വാഹനം വിറ്റു, അക്കൗണ്ടിൽ നിന്ന് പണം പോകുന്നോ? ഫാസ്‌ടാഗ് ഡീആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ പണിപാളും...
text_fieldsകോഴിക്കോട്: പഴയ വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ ആർ.സി ബുക്ക് ഉൾപ്പെടെയുള്ള ഉടമസ്ഥാവകാശ രേഖകൾ പുതിയ ആളുടെ പേരിലേക്ക് മാറ്റിയതുകൊണ്ട് മാത്രം നിങ്ങളുടെ ഉത്തരവാദിത്തം തീരുന്നില്ല. വാഹനത്തിൽ സ്ഥാപിച്ചിട്ടുള്ള ഫാസ്‌ടാഗ് അക്കൗണ്ട് കൃത്യമായി നിർജ്ജീവമാക്കിയില്ലെങ്കിൽ, പുതിയ ഉടമ നടത്തുന്ന യാത്രകളുടെ ടോൾ തുക പഴയ ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടാൻ സാധ്യതയേറെയാണെന്ന് മുന്നറിയിപ്പ്.
റേഡിയോ ഫ്രീക്വൻസി സാങ്കേതികവിദ്യയിൽ (ആർ.എഫ്.ഐ.ഡി) പ്രവർത്തിക്കുന്ന ഫാസ്‌ടാഗ്, ഉടമയുടെ ബാങ്ക് വാലറ്റുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നത്. വാഹനം കൈമാറിയ ശേഷവും ഫാസ്‌ടാഗ് റദ്ദാക്കിയില്ലെങ്കിൽ, ടോൾ പ്ലാസകളിലൂടെ പുതിയ ഉടമ കടന്നുപോകുമ്പോൾ പഴയ അക്കൗണ്ടിൽ നിന്ന് സ്വമേധയാ തുക ഈടാക്കപ്പെടും. നാഷണൽ ഹൈവേ അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) നിബന്ധനപ്രകാരം വാഹനം വിൽക്കുമ്പോൾ മുൻ ഉടമ ഫാസ്‌ടാഗ് റദ്ദാക്കുകയും പുതിയ ഉടമ സ്വന്തം പേരിൽ പുതിയ ഫാസ്‌ടാഗ് എടുക്കുകയുമാണ് വേണ്ടത്.
ടാഗ് അനുവദിച്ച ബാങ്കിന്റെ കസ്റ്റമർ കെയർ സേവനമനുസരിച്ചോ ഔദ്യോഗിക ആപ്പ്/പോർട്ടൽ വഴിയോ അക്കൗണ്ട് നിർജ്ജീവമാക്കാനും വാലറ്റിൽ ബാക്കിയുള്ള തുക തിരികെ ലഭിക്കാനും അപേക്ഷ നൽകാം. ഇതിനായി വാഹനത്തിന്റെ രജിസ്‌ട്രേഷൻ വിവരങ്ങളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകേണ്ടതുണ്ട്. ബാങ്കുകൾ വഴി അക്കൗണ്ട് റദ്ദാക്കുന്നതിൽ തടസ്സം നേരിട്ടാൽ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയുടെ (ഐ.എച്ച്.എം.സി.ൽ) ഹെൽപ്പ്‌ലൈൻ വഴിയും പരാതി നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

