കൈവിട്ടുപോയ വാഹന വിപണി നെക്‌സോണിലൂടെ തിരിച്ചുപിടിച്ച് ടാറ്റ മോട്ടോർസ്; സെപ്റ്റംബറിൽ റെക്കോഡ് വിൽപ്പന
text_fieldsടാറ്റ നെക്‌സോൺ
കഴിഞ്ഞ കുറച്ചു മാസങ്ങളായി കൈവിട്ടുപോയ വാഹന വിപണി തിരിച്ചുപിടിച്ച് ടാറ്റ മോട്ടോർസ്. 2025 സെപ്റ്റംബറിൽ ബെസ്റ്റ് സെല്ലിങ് എസ്.യു.വി സെഗ്‌മെന്റിൽ 22,573 യൂനിറ്റുകൾ വിൽപ്പന നടത്തി നെക്‌സോൺ ഒന്നാംസ്ഥാനം കരസ്ഥമാക്കി. രാജ്യത്തെ മുൻനിര വാഹന വിൽപ്പനക്കാരായ മാരുതി സുസുകി, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് ടാറ്റ മോട്ടോർസ് ഈ നേട്ടം കൈവരിച്ചത്. നെക്‌സോൺ മോഡൽ കൂടാതെ പാസഞ്ചർ വാഹനങ്ങളിൽ മികച്ച വിൽപ്പനയാണ് ടാറ്റ മോട്ടോർസ് നേടിയത്.
ജി.എസ്.ടി 2.0 അനുസരിച്ച് ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹങ്ങൾക്ക് മികച്ച ഇളവുകളാണ് ലഭിച്ചത്. നെക്‌സോൺ എസ്.യു.വിക്ക് മാത്രം 1.55 ലക്ഷം ജി.എസ്.ടി ഇളവ് ലഭിച്ചു. ജി.എസ്.ടി ഇളവും ഫെസ്റ്റിവൽ ഓഫറുകളും ഉൾപ്പെടെ 7.32 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികളിൽ മികച്ച വിൽപ്പനയാണ് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ടാറ്റ നെക്‌സോൺ സ്വന്തമാക്കിയത്. 2022 സാമ്പത്തിക വർഷത്തിൽ 1.24 ലക്ഷം യൂനിറ്റും 2023 സാമ്പത്തിക വർഷത്തിൽ 1.72 ലക്ഷം യൂനിറ്റും 2024 സാമ്പത്തിക വർഷത്തിൽ 1.71 ലക്ഷം യൂനിറ്റും 2025 സാമ്പത്തിക വർഷത്തിൽ നേരിയ ഇടിവോടെ 1.63 ലക്ഷം യൂനിറ്റ് നെക്‌സോണുമാണ് ടാറ്റ നിരത്തുകളിൽ എത്തിച്ചത്. എന്നാൽ 2026 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ വരെയുള്ള കാലയളവ് പരിശോധിച്ചാൽ 90,000 യൂനിറ്റുകൾ വിൽപ്പന നടത്താനും ടാറ്റ മോട്ടോഴ്സിന് സാധിച്ചിട്ടുണ്ട്.
വ്യത്യസ്തമായ പവർഓപ്ഷനുകൾ
പെട്രോൾ, ഡീസൽ, സി.എൻ.ജി, ഇലക്ട്രിക് തുടങ്ങിയ വ്യത്യസ്ത പവർട്രെയിനിൽ ടാറ്റ നെക്‌സോൺ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം
- പെട്രോൾ വകഭേദം : 1.2-ലിറ്റർ ടർബോ റിവോട്രോൺ എൻജിൻ 120 ബി.എച്ച്.പി കരുത്ത് നൽകുന്ന 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 6 മാനുവൽ ട്രാൻസ്മിഷൻ, 6 ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തുടങ്ങിയ ഗിയർബോക്സുകളുമായി ഈ എൻജിനെ ജോടിയിണക്കിയിരിക്കുന്നത്
- ഡീസൽ വകഭേദം : 1.5-ലിറ്റർ റിവോട്രോൺ എൻജിൻ 115 ബി.എച്ച്.പി കരുത്തും 260 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 6 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ എന്നീ രണ്ട് ഓപ്ഷനുകളാണ് ഡീസൽ വകഭേദത്തിനുള്ളത്.
- സി.എൻ.ജി വകഭേദം : 1.2-ലിറ്റർ എൻജിൻ 100 ബി.എച്ച്.പി കരുത്ത് പകരും. ഇതിന് 6 സ്‌പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമാണുള്ളത്.
- ഇലക്ട്രിക് വകഭേദം : 30kWh, 45kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനിലാണ് നെക്‌സോൺ ഇ.വി വിപണിയിൽ എത്തുന്നത്. ആദ്യ ബാറ്ററി പാക്ക് ഒറ്റചാർജിൽ 350 കിലോമീറ്റർ റേഞ്ചും രണ്ടാമത്തെ ബാറ്ററി പാക്ക് 489 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
സുരക്ഷാ ഫീച്ചറുകൾ
രാജ്യത്ത് മികച്ച സുരക്ഷ വാഗ്‌ദാനം ചെയ്യുന്നതിൽ മുൻനിര വാഹനനിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ബി.എൻ.സി.എ.പി) ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ റേറ്റിങ്ങിലാണ് ഐ.സി.ഇ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിച്ച ഫോസിൽ ഇന്ധന വകഭേദങ്ങളും ഇലക്ട്രിക് പതിപ്പും നിരത്തുകളിൽ എത്തുന്നത്.
എൽ.ഇ.ഡി പ്രൊജക്ടഡ് ഹെഡ്‍ലൈറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, ആപ്പിൾ കാർപ്ലേ & ആൻഡ്രോയിഡ് ഓട്ടോ സജ്ജീകരണത്തിൽ 10.25-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വോയിസ്-കോൺട്രോൾഡ് സൺറൂഫ്, വയർലെസ് ചാർജിങ് തുടങ്ങിയ ആധുനിക ഫീച്ചറുകൾ ടാറ്റ നെക്‌സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സുരക്ഷയുടെ ഭാഗമായി സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ബ്ലൈൻഡ്-സ്പോട് മോണിറ്റർ, ടയർ പ്രഷർ അലർട്ട്, റൈൻ-സെൻസിങ് വൈപ്പർ, ഓട്ടോ ഹെഡ്ലാമ്പ്, കോർണറിങ് ഫോഗ് ലാമ്പ് തുടങ്ങിയവയും നെക്‌സോണിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

