ടാറ്റ വാഹനങ്ങൾക്ക് വിലവർധിക്കും; നേരത്തേ ബുക്ക് ചെയ്തവർക്ക് ബാധകമല്ല
text_fieldsടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പാസഞ്ചർ കാറുകൾക്ക് വില വർധിപ്പിച്ചു. പുതിയ വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. വിവിധ മോഡലുകളേയും വേരിയന്‍റുകളേയും ആശ്രയിച്ച് 26,000 രൂപവരെ വില വർധിച്ചിട്ടുണ്ട്. ജനുവരി 21നു മുമ്പ് വാഹനം ബുക്ക് ചെയ്തവർക്ക് വിലവർധനവ് ബാധകമല്ലെന്ന് ടാറ്റ അധികൃതർ അറിയിച്ചു.
നിർമാണ ചിലവ് വർധിച്ചതാണ് വിലവർധിക്കാൻ കാരണം. മോഡലുകളുടെ പുതിയ വിലവിവര പട്ടിക ടാറ്റ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ പാസഞ്ചർ വാഹന രംഗത്ത് ശക്തമായ ഡിമാൻഡാണ് ടാറ്റക്ക് ലഭിക്കുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിന്‍റെ അവസാന പാദത്തിൽ കമ്പനി മികച്ച വിൽപ്പന രേഖപ്പെടുത്തിയതായി ടാറ്റ അധികൃതർപറയുന്നു. ഉൽപാദനവും വിതരണ ശൃംഖലയും മെച്ചപ്പെടുത്തുന്നതിനാണ് പുതുവർഷത്തിൽ കമ്പനി മുൻതൂക്കം നൽകുന്നത്.
നിരവധി പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനും ടാറ്റ തയ്യാറെടുക്കുകയാണ്. ശനിയാഴ്ച ആൽട്രോസ് ഐ ടർബോയുടെ വില പ്രഖ്യാപിക്കും. ജനുവരി 26ന് സഫാരി എസ്‌യുവി ഇന്ത്യയിൽ ഔദ്യോഗികമായി അരങ്ങേറും.