Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനങ്ങളിലെ വേഗനിയന്ത്രണ ചട്ടം കർശനമായി നടപ്പാക്കണം; സർക്കാറുകൾക്ക് നിർദേശം നൽകി സുപ്രീംകോടതി

text_fields
bookmark_border
വാഹനങ്ങളിലെ വേഗനിയന്ത്രണ ചട്ടം കർശനമായി നടപ്പാക്കണം; സർക്കാറുകൾക്ക് നിർദേശം നൽകി സുപ്രീംകോടതി
cancel

ന്യൂഡൽഹി: പൊതുഗതാഗത വാഹനങ്ങളിൽ വേഗനിയന്ത്രണ ഉപകരണങ്ങളോ സംവിധാനങ്ങളോ സ്ഥാപിക്കണമെന്ന ചട്ടം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം. ഒരു ദശാബ്ദത്തിലേറെയായി വ്യവസ്ഥ നിലവിലുണ്ടായിട്ടും ഇത് നടപ്പാക്കുന്നതിൽ വീഴ്ച തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.

കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ റൂൾ 118 പ്രകാരം വേഗനിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് വ്യവസ്ഥയുണ്ട്. പൊതുഗതാഗത വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി സ്പീഡ് ഗവർണറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് ചട്ടം. ഇവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നേരത്തെയും വിവിധ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.

എന്നാൽ, കോടതി ഉത്തരവുകളും നിലവിലുള്ള ചട്ടങ്ങളും ഉണ്ടായിട്ടും അവ നടപ്പാക്കുന്നതിൽ ആവശ്യമായ നടപടികൾ ഉണ്ടായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ സമിതി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കത്തയച്ചിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഗതാഗത സെക്രട്ടറിമാർ, ഗതാഗത കമീഷണർമാർ എന്നിവർക്കാണ് സമിതി ഇതുസംബന്ധിച്ച് കത്തയച്ചത്. എന്നിട്ടും വ്യവസ്ഥ നടപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്, കേന്ദ്രസർക്കാർ രൂപപ്പെടുത്തിയ നിയമപരമായ വ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാറുകൾ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

സർക്കാറിന് കോടതിയുടെ നിർദേശം എന്തിനാണ് ആവശ്യമായി വരുന്നതെന്നും ഇവ നിയമപരമായ വ്യവസ്ഥകളും ചട്ടങ്ങളുമാണെന്നും ബെഞ്ച് ചോദിച്ചു.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സർക്കാറുകളുടെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വേഗനിയന്ത്രണ സംവിധാനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court Tightens Speed Rules
Next Story