ഓഡോമീറ്ററിൽ കൃത്രിമം: ബൈക്കിന് 1.03 ലക്ഷം രൂപ പിഴ
text_fieldsഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ബൈക്ക് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീക്കിന്റെ
നേതൃത്വത്തിൽ പരിശോധിക്കുന്നു
തിരൂരങ്ങാടി: ബൈക്ക് ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച് ഉപയോഗിച്ച ഡീലർമാർക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം 1.03 ലക്ഷം രൂപ പിഴ ചുമത്തി. കോട്ടക്കലിൽ നിന്ന് കോഴിക്കോട്ടെ ഷോറൂമിലേക്ക് ഓടിച്ച് കൊണ്ടുപോകും വഴി ദേശീയപാത കക്കാട് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥർ ബൈക്ക് ഓടിച്ചപ്പോൾ ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി.
ട്രേഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ ഇല്ലാത്തതടക്കം കാരണങ്ങളാലാണ് പിഴ ചുമത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ എ.എം.വി.ഐമാരായ കെ.ആർ. ഹരിലാൽ, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് രണ്ട് ബൈക്കുകൾക്കും ആറ് മാസം മുമ്പ് ഒരു കാറിനും എൻഫോഴ്സ്മെന്റ് വിഭാഗം സമാന രീതിയിൽ പിഴ ചുമത്തിയിരുന്നു.
ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററിൽ കാണാതിരിക്കാനാണ് കൃത്രിത്വം നടത്തുന്നത്. തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്.