സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ കാറുകളുടെ ഭാരം 100 കിലോഗ്രാം കുറക്കാൻ പദ്ധതി! വിപണിയിൽ പുതിയ നീക്കവുമായി സുസുക്കി
text_fieldsസുസുകി കാർ
വാഹനങ്ങളുടെ ഭാരം കുറക്കുന്നതിലൂടെ ഇന്ധനക്ഷമത വർധിപ്പിക്കാനും ഊർജ്ജ ഉപഭോഗം കുറക്കാനുമുള്ള പുതിയ പദ്ധതിയുമായി സുസുക്കി (Suzuki). 2030ഓടെ കാറുകളുടെ ഭാരം 100 കിലോഗ്രാം കുറക്കുക എന്നതാണ് സുസുക്കിയുടെ ലക്ഷ്യം. മാരുതി സുസുക്കി കാറുകളെയും ഭാവിയിൽ ഈ മാറ്റങ്ങൾ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
സുസുക്കിയുടെ 2026ലെ ടെക്നോളജി സ്ട്രാറ്റജി ബ്രീഫിംഗിലാണ് ഈ സുപ്രധാന വിവരങ്ങൾ അവതരിപ്പിച്ചത്. വാഹന ഘടന, നിർമാണ സാമഗ്രികൾ, മറ്റ് ഘടകങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തി ഭാരം കുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം, കൂടുതൽ കാര്യക്ഷമമായ കാറുകളും ഭാരം കുറഞ്ഞ സി.എൻ.ജി (CNG) മോഡലുകളും സ്വന്തമാക്കാൻ ഇത് സഹായകരമാകും.
ഭാരം കുറക്കാനുള്ള പ്രധാന വഴികൾ
ഒറ്റയടിക്ക് വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം വാഹനത്തിൻ്റെ ആർക്കിടെക്ചർ, പവർട്രെയിൻ, ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ, മറ്റ് ചെറിയ ഘടകങ്ങൾ എന്നിവയിലെല്ലാം സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തിയാണ് 100 കിലോ ഭാരം കുറക്കുന്നത്. ഗവേഷണങ്ങൾ വിജയിച്ചാൽ ഇത് 120 കിലോഗ്രാം വരെയാക്കാൻ സാധിക്കുമെന്നും കമ്പനി കണക്കാക്കുന്നു. സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് വാഹനത്തിനുള്ളിലെ ആഘാതങ്ങളെ നിയന്ത്രിക്കാനാണ് പദ്ധതി. എഞ്ചിനും യാത്രക്കാരും തമ്മിലുള്ള അകലം ക്രമീകരിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളിലൂടെ ഭാരം വർധിപ്പിക്കാതെ തന്നെ സുരക്ഷ ഉറപ്പാക്കുന്നു.
കൂടാതെ, വണ്ണവും കട്ടിയുമുള്ള ഹൈ-ടെൻസൈൽ സ്റ്റീൽ ഉപയോഗിക്കുന്നതിലൂടെ ഭാരം ഗണ്യമായി കുറക്കാൻ സാധിക്കും. കാറുകളിൽ ഉപയോഗിക്കുന്ന ചെറിയ ബോൾട്ടുകളുടെ വലുപ്പം കുറക്കുന്നത് പോലെയുള്ള സൂക്ഷ്മ കാര്യങ്ങളിൽ പോലും സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
സി.എൻ.ജി സിലിണ്ടറുകളിൽ വൻ മാറ്റം
ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനപ്രദമാകുന്ന മറ്റൊരു പ്രധാന പ്രഖ്യാപനം ഭാരം കുറഞ്ഞ സി.എൻ.ജി സിലിണ്ടറുകളുടെ നിർമ്മാണമാണ്. നിലവിലുള്ള 60 കിലോഗ്രാം ഭാരമുള്ള സ്റ്റീൽ സിലിണ്ടറുകൾക്ക് പകരം 20 കിലോഗ്രാം മാത്രം ഭാരമുള്ള റെസിൻ (Resin) സിലിണ്ടറുകൾ കൊണ്ടുവരാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏകദേശം 40 കിലോഗ്രാം ഭാരം കുറക്കാൻ സാധിക്കും.
ഭാരം കുറയുന്നത് വഴി സി.എൻ.ജി വാഹനങ്ങളുടെ ലഗേജ് സ്പേസിലെ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രകടനം മെച്ചപ്പെടുത്താനും സാധിക്കും. ഭാവിയിലെ മാരുതി സി.എൻ.ജി കാറുകളിൽ ഈ സാങ്കേതികവിദ്യ പ്രതീക്ഷിക്കാം. പെട്രോൾ-സി.എൻ.ജി സങ്കരത്തിന് പകരം സി.എൻ.ജി മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന (Mono-fuel system) ലളിതമായ വാഹനങ്ങളെക്കുറിച്ചും കമ്പനി പഠനം നടത്തിവരുന്നുണ്ട്.
പുതിയ നീക്കങ്ങൾക്കൊപ്പം പുതിയ ടർബോ-പെട്രോൾ എഞ്ചിനുകൾ, 48V ഹൈബ്രിഡ് സിസ്റ്റങ്ങൾ എന്നിവയും സുസുക്കി വികസിപ്പിക്കുന്നുണ്ട്. 2030ഓടെ കൂടുതൽ കാര്യക്ഷമമായ ചെറിയ കാറുകളും ശക്തമായ എസ്‌യുവികളും വിപണിയിലെത്തിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

