ഒറ്റ ചാർജിൽ 1,205 കിലോമീറ്റർ സഞ്ചരിക്കും; സൗദി പിന്തുണയിൽ നിർമിക്കുന്ന ഇ.വിക്ക് രണ്ടാം ഗിന്നസ് റെക്കോഡ്
text_fieldsറിയാദ്: അറബ് രാജ്യങ്ങളിൽ ശക്തരായ സൗദി അറേബ്യയുടെ പിന്തുണയോടെ അമേരിക്കൻ ഇ.വി നിർമാതാക്കളായ ലൂസിഡ് മോട്ടോർസ് ഒറ്റ ചാർജിൽ ഏറ്റവും ദൂരം സഞ്ചരിക്കുന്ന ഇലക്ട്രിക് കാറെന്ന രണ്ടാമത്തെ ലോക ഗിന്നസ് റെക്കോർഡ് ഇതിനോടകം നേടി കഴിഞ്ഞു. കമ്പനിയുടെ ലൂസിഡ് 'എയർ ഗ്രാൻഡ് ടൂറിങ്' മോഡലാണ് ഒറ്റ ചാർജിൽ 1,205 കിലോമീറ്റർ സഞ്ചരിച്ച് റെക്കോർഡ് സ്വന്തമാക്കിയത്. ലൂസിഡ് മോട്ടോഴ്സിന്റെ ആദ്യ റെക്കോർഡായ 1,045 കിലോമീറ്റർ നേട്ടത്തിൽ മിന്നും 160 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് എയർ ഗ്രാൻഡ് ടൂറിങ് മോഡൽ ഈ നേട്ടം കൈവരിച്ചത്.
സ്വിറ്റ്‌സർലാൻഡിലെ സെന്റ് മോറിറ്റ്സിൽ നിന്ന് ജർമനിയിലെ മ്യൂണിക്കിലേക്കുള്ള 1,205 കിലോമീറ്ററാണ് ഒറ്റ ചാർജിൽ എയർ ഗ്രാൻഡ് ടൂറിങ് മോഡൽ സഞ്ചരിച്ചത്. ഈ നേട്ടം ഇലക്ട്രിക് വാഹന മേഖലയിൽ ഒരു സുപ്രധാന കുതിച്ചുചാട്ടമാണ്. ഇത് ആഗോള ഇലക്ട്രിക് മൊബിലിറ്റി മേഖലയിൽ സൗദി അറേബ്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കൂടുതൽ ശക്തമാകും.
ഇലക്ട്രിക് വാഹനങ്ങളുടെ കരുത്തിൽ ലൂസിഡ് മോട്ടോഴ്സിന്റെ രണ്ടാമത്തെ ഗിന്നസ് ലോക റെക്കോർഡാണിത്. ഒറ്റ ചാർജിൽ ഒമ്പത് ലോക രാജ്യങ്ങളിലൂടെ 1,045 കിലോമീറ്റർ സഞ്ചരിച്ചുകൊണ്ട് 2024ലാണ് ലൂസിഡ് മോട്ടോർസ് ആദ്യ നേട്ടം കൈവരിക്കുന്നത്. രണ്ട് ലോക റെക്കോഡുകൾക്കും നേതൃത്വം നൽകിയത് ലണ്ടൻ ആസ്ഥാനമായുള്ള സംരംഭകനായ ഉമിത് സബാൻസിയാണ്.
ലൂസിഡ് എയർ ഗ്രാൻഡ് ടൂറിങ്
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളാണ് 'ലൂസിഡ് മോട്ടോർസ്'. ഇവർ 'ലൂസിഡ് ഗ്രൂപ്പ്' എന്നും അറിയപ്പെടുന്നുണ്ട്. 2007ലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കത്തിൽ ബാറ്ററി ടെക്‌നോളജിയും പവർട്രെയിനും മറ്റ് വാഹന നിർമാണ കമ്പനികൾക്ക് നിർമിച്ചു നൽകിയ ലൂസിഡ് മോട്ടോർസ് ആഡംബര വാഹന നിർമാണങ്ങൾ ആദ്യമായി ആരംഭിക്കുന്നത് 2016ലാണ്. പിന്നീട് 2018ൽ ആദ്യത്തെ അന്താരാഷ്ട്ര നിർമാണ പ്ലാന്റ് 1 ബില്യൺ നിക്ഷേപത്തിൽ സൗദിയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ആരംഭിച്ചു. നിലവിൽ 5,000 യൂനിറ്റ് വാഹനങ്ങളാണ് ഓരോ വർഷവും കമ്പനി സൗദിയിൽ നിർമിക്കുന്നത്.
അഞ്ച് സീറ്റർ സെഡാൻ മോഡലിൽ വിപണിയിൽ എത്തുന്ന ഒരു ആഡംബര വാഹനമായാണ് ലൂസിഡ് മോട്ടോർസ് എയർ ഗ്രാൻഡ് ടൂറിങ്. ആറ് വ്യത്യസ്‍ത നിറങ്ങളിൽ ലഭിക്കുന്ന വാഹനത്തിൽ അത്യാധുനിക ഫീച്ചറുകളെല്ലാം തന്നെ ലൂസിഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ചാർജിൽ 1,205 കിലോമീറ്റർ സഞ്ചരിക്കാവുന്ന വാഹനം ഓൾ-വീൽ ഡ്രൈവ് മോഡലിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 16 മിനിറ്റ് ഫാസ്റ്റ് ചാർജിങ്ങിൽ 400 കിലോമീറ്റർ വരെ റേഞ്ചും ഈ ഇ.വി വാഗ്‌ദാനം ചെയ്യുന്നുണ്ട്. വാഹനത്തിന്റെ മാക്‌സിമം പവർ 819 എച്ച്.പിയാണ്. ഈ കരുത്തിൽ 270 കി.മീ/മണിക്കൂർ ടോപ് സ്പീഡ് കൈവരിക്കാൻ ഈ മോഡലിനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

