കാസ്പർ ഓട്ടോഷോയിൽ അവതരിക്കും?; ഹ്യൂണ്ടായുടെ കുഞ്ഞൻ എസ്.യു.വിയെപ്പറ്റി അറിയാം
text_fieldsവെന്യൂവിനും താഴെ പുതിയൊരു എസ്.യു.വി അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായ്. കാസ്പർ എന്ന് ആഗോള മാർക്കറ്റിൽ അറിയപ്പെടുന്ന വാഹനം 2023 ഡൽഹി ഓട്ടോഷോയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. മൈക്രോ എസ്‍.യു.വി വിഭാഗത്തിൽ ടാറ്റ പഞ്ച്, സിട്രോൺ സി3, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് തുടങ്ങിയ വാഹനങ്ങളോടായിരിക്കും കാസ്പർ മത്സരിക്കുക.
ജന്മനാടായ ദക്ഷിണ കൊറിയയിൽ അരങ്ങേറിയ കുഞ്ഞൻ എസ്‌യുവിയാണ് കാസ്പർ. ഇന്ത്യയിൽ വാഹനത്തിന് 5 ലക്ഷം രൂപയിൽ താഴെയായിരിക്കും വില. കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന സെഗ്മെന്റിലേക്കായിരിക്കും ഈ വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഗ്രാൻഡ് ഐ10 നിയൊസിനും സാൻട്രോയ്ക്കുമൊക്കെ അടിത്തറയാവുന്ന കെ വൺ കോംപാക്ട് കാർ പ്ലാറ്റ്ഫോമിലാണു കാസ്പറും വികസിപ്പിച്ചിരിക്കുന്നത്. മുൻവശത്ത് ചെറിയ ഡേടൈം റണ്ണിങ് ലാംപും വലിയ ഹെഡ്‌ലാംപുകളും സൺറൂഫ് അടക്കമുള്ള സൗകര്യങ്ങളും വാഹനത്തിലുണ്ടായിരിക്കും.
ഇന്ത്യയിൽ ലഭ്യമായ എക്സൈസ് ഡ്യൂട്ടി ഇളവുകൾ ബാധകമാവും വിധത്തിൽ 3,595 എംഎം ആകും ഈ ചെറിയ എസ്‌യുവിക്കു നീളം. 1,595 എംഎം വീതി, 1,575 എംഎം ഉയരം എന്നിങ്ങനെയാണെങ്കിൽ ഹാച്ച്ബാക്കായ സാൻട്രോയേക്കാളും ചെറിയ എസ്‌യുവിയാകും കാസ്പർ. ഇന്ത്യയില്‍ എത്തുന്ന വാഹനത്തിന് അല്‍പ്പം കൂടി വലിപ്പം നല്‍കിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഗ്രാന്റ് ഐ10 നിയോസില്‍ നല്‍കിയിട്ടുള്ള 82 ബി.എച്ച്.പി. പവറും 114 എന്‍.എം.ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും കാസ്പറിന് നൽകുക. ഈ വാഹനത്തിന്റെ സി.എന്‍.ജി. പതിപ്പും എത്തിയേക്കും.