മുഖം മിനുക്കി ടാറ്റ ആൾട്രോസ്; പുതിയ ലുക്കിൽ കൂടുതൽ ഫീച്ചറുകൾ
text_fieldsമുംബൈ: ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ വാഹനമായ ആൾട്രോസ് പുത്തൻ രൂപത്തിൽ കൂടുതൽ ഫീച്ചറുകളുമായി വിപണിയിലവതരിപ്പിച്ചു. സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, അത്യാകർഷകമായ ഫീച്ചറുകളിലും ഇന്റീരിയറിലും മാറ്റം വരുത്തിയാണ് ആൾട്രോസ് വിപണിയിലെത്തിയിരിക്കുന്നത്. സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ്എ.സ് എന്നീ അഞ്ച് മോഡലിലാണ് പുത്തൻ ആൾട്രോസ് എത്തുന്നത്. ജൂൺ 2മുതൽ ബുക്കിങ് ആരംഭിക്കുന്ന വാഹനത്തിന് 6.89 ലക്ഷം മുതൽ 11.29 വരെയാണ് എക്സ് ഷോറൂം വില.
പുതിയ ഡിസൈനിൽ എത്തിയ അൾട്രോസിന്റെ മുൻ ഭാഗത്ത് കാര്യമായ മാറ്റം ടാറ്റ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഗ്രില്ലും എൽ.ഇ.ഡി ഹെഡ് ലാമ്പുകളും നെക്സോൺ, കർവ്, ഹാരിയർ, സഫാരി എന്നീ മോഡലുകൾക്കെല്ലാം നൽകിയ ഡിസൈനിൽ തന്നെയാണ് പുതിയ ആൾട്രോസിനും. മോഡേൺ ആയ ഹെഡ്ലാമ്പ് യൂനിറ്റിൽ സ്ലീക്കർ എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റ്സും പുതിയ ഫീച്ചറായി ടാറ്റ നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ഏറോ ഡൈനാമിക്സിലും വ്യത്യസ്തത നൽകിയിട്ടുണ്ട്. കാര്യക്ഷമത കൂട്ടാനായി ഫ്രണ്ട്, റിയർ ബമ്പറുകളിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
വാഹനത്തിന്റ മുൻഭാഗത്തെ ഫോഗ് ലാമ്പുകൾ ബമ്പറിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാണ്. കൂടാതെ ഫ്ലഷ് ഫിറ്റിങ് ഡോർ ഹാൻഡിൽഡിലുമുണ്ട്. പിൻ ഭാഗത്തായി ഇപ്പോഴുള്ള റാപ്റൗണ്ട് ടെയിൽ ലാംപ്സ് കണക്റ്റഡ് എൽ.ഇ.ഡി ലൈറ്റ്സിലേക്ക് മാറുകയാണ്. ഏറ്റവും പുതിയ ആൾറോസിന്റെ നിറത്തിലുമുണ്ട് ആകർഷണം. ഡ്യൂൺ ഗ്ലോ, എംബർ ഗ്ലോ, പ്യുവർ ഗ്രേ, റോയൽ ബ്ലൂ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ അഞ്ച് വ്യത്യസ്ത നിറങ്ങളുമായാണ് പുതിയ ആൾട്രോസ് വിപണിയിലെത്തുന്നത്.
പുത്തൻ ആൾട്രോസിന് നെക്സോൺ, കർവ് എന്നീ കാറുകളുടേതിന് സമാനമായ ഡാഷ്ബോർഡ് ലേഔട്ട് ആണ് ടാറ്റ നൽകിയിരിക്കുന്നത്. ഇതു തന്നെയാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിങ് ഐആർവിഎം, അപ്ഗ്രേഡ് ചെയ്ത ടെലിമേറ്റിക് സ്യൂട്ട്, ആംപിയന്റ് ലൈറ്റിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാഹനപ്രേമികളെ ഈ പുത്തൻ മോഡലിലേക്ക് ആകർഷിക്കുന്നത്.
1.2 ലീറ്റർ റെവോട്രോൺ പെട്രോൾ എൻജിനും 1.2 ലീറ്റർ ഐസിൻജി എൻജിനുമുണ്ട്. കൂടാതെ 1.5 ലീറ്റർ റെവോട്രോൺ ഡീസലുമുണ്ട്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എ.എം.ടീ, 6 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളും ആൾട്രോസിനുണ്ട്. ഡീസൽ എൻജിനിൽ എത്തുന്ന ഏക പ്രിമീയം ഹാച്ച്ബാക്കാണ് ഈ പുത്തൻ ആൾട്രോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

