സീറ്റ് ബെൽറ്റ് തകരാർ; സ്‌കോഡയും ഫോക്സ്‍വാഗണും 47,235 കാറുകൾ തിരിച്ചുവിളിക്കുന്നു
text_fieldsന്യൂഡൽഹി: വാഹനത്തിന്റെ സീറ്റ് ബെൽറ്റുകൾ തകരാറിലാകുന്നതിനെ തുടർന്ന് 47,235 കാറുകൾ തിരിച്ചുവിളിക്കാനൊരുങ്ങി സ്‌കോഡയും ഫോക്സ്‍വാഗണും. സ്‌കോഡയുടെ കൈലാഖ്, കുഷാഖ്, സ്ലാവിയ എന്നീ മോഡലുകളും ഫോക്സ്‍വാഗണിന്റെ ടൈഗൺ, വിർടസ് എന്നീ മോഡലുകളുമാണ് കമ്പനികൾ തിരിച്ചു വിളിക്കുന്നത്. ഇപ്പോൾ സീറ്റ് ബെൽറ്റ് തകരാറിലാക്കുന്ന യൂനിറ്റുകളെല്ലാം തന്നെ 2024 മെയ് 24നും 2025 ഏപ്രിൽ 1നും ഇടയിൽ നിർമ്മിച്ചവയാണ്.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽസ് മാനുഫാക്ചറേഴ്‌സ് (എസ്.ഐ.എ.എം) പ്രകാരം, പിൻ സീറ്റ് ബെൽറ്റ് അസംബ്ലിയിലാണ് തകരാർ നേരിടുന്നത്. വാഹനം കൂട്ടിയിടിച്ചാൽ പിൻ സീറ്റ് ബെൽറ്റിന്റെ 'ബക്കിൾ ലാച്ച് പ്ലേറ്റ്' പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. കൂടാതെ, പിൻഭാഗത്തെ സീറ്റ് ബെൽറ്റിന്റെ വെബ്ബിങും പിൻഭാഗത്തെ തന്നെ വലതുവശത്തെ സീറ്റ് ബെൽറ്റിന്റെ ബക്കിളും പൊട്ടിപോകാൻ സാധ്യതയുണ്ട്.
സ്കോഡ കൈലാഖ്, കുഷാഖ്, സ്ലാവിയ മോഡലുകളിലായി 25,722 യൂനിറ്റുകളും ഫോക്സ്‍വാഗണിന്റെ ടൈഗൺ, വിർടസ് മോഡലുകളുടെ 21,513 യൂനിറ്റുകളുമാണ് കമ്പനികൾ തിരിച്ചു വിളിക്കുന്നത്.
ഇതുവരെ ഇരു വാഹനനിർമ്മാതാക്കളും ഔദ്യോഗികമായി പ്രസ്താവനകൾ പുറത്തിറക്കിയിട്ടില്ലെങ്കിലും സ്‌കോഡയും ഫോക്സ്‍വാഗണും ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വാഹന ഉടമകൾക്ക് അവരുടെ കാർ തിരിച്ചുവിളിക്കലിന്റെ ഭാഗമാണോ എന്ന് പരിശോധിക്കാൻ അവരുടെ വാഹന തിരിച്ചറിയൽ നമ്പർ (വി.ഐ.എൻ) നൽകുന്നതിന് ഇരു കമ്പനികളും പ്രത്യേക മൈക്രോസൈറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

