരിട്ടുള്ള ആഘാതത്തിൽ വാഹനത്തിനുള്ളിലെ യാത്രക്കാരുടെ ശരീരഭാഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണമാണ് ഇവിടെ വിലയിരുത്തുന്നത്. സിയറ ഇ.വിയിൽ സഹയാത്രക്കാരന്റെ കാലിലെ ടിബിയയ്ക്ക് തൃപ്തികരമായ സംരക്ഷണമാണ് ലഭിച്ചത്. ഡ്രൈവറുടെ പാദങ്ങൾക്ക് പരിമിതമായ സംരക്ഷണവും രേഖപ്പെടുത്തി. ഇ വിറ്റാരയിൽ ഈ ഭാഗങ്ങളിലെ സംരക്ഷണം താരതമ്യേന മികച്ചതായിരുന്നു.എന്നാൽ നെഞ്ചിന്റെ സംരക്ഷണത്തിൽ സിയറ ഇ.വിയാണ് മുന്നിൽ. ഡ്രൈവറുടെ നെഞ്ചിന് മികച്ച സംരക്ഷണം നൽകിയപ്പോൾ ഇ വിറ്റാരയിൽ ഇത് തൃപ്തികരമായ നിലവാരത്തിലായിരുന്നു.സൈഡ് ഇംപാക്ട് പരിശോധനയിൽ രണ്ട് വാഹനങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 16ൽ 16 പോയന്റും സ്വന്തമാക്കി. സൈഡ് പോൾ ഇംപാക്ട് പരിശോധനയിലും രണ്ടിനും 'ഓകെ' വിലയിരുത്തൽ ലഭിച്ചു.

കുട്ടികളുടെ സുരക്ഷയിൽ ടാറ്റയുടെ മുന്നേറ്റം

മുതിർന്നവരുടെ സുരക്ഷയിലെ ചെറിയ പിന്നാക്കം കുട്ടികളുടെ സുരക്ഷാ പരിശോധനയിൽ ടാറ്റ സിയറ ഇ.വി മറികടന്നു. 49ൽ 45 പോയന്റാണ് സിയറ സ്വന്തമാക്കിയത്. ഇ വിറ്റാരയ്ക്ക് ലഭിച്ചത് 43 പോയന്റ്.18 മാസം പ്രായമുള്ള കുട്ടിയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും പ്രതിനിധീകരിക്കുന്ന ഡമ്മികൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. രണ്ട് വാഹനങ്ങളും കുട്ടികൾക്കുള്ള സുരക്ഷാ സീറ്റുകൾ ഉപയോഗിച്ചുള്ള ഫ്രണ്ടൽ, സൈഡ് ക്രാഷ് പരിശോധനകളിൽ മുഴുവൻ പോയന്റും നേടി.കുട്ടികളുടെ സുരക്ഷാ പരിശോധനയിലെ ഡൈനാമിക് സ്കോറിൽ രണ്ടിനും 24ൽ 24 പോയന്റുണ്ട്. കുട്ടികൾക്കുള്ള സുരക്ഷാ സീറ്റ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയിലും 12ൽ 12 പോയന്റ് ലഭിച്ചു.വാഹനത്തിന്റെ മൊത്തത്തിലുള്ള വിലയിരുത്തലിലാണ് വ്യത്യാസം. ഈ വിഭാഗത്തിൽ സിയറ ഇ.വിക്ക് 13ൽ ഒമ്പത് പോയന്റ് ലഭിച്ചപ്പോൾ ഇ വിറ്റാരയ്ക്ക് ഏഴ് പോയന്റാണ് നേടാനായത്. ഇതാണ് കുട്ടികളുടെ സുരക്ഷയിലെ ആകെ സ്കോറിൽ ടാറ്റയ്ക്ക് മുൻതൂക്കം നൽകിയത്.

ഏഴ് എയർബാഗുകളുമായി ഇ വിറ്റാര; അധിക ഫീച്ചറുകളിൽ സിയറയും

ക്രാഷ് ടെസ്റ്റിലെ പോയന്റുകൾക്കൊപ്പം വാഹനത്തിൽ ലഭിക്കുന്ന സുരക്ഷാ സംവിധാനങ്ങളും പരിഗണിക്കേണ്ടതുണ്ട്.എയർബാഗുകളുടെ എണ്ണത്തിൽ മാരുതി ഇ വിറ്റാരയ്ക്ക് മുൻതൂക്കമുണ്ട്. ഏഴ് എയർബാഗുകളാണ് വാഹനത്തിലുള്ളത്. ടാറ്റ സിയറ ഇ.വിയിൽ ആറ് എയർബാഗാണുള്ളത്.അതേസമയം റിയർ വ്യൂ കാമറ, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സംവിധാനം തുടങ്ങിയവ സിയറ ഇ.വിയുടെ അധിക സുരക്ഷാ സൗകര്യങ്ങളാണ്. ഇ വിറ്റാരയിൽ ഇവ ലഭ്യമല്ല.രണ്ട് വാഹനങ്ങളിലും ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഓട്ടോ ഹോൾഡ്, ഐ.എസ്.ഒഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ട്.

ടാറ്റ സിയറ ഇ.വിയും മാരുതി ഇ വിറ്റാരയും നേടിയ ഭാരത് എൻ.സി.എ.പി സ്കോറുകൾ:

മുതിർന്നവരുടെ സുരക്ഷ:

- ടാറ്റ സിയറ ഇ.വി: 30.62/32

- മാരുതി ഇ വിറ്റാര: 31.49/32

കുട്ടികളുടെ സുരക്ഷ:

- ടാറ്റ സിയറ ഇ.വി: 45/49

- മാരുതി ഇ വിറ്റാര: 43/49

സുരക്ഷാ ഫലങ്ങൾ പുറത്തുവന്നത് ഗ്ലോബൽ എൻ.സി.എ.പി പരിശോധനയിലൂടെയല്ല, ഇന്ത്യയുടെ സ്വന്തം വാഹന സുരക്ഷാ വിലയിരുത്തൽ സംവിധാനമായ ഭാരത് എൻ.സി.എ.പിയിലൂടെയാണ്. മാരുതി ഇ വിറ്റാരയുടെ ക്രാഷ് ടെസ്റ്റ് 2025 സെപ്റ്റംബറിലും ടാറ്റ സിയറ ഇ.വിയുടേത് 2026 ജൂണിലുമാണ് നടന്നത്. വിറ്റാരയുടെ ഫലം പുറത്തുവന്നത് അതേ വർഷം ഡിസംബർ 2-നും സിയറയുടേത് 2026 നവംബർ 18നുമാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sierra EV vs e Vitara: Safety Compared
Next Story