സകല റെക്കോഡുകളും വഴിമാറുന്നു; ടാറ്റ പഞ്ച് വിൽപ്പന അഞ്ച് ലക്ഷം പിന്നിട്ടു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 38 മാസം കൊണ്ട് വിറ്റഴിച്ചത് അഞ്ച് ലക്ഷം ടാറ്റ പഞ്ച്. 2024-ൽ മാരുതി വാഗൺ ആർ, ഹ്യുണ്ടായ് ക്രെറ്റ എന്നിവയെപ്പോലും മറികടന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയതിന് ശേഷമാണ് പഞ്ച് പുതിയ നാഴികകല്ല് പിന്നിടുന്നത്.
2021 ഒക്‌ടോബറിൽ പഞ്ച് ലോഞ്ച് ചെയ്തത് മുതൽ, ടാറ്റ മോട്ടോർസിന്റെ മൊത്തം വിൽപനയായ 17,39,646 യൂനിറ്റിന്റെ 29 ശതമാനവും പഞ്ചിന്റെ സംഭാവനയാണ്. പിറവിയെടുത്ത് വെറും പത്ത് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂനിറ്റ് പിന്നിട്ട രാജ്യത്തെ ആദ്യത്തെ എസ്.യു.വിയാണ് പഞ്ച്.
2,02,031 യൂനിറ്റുകൾ വിറ്റ 2024 വർഷമാണ് മികച്ച നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ ശരാശരി പ്രതിമാസ വിൽപ്പന 16,452 യൂണിറ്റാണ്. 40 വർഷമായി മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറിൻ്റെ റെക്കോർഡും പഞ്ച് തകർത്തു.
ഇന്ത്യയെ സബ് കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിലേക്ക് അവതരിപ്പിച്ച അഞ്ച് സീറ്റുള്ള കാറാണ് ടാറ്റ പഞ്ച്. 31 വേരിയന്റുകളിൽ ഈ വാഹനം വിപണിയിൽ ലഭ്യമാണ്. അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ കാർ വരുന്നത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകൾ നൽകുന്നതിൽ ടാറ്റ വാഹനങ്ങൾ അറിയപ്പെടുന്നു. ലോഞ്ച് മുന്നോടിയായി പഞ്ചിന് ജി.എൻ.സി.എ.പി 5-സ്റ്റാർ റേറ്റിങ് ലഭിച്ചിരുന്നു.
ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കമാൻഡിംഗ് ഡ്രൈവിങ് പൊസിഷനും പഞ്ചിനെ ആകർഷണീയമാക്കുന്നു. വൈവിധ്യമാർന്ന ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ മികച്ച ഡ്രൈവിങ് അനുഭവം നൽകുന്ന ബോൾഡ് എസ്.യു.വിയാണെന്ന് നിസ്സംശയം പറയാം.
1.2 ലിറ്റർ റെവോട്രോൺ എഞ്ചിനാണ് ടാറ്റ പഞ്ചിനുള്ളത്. ഈ എഞ്ചിൻ 6,700 ആർപിഎമ്മിൽ 87.8 പിഎസ് കരുത്തും 3,150 മുതൽ 3,350 ആർപിഎമ്മിൽ 115 എൻഎം ടോർക്കും നൽകുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ വാഹനത്തിൻ്റെ എഞ്ചിൻ. ടോപ് വേരിയൻ്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്. 2025ൽ പഞ്ചിന്റെ പ്രാരംഭ വില 6.20 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.