കൈലാക്ക് വന്നു, ഷോറൂമിൽ തിരക്കോട് തിരക്ക്; കാത്തിരിപ്പ് കാലയളവ് നാല് മാസം വരെ നീട്ടി സ്കോഡ
text_fieldsന്യൂഡൽഹി: ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഇന്ത്യയിൽ അവതരിപ്പിച്ച എസ്.യു.വി കൈലാക്കിന്റെ ഡെലിവറി ആരംഭിച്ചു. സ്‍കോഡ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന സബ് കോംപാക്റ്റ് എസ്.യു.വിയായ കൈലാക്ക് സ്വന്തമാക്കാൻ വലിയ തിരക്കായതോടെ കമ്പനി കാത്തിരിപ്പ് കാലയളവ് വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
7.89 ലക്ഷം മുതൽ 14.40 ലക്ഷം രൂപ വരെ വിലവരുന്ന കൈലാഖിനായി പരമാവധി നാലു മാസത്തെ കാത്തിരിപ്പ് കാലയളവാണ് കമ്പനി പറയുന്നത്.
അത് വേരിയന്റിനെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കും. കഴിഞ്ഞ വർഷം നവംബറിലാണ് സ്കോഡ് കൈലാക്ക് അവതരിപ്പിക്കുന്നത്.
ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാക്ക് വരുന്നത്. ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ്, ടൊര്‍ണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകും.
ആദ്യ ഘട്ടത്തിൽ മെയ് മാസത്തോടെ കൈലാക്കിന്റെ 33,000 യൂനിറ്റുകൾ വിതരണം ചെയ്യാനാണ് സ്‌കോഡ പദ്ധതിയിടുന്നത്. ഉൽപ്പാദനത്തിന്റെ ഭൂരിഭാഗവും ഉയർന്ന സ്‌പെക് വേരിയൻറുകളായിരിക്കും. ക്ലാസിക് ട്രിമ്മിന് നാല് മാസം വരെ കാത്തിരിപ്പാണ് കമ്പനി പറയുന്നത്. മാനുവൽ ഗിയർബോക്സിലും പരിമിതമായ കളർ ഓപ്ഷനുകളിലും മാത്രമേ ലഭ്യമാകൂവെങ്കിലും ക്ലാസിക് ട്രിമ്മിന് ഡിമാന്റ് കൂടുതലാണ്.
എഞ്ചിൻ, സവിശേഷതകൾ
1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനിലാണ് കൈലാക്ക് വരുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്‌ഐ എഞ്ചിന് 113 ബി.എച്ച്.പി പവറും 179 എൻ.എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. മാനുവലിന് 19.05 കിലോമീറ്ററും ടോർക്ക് കൺവെർട്ടറിന് 19.68 ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.
കൈലാക്കിന് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. കൂടാതെ ഫീച്ചറുകളുടെ കാര്യത്തിൽ, ടോപ്പ്-സ്പെക്കിന് 10 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, പവർഡ് വെൻറിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, ആംബിയൻറ് ലൈറ്റിങ്, വയർലെസ് ആപ്പിൾ കാർപ്ലേ എന്നിവയും ലഭിക്കുന്നു. അടുത്തിടെ, ഭാരത് എൻ.സി.എപിയിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും കൈലാക്ക് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

