സ്വിഫ്റ്റ്, ഡിസയർ, ബലേനോ സി.എൻ.ജി മോഡലുകൾ ഓട്ടോമാറ്റിക് ഓപ്ഷനിൽ; വിപണി പിടിക്കാൻ മാരുതി സുസുക്കി
text_fieldsമാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ കാറുകളായ സ്വിഫ്റ്റ് (Swift), ഡിസയർ (Dzire), ബലേനോ (Baleno) എന്നിവയുടെ S-CNG പതിപ്പുകളിൽ പുതിയ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ.എം.ടി) ഓപ്ഷൻ അവതരിപ്പിച്ചു. ഫാക്ടറി ഫിറ്റഡ് സി.എൻ.ജി സിസ്റ്റവും ഓട്ടോമാറ്റിക് ഗിയർബോക്സും ഒരേസമയം ലഭിക്കുന്ന മാരുതിയുടെ ആദ്യ മോഡലുകളാണിത്. നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ ക്ലച്ച് ഉപയോഗിക്കാതെ തന്നെ സി.എൻ.ജി കാറുകളുടെ മികച്ച ഇന്ധനക്ഷമത ആസ്വദിക്കാൻ ഈ പുതിയ ഓട്ടോമാറ്റിക് പതിപ്പുകൾ സഹായിക്കും.
സ്വിഫ്റ്റ്, ഡിസയർ, ബലേനോ കാറുകളിലാണ് പുതിയ എ.എം.ടി സി.എൻ.ജി സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വിഫ്റ്റ് S-CNG AMT മോഡലിന് 7,92,400 രൂപയും ഡിസയർ S-CNG AMT മോഡലിന് ₹8,53,100 രൂപയും ബലേനോ S-CNG AMT മോഡലിന് ₹8,32,400 രൂപയുമാണ് എക്സ് ഷോറൂംവില.
ഡ്യുവൽ വി.വി.ടി (Variable Valve Technology), ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് (ഐ.എസ്.എസ്) സാങ്കേതികവിദ്യയോടുകൂടിയ 1.2 ലിറ്റർ, 3-സിലിണ്ടർ Z12E എഞ്ചിനാണ് ഈ മൂന്ന് മോഡലുകളിലും നൽകിയിരിക്കുന്നത്. പെട്രോൾ മോഡിൽ 82.93 ബി.എച്ച്.പി കരുത്തും 112.4 എൻ,.എം ടോർക്കും നൽകുന്ന എഞ്ചിൻ, CNG മോഡിലേക്ക് മാറ്റുമ്പോൾ 69.75 ബി.എച്ച്.പി കരുത്തും 101.8 എൻ.എം ടോർക്കും നൽകുന്നു. 5-സ്പീഡ് ഓട്ടോ ഗിയർ ഷിഫ്റ്റ് (എ.ജി.എസ്)/എ.എം.ടി ട്രാൻസ്മിഷനുമായാണ് എൻജിനുകൾ ജോടിയിണക്കിയിരിക്കുന്നത്.
പുതിയ എ.എം.ടി S-CNG വാഹനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവ നൽകുന്ന മികച്ച ഇന്ധനക്ഷമതായാണ്. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് (സി.എം.വി.ആർ) പ്രകാരം സർട്ടിഫൈ ചെയ്ത ഇന്ധനക്ഷമത കണക്കുകൾ താഴെ നൽകുന്നു.
- ഡിസയർ S-CNG AMT: 36.47 കിലോമീറ്റർ/കിലോഗ്രാം (ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ സെഡാൻ എന്ന് മാരുതി അവകാശപ്പെടുന്നു).
- സ്വിഫ്റ്റ് S-CNG AMT: 35.34 കിലോമീറ്റർ/കിലോഗ്രാം.
- ബലേനോ S-CNG AMT: 34.47 കിലോമീറ്റർ/കിലോഗ്രാം.
ഫ്യുവൽ ടാങ്കും മറ്റ് സവിശേഷതകളും
വാഹനങ്ങളിൽ 37 ലിറ്റർ പെട്രോൾ ടാങ്കിനോടൊപ്പം 55 ലിറ്റർ വാട്ടർ-ഫില്ലിങ് കപ്പാസിറ്റിയുള്ള സി.എൻ.ജി ടാങ്കും നൽകിയിട്ടുണ്ട്. സാധാരണയായി അണ്ടർബോഡിയിൽ നൽകുന്ന സി.എൻ.ജി ടാങ്കുകളിൽ നിന്ന് വ്യത്യസ്തമായി വാഹനങ്ങളിൽ സി.എൻ.ജി ടാങ്ക് റിയർ ബൂട്ട് സ്പേസിലാണ് (പിൻവശത്തെ ലഗേജ് സ്പേസ്) ക്രമീകരിച്ചിരിക്കുന്നത്. എ.എം.ടി ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയതുകൊണ്ട് വാഹനങ്ങളുടെ പുറംമോടിയിലോ ഉൾവശത്തോ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
സുരക്ഷാ ഫീച്ചറുകൾ
മാരുതിയുടെ S-CNG സിസ്റ്റം മികച്ച സുരക്ഷാ മുൻകരുതലുകളോടെയാണ് വിപണിയിൽ എത്തുന്നത്. മികച്ച പെർഫോമൻസിനും ഇന്ധനക്ഷമതക്കുമായി എയർ-ഫ്യുവൽ അനുപാതം കൃത്യമായി നിലനിർത്തുന്ന ഇന്റലിജന്റ് ഇൻജക്ഷൻ സിസ്റ്റം, തുരുമ്പിക്കലും സി.എൻ.ജി ചോർച്ചയും ഒഴിവാക്കാൻ സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പുകളും ജോയിന്റുകളും നൽകിയിട്ടുണ്ട്. കൂടാതെ, ഷോർട്ട് സർക്യൂട്ട് തടയാൻ ഇന്റഗ്രേറ്റഡ് വയർ ഹാർനെസുകൾ, വാഹനം സിഎൻജി റീഫ്യൂവൽ ചെയ്യുമ്പോൾ എഞ്ചിൻ സ്റ്റാർട്ട് ആകുന്നത് തടയാൻ മൈക്രോസ്വിച്ച് സംവിധാനം, ട്രാഫിക്കിൽ കിടക്കുമ്പോൾ എഞ്ചിൻ ഓട്ടോമാറ്റിക്കായി ഓഫ് ചെയ്യുകയും, വീണ്ടും എളുപ്പത്തിൽ സ്റ്റാർട്ട് ആക്കുകയും ചെയ്യുന്ന ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നു.
സി.എൻ.ജി വിപണിയിലെ കുതിപ്പ്
മാരുതി സുസുക്കിയുടെ S-CNG വാഹനങ്ങൾക്ക് വിപണിയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കമ്പനിയുടെ S-CNG വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58 ശതമാനം വർധനവ് രേഖപ്പെടുത്തി. 2026 ജൂലൈ മാസം 83,000 യൂനിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ സി.എൻ.ജി വിൽപ്പനയാണ് രേഖപ്പെടുത്തിയത്. നഗരങ്ങളിലെ കനത്ത ട്രാഫിക്കിൽ ഡ്രൈവിങ് ലളിതമാക്കാനും ഒപ്പം കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഓട്ടോമാറ്റിക് മോഡലുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

