മെഴ്‌സിഡീസ് ആഡംബരം സ്വന്തമാക്കി തപ്‌സി പന്നു, മെയ്ബ ജി.എല്‍.എസ് 600 ഗാരേജിൽ
text_fieldsമെഴ്‌സിഡീസിന്റെ അത്യാഡംബര വാഹനമായ മെയ്ബ ജി.എല്‍.എസ് 600 എസ്.യു.വി ഗാരേജിലെത്തിച്ച് ബോളിവുഡ് താരസുന്ദരി തപ്‌സി പന്നു. മുംബൈയിലെ മെഴ്‌സിഡീസ്-ബെന്‍സ് ഡീലര്‍ഷിപ്പായ ലാന്‍ഡ്മാര്‍ക്ക് കാര്‍സില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ചിത്രങ്ങൾ സഹിതം ഡീലര്‍ഷിപ്പ് തന്നെയാണ് വിവരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
രാം ചരണ്‍, അര്‍ജുന്‍ കപൂര്‍, നീതു സിങ്ങ്, ദുല്‍ഖര്‍ സല്‍മാന്‍, രണ്‍വീര്‍ സിങ്, കൃതി സനോണ്‍ തുടങ്ങിയ സിനിമ താരങ്ങൾ അടുത്തിടെ മെയ്ബ ജി.എല്‍.എസ് 600 തങ്ങളുടെ ഗാരേജിലെത്തിച്ചിരുന്നു. 2.92 കോടി രൂപ (എക്സ്-ഷോറൂം) വിലമതിക്കുന്ന വാഹനത്തിന്‍റെ ഓൺ-റോഡ് വില ഏകദേശം നാല് കോടി രൂപയാണ്. പൂര്‍ണമായും വിദേശത്ത് നിര്‍മിക്കുന്ന മെയ്ബ ജി.എല്‍.എസ് 600 ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വിൽക്കുന്നത്.
4സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക് സൈഡ് സ്റ്റെപ്പുകൾ, പനോരമിക് സൺ റൂഫ്, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, വെന്റിലേറ്റഡും മസാജിങ് സൗകര്യവുമുള്ള സീറ്റുകൾ, പിൻ സീറ്റിൽ ടാബ്‌ലെറ്റ്, 12.3 ഇഞ്ചിന്‍റെ രണ്ട് ഡിജിറ്റൽ ഡിസ്പ്ലേകൾ, ഇ- ആക്ടീവ് ബോഡി കൺട്രോൾ ആക്റ്റീവ് എയർ സസ് പെൻഷൻ, ബർമെസ്റ്ററിന്‍റെ ത്രീഡി സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, 22 ഇഞ്ച് അലോയ് വീലുകൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ഫീച്ചറുകളാൽ സമ്പന്നമാണ് മെയ്ബ ജി.എല്‍.എസ് 600.
3.2 ടൺ ആണ് ഈ ആഡംബര എസ്.യു.വിയുടെ ഭാരം. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 4.0 ലിറ്റർ വി8 ട്വിൻ-ടർബോ എഞ്ചിനാണ് വാഹത്തെ ചലിപ്പിക്കുന്നത്. 550 എച്ച്.പി പവറും 730 എൻ.എം പീക്ക് ടോർക്കും ഈ എഞ്ചിൻ നൽകും. ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഉണ്ട്. 250 കിലോമീറ്ററാണ് ഉയർന്ന വേഗത.