റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്കായ 'ഫ്ലൈയിങ് ഫ്ലീ സി6' ഉടൻ വിപണിയിലേക്ക്!
text_fieldsറോയൽ എൻഫീൽഡ് ഫ്ലൈയിങ് ഫ്ലീ സി6
ബെംഗളൂരു: ഐതിഹാസിക ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ, ഫ്ലൈയിങ് ഫ്ലീ സി6 (Flying Flea C6) ഏപ്രിൽ 10ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. ഇലക്ട്രിക് വാഹന (ഇവി) മേഖലയിലേക്കുള്ള ബ്രാൻഡിന്റെ സുപ്രധാന ചുവടുവെപ്പാണിത്. വാഹനം വിപണിയിൽ എത്തുന്ന ദിവസംതന്നെ ബ്രാൻഡിന്റെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം ബെംഗളൂരുവിൽ പ്രവർത്തനമാരംഭിക്കും.
15.4 kW കരുത്തുള്ള പി.എം.എസ്.എം ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തിലെത്തുന്ന ഇലക്ട്രിക് ബൈക്ക്, 20 ബി.എച്.പി കരുത്ത് ഉത്പാദിപ്പിക്കും. കൂടാതെ വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കുന്ന മോട്ടോർസൈക്കിൾ മണിക്കൂറിൽ 115 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കും. 3.91 kWh ബാറ്ററി പക്കാണ് ഇലക്ട്രിക് മോഡലിൽ ഉപയോഗിച്ചിരിക്കുന്നു. ഐ.ഡി.സി റേഞ്ച് അനുസരിച്ച് ഒറ്റചാർജിൽ 154 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓൺബോർഡ് ചാർജർ വഴി വെറും 65 മിനിറ്റിനുള്ളിൽ ബാറ്ററി 20% നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം. വെറും 124 കിലോഗ്രാം മാത്രമാണ് ഈ ബൈക്കിന്റെ ഭാരം. റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമാണിത്.
രണ്ടാം ലോകമഹായുദ്ധ കാലത്തെ പ്രശസ്തമായ 'ഫ്ലൈയിങ് ഫ്ലീ' ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇലക്ട്രിക് ബൈക്കിന്റെ രൂപകൽപ്പന റോയൽ എൻഫീൽഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. എക്സ്പോസ്ഡ് ഫ്രെയിം, ഗിർഡർ ടൈപ്പ് ഫ്രണ്ട് സസ്പെൻഷൻ, ഫ്ലോട്ടിങ് സീറ്റ് എന്നിവ ബൈക്കിന് വ്യത്യസ്തമായ ലുക്ക് നൽകുന്നു. ബാറ്ററി കേസിനായി അലുമിനിയം ഉപയോഗിച്ചത് ബൈക്കിന്റെ എയറോഡൈനാമിക്സിനും കൂളിങ്ങിനും സഹായകമാണ്. ഗൂഗിൾ അധിഷ്ഠിത ഓൺബോർഡ് നാവിഗേഷൻ, കോർണറിങ് എ.ബി.എസ് (Cornering ABS), ട്രാക്ഷൻ കൺട്രോൾ, വയർലെസ് ഫോൺ ചാർജിങ്, സ്പോർട്ട്, ഇൻഡിവിജ്വൽ എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകൾ തുടങ്ങിയവ ഫ്ലൈയിങ് ഫ്ലീ സി6 ഇലക്ട്രിക് ബൈക്കിന്റെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

