ചരിത്രത്തിലാദ്യം; ഒരു മാസത്തിൽ പതിനായിരത്തിലധികം ഇലക്ട്രിക് കാറുകൾ രജിസ്റ്റർ ചെയ്ത് ടാറ്റ മോട്ടോഴ്‌സ്! വിപണിയിൽ വൻ മുന്നേറ്റം
text_fieldsമുംബൈ: ഇന്ത്യൻ ഇലക്ട്രിക് വാഹന (ഇ.വി) വിപണിയിൽ പുതിയ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സിന്റെ കുതിപ്പ്. ചരിത്രത്തിലാദ്യമായി ഒരു മാസത്തിൽ പതിനായിരത്തിലധികം ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ എന്ന സുവർണ്ണ നേട്ടമാണ് ടാറ്റ സ്വന്തമാക്കിയത്. 2026 മേയ് മാസത്തിൽ മാത്രം 10,326 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി ഇന്ത്യയിലുടനീളം രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 102 ശതമാനത്തിന്റെ വൻ വളർച്ചയാണ് ടാറ്റ ഇ.വി വിപണിയിൽ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സീറോ-എമിഷൻ (Zero-Emission) വാഹന നിർമാതാക്കൾ എന്ന തങ്ങളുടെ സ്ഥാനം ടാറ്റ ഒന്നുകൂടി ഉറപ്പിച്ചു.
ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത പട്ടികയിൽ നാലാം സ്ഥാനം കേരളത്തിനാണ്. വൻകിട മെട്രോ നഗരങ്ങളിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് ചെറു നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങൾ തിരിച്ചുള്ള വിൽപനയിൽ മഹാരാഷ്ട്രയാണ് ഏറ്റവും മുമ്പിൽ.
ഇന്ധന വില വർധനവും പരിസ്ഥിതി ബോധവും സാധാരണക്കാരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ടാറ്റയുടെ വിപുലമായ ഇ.വി വാഹനനിരയാണ് ഈ വിജയത്തിന് പിന്നിൽ. ആദ്യമായി ഇ.വി വാങ്ങുന്നവരെ ആകർഷിക്കുന്ന ടിയാഗോ ഇ.വി (Tiago EV), പഞ്ച് ഇ.വി (Punch EV) എന്നിവയും, പ്രീമിയം എസ്.യു.വി പ്രേമികളുടെ പ്രിയ വാഹനങ്ങളായ നെക്സോൺ ഇ.വി (Nexon EV), ഹാരിയർ ഇ.വി (Harrier EV) എന്നിവയും വിപണിയിൽ വൻ ചലനമാണ് സൃഷ്ടിക്കുന്നത്. ഒപ്പം ചാർജിങ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിച്ചതും മികച്ച ആഫ്റ്റർ സെയിൽസ് സർവീസും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂട്ടി.
നിലവിലെ മോഡലുകളുടെ വിജയം തുടരുമ്പോഴും വിപണിയിലെ തങ്ങളുടെ ആധിപത്യം നിലനിർത്താൻ വമ്പൻ പ്രഖ്യാപനങ്ങളുമായി ടാറ്റ മുന്നോട്ട് പോവുകയാണ്. വരും മാസങ്ങളിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ടാറ്റ സിയേറ ഇ.വി (Sierra EV), സഫാരി ഇ.വി (Safari EV) എന്നിവക്ക് പുറമെ ടാറ്റയുടെ അത്യാധുനിക പ്രീമിയം നിരയായ 'അവിന്യ' (Avinya) സീരീസിൽ നിന്നുള്ള ആദ്യ പ്രൊഡക്ഷൻ മോഡലും വിപണിയിലെത്തിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്.
ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകുന്ന വലിയ ബാറ്ററി പാക്കുകളോടെയായിരിക്കും ഈ പ്രീമിയം മോഡലുകൾ വിപണിയിൽ എത്തുക. മഹീന്ദ്ര, ജെഎസ്ഡബ്ല്യു എം.ജി (JSW MG), ബി.വൈ.ഡി (BYD), മാരുതി സുസുക്കി, ഹ്യുണ്ടായ്, വിൻഫാസ്റ്റ് (VinFast) തുടങ്ങിയ പ്രമുഖ ആഗോള-ഇന്ത്യൻ ബ്രാൻഡുകൾ പുതിയ ഇ.വി മോഡലുകളുമായി വിപണിയിൽ മത്സരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ടാറ്റ ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

