ഗിന്നസ് വേൾഡ് റെക്കോഡ് നിറവിൽ സ്കോഡ സൂപ്പർബ്; ഫുൾ ടാങ്ക് ഡീസലിൽ സഞ്ചരിച്ചത് 2,831 കിലോമീറ്റർ!
text_fieldsസ്കോഡ സൂപ്പർബ് കാറിൽ ഇന്ധനം നിറക്കുന്ന മിക്കോ മാർസിക്
ചെക്ക് റിപ്പബ്ലിക്കൻ കരുത്തരായ സ്കോഡ ഗിന്നസ് വേൾഡ് റെക്കോഡ് നേട്ടത്തിൽ. ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് സ്‌കോഡയുടെ വാഹനത്തിൽ എത്ര കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നതിന് സൂപ്പർബ് സെഡാനിലൂടെയാണ് കമ്പനി മറുപടി നൽകുന്നത്. ഫുൾ ടാങ്ക് ഡീസലിൽ 2,831 കിലോമീറ്റർ സഞ്ചരിച്ച കാറിനെക്കുറിച്ച് അതിശയം തോന്നുമെങ്കിലും വാസ്തവം അതാണ്.
സ്‌കോഡയുടെ വാഹനനിരയിലെ മിന്നും താരമാണ് പ്രീമിയം സെഡാൻ സൂപ്പർബ്. 2025ലെ യൂറോപ്യൻ റാലി ചാമ്പ്യൻഷിപ്പിൽ ജേതാവായ മിക്കോ മാർസികാണ് സ്കോഡ സൂപ്പർബിനെ ഈ നേട്ടത്തിലേക്കെത്തിച്ചത്. തന്റെ സ്വന്തം സൂപ്പർബ് സെഡാൻ കൊണ്ടാണ് മിക്കോ റെക്കോഡിലേക്കുള്ള ഡ്രൈവ് നടത്തിയത്.
നാലാം തലമുറയിലെ ഈ സെഡാൻ വാഹനം 2.0-ലിറ്റർ ഫോർ-സിലിണ്ടർ ടി.ഡി.ഐ ടർബോ ഡീസൽ എൻജിനിൽ നിരത്തുകളിൽ എത്തുന്നു. 7 സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയിണക്കിയ ഈ എൻജിൻ 148 ബി.എച്ച്.പി പവറും 360 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിച്ച് 220 km/h വരെ ഉയർന്ന വേഗത കൈവരിക്കുന്നു. ഫ്രണ്ട്-വീൽ ഡ്രൈവിൽ സജ്ജീകരിച്ചിരിക്കുന്ന വാഹനം 100 കിലോമീറ്റർ സഞ്ചരിക്കാൻ 2.61 ലീറ്റർ ഇന്ധനം മാത്രമാണ് ഉപയോഗിച്ചത്. അതായത് ഒരു ലീറ്ററിൽ മിനിമം 38 കിലോമീറ്റർ മൈലേജ് സൂപ്പർബ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. വാഹനത്തിന്റെ ടാങ്ക് കപ്പാസിറ്റി 66 ലിറ്ററാണ്.
വ്യതിരിക്തമായ ക്രിസ്റ്റലിൻ ഡിസൈനിൽ എൽ.ഇ.ഡി മാട്രിക്സ് ബീം ഹെഡ് ലൈറ്റും പിറകുവശത്തെ പൊതിയുന്ന രീതിയിലുള്ള ടൈൽ ലൈറ്റും സൂപ്പർബിൽ സ്കോഡ നൽകിയിട്ടുണ്ട്. ടയറുകൾ 19 ഇഞ്ച് അലോയ് വീലുകളാണ്. കാബിൻ പരിശോധിച്ചാൽ, 13-ഇഞ്ചിന്റെ ഫ്രീ സ്റ്റാൻഡിങ് ടച്ച്സ്ക്രീൻ, 10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, സ്മാർട്ട് ഡയൽ സെന്റർ കൺസോൾ, മുൻവശത്ത് ഹീറ്റഡ്, വെന്റിലേറ്റഡ്, മസ്സാജ് സൗകര്യങ്ങളുള്ള സീറ്റുകൾ, ത്രീ-സോൺ ഓട്ടോമാറ്റിക് കണ്ട്രോൾ, 12 സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം എന്നിവ ഉൾവശത്തെ പ്രത്യേകതകളാണ്.
സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല സൂപ്പർബ് സെഡാൻ. സ്റ്റാൻഡേർഡ് ആയി 10 എയർബാഗുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ഇ.എസ്.സി), ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, 360 ഡിഗ്രി കാമറ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

