ബുദ്ധിയുള്ള ഇൻജക്ടറും വിശ്വസ്തനായ കാർബും!
text_fieldsനിങ്ങളുടെ ബൈക്കിന്റെ ഹൃദയം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് ആക്സിലറേറ്റർ കൊടുത്ത് പറപ്പിക്കുമ്പോൾ ആലോചിച്ചിട്ടുണ്ടോ? പെട്രോളും വായുവും തമ്മിൽ കലരുന്ന ആ മാന്ത്രിക നിമിഷത്തിന് പിന്നിൽ രണ്ട് നായകൻമാരുണ്ട്. ഒന്ന്, ആധുനിക ടെക്നോളജിയുടെ മിടുക്കനായ ഫ്യുവൽ ഇൻജക്ടർ (FI). മറ്റൊന്ന്, പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിശ്വസ്തനായ കാർബറേറ്റർ. ഈ രണ്ട് കഥാപാത്രങ്ങളെ അടുത്തറിയാം.
ഫ്യുവൽ ഇൻജക്ടർ
ഫ്യുവൽ ഇൻജക്ടർ ഒരു കമ്പ്യൂട്ടർ എൻജിനീയറെപ്പോലെയാണ്. ബൈക്കിലെ E.C.U (എൻജിൻ കൺട്രോൾ യൂനിറ്റ്) എന്ന കമ്പ്യൂട്ടറാണ് ഇതിനെ നിയന്ത്രിക്കുന്നത്.
കൃത്യത: എത്ര പെട്രോൾ വേണം, എപ്പോൾ വേണം, എത്ര സ്പീഡിലാണ് നൽകേണ്ടത് എന്നൊക്കെ സെൻസറുകൾ വഴി കൃത്യമായി അളക്കും.
മൈലേജ്: കൃത്യമായ അളവു മാത്രം ഉപയോഗിക്കുന്നതുകൊണ്ട് മൈലേജ് കൂടുതൽ കിട്ടും. പെട്രോൾ പാഴാകില്ല.
തണുത്ത കാലാവസ്ഥയിൽപോലും ബൈക്ക് വേഗത്തിൽ സ്റ്റാർട്ടാകും. ഓട്ടോ ചോക്ക് സംവിധാനമായതിനാൽ സ്റ്റാർട്ട് ചെയ്ത് ആദ്യ മിനിറ്റിൽ ശബ്ദം അൽപം കൂടുതലായിരിക്കും. ശബ്ദം നോർമലാകും വരെ ഐഡിൽ ഇടുകയാണ് പോംവഴി.
ചെറിയ പ്രശ്നം: തകരാറിലായാൽ നന്നാക്കാൻ ചെലവ് കൂടുതലാണ്.
കാർബറേറ്റർ
വിശ്വസ്തനായ കാർബറേറ്റർ പഴയ സ്കൂൾ മെക്കാനിക്കിനെപ്പോലെയാണ്. ടെക്നോളജിയുടെ വലിയ മാറാപ്പുകളില്ല.
ലാളിത്യം: എൻജിന്റെ വലിവ് ശക്തി (Vacuum) ഉപയോഗിച്ച് പെട്രോൾ വലിച്ചെടുത്ത് വായുവുമായി കലർത്തുന്നു.
റിപ്പയർ എളുപ്പം: ലോക്കൽ വർക്ക്ഷോപ്പിൽ കൊടുത്താൽപോലും ഇത് എളുപ്പത്തിൽ നന്നാക്കാം. ചെലവ് കുറവാണ്.
പ്രധാന പ്രശ്നം: കൃത്യത കുറവായിരിക്കും. തണുപ്പുകാലത്ത് ബൈക്ക് സ്റ്റാർട്ടാക്കാൻ ചോക്ക് വലിച്ച് കുറച്ച് കഷ്ടപ്പെടേണ്ടിവരും. കൂടാതെ, കൂടുതൽ പുക പുറത്തേക്ക് വിടുന്നതുകൊണ്ട് പുതിയ പൊലൂഷൻ നിയമങ്ങൾ (BS6 പോലുള്ളവ) പാലിക്കാൻ ബുദ്ധിമുട്ടും.
ആരാണ് താരം?
പരിസ്ഥിതി നിയമങ്ങളും മികച്ച മൈലേജും സുഗമമായ ഓട്ടവും കണക്കിലെടുക്കുമ്പോൾ, ഫ്യുവൽ ഇൻജക്ടറാണ് പുതിയ ബൈക്കുകളുടെ താരം. അതുകൊണ്ടാണ് ഇന്ന് നിരത്തിലിറങ്ങുന്ന മിക്കവാറും എല്ലാ പുതിയ മോഡലുകളും ഈ സ്മാർട്ട് സാങ്കേതികവിദ്യയിലേക്ക് മാറിയത്. എന്നാൽ, കുറഞ്ഞ വിലയും ആർക്കും നന്നാക്കാൻ കഴിയുന്ന ലാളിത്യവും കാർബറേറ്ററിനെ പ്രിയങ്കരമാക്കുന്നു. വില കുറഞ്ഞ ബൈക്കുകളിലെല്ലാം കാർബറേറ്ററാണുള്ളത്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

