റൈഡർ മാനിയയിൽ തരംഗമായി സൂപ്പർ മീറ്റിയോർ 650; ജനുവരിയിൽ നിരത്തിലെത്തും
text_fieldsഏറെക്കാലമായി വാഹനപ്രേമികൾ കാത്തിരുന്ന ക്രൂസർ മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650. മിലാൻ ഓട്ടോഷോയിലാണ് വാഹനം പുറത്തിറക്കിയത്. ഗോവയിൽ നടക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയയിൽ വാഹനം അവതരിപ്പിച്ചിട്ടുണ്ട്. 2023 ജനുവരിയിൽ സൂപ്പർ മീറ്റിയോർ രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിക്കും എന്നാണ് എൻഫീൽഡ് വെളിപ്പെടുത്തിയിരിക്കുന്നത്.
പുറത്തിറങ്ങുമ്പോൾ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ റോയൽ എൻഫീൽഡ് ബൈക്കായിരിക്കും സൂപ്പർ മീറ്റിയോർ 650. സ്റ്റാൻഡേർഡ്, ടൂറർ എന്നീ മോഡലുകളിലാണ് വാഹനം വിപണിയിലെത്തുക. ട്രിപ്പർ നാവിഗേഷൻ. എൽ.ഇ.ഡി ഹെഡ്ലൈറ്റ് എന്നിവ സ്റ്റാന്റേർഡാണ്.
റോയൽ എൻഫീല്‍ഡ് ഇന്റർസെപ്റ്റർ, കഫേറേസർ തുടങ്ങിയ ബൈക്കുകളിൽ ഉപയോഗിക്കുന്ന 650 സിസി പാരലൽ ട്വിൻ എൻജിനാണ് പുതിയ ബൈക്കിലും. 7,250 ആര്‍പിഎമ്മില്‍ 47 hp പവര്‍ എഞ്ചിന്‍ നല്‍കും. 5,650 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കാണ് എഞ്ചില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഏകദേശം 241 കിലോഗ്രാം ആണ് സൂപ്പര്‍ മീറ്റിയോറിന്റെ ഭാരം. എൻഫീൽഡ് ബൈക്കുകളിൽ ഏറ്റവും ഭാരംകൂടിയ വാഹനമാണിത്. ഹാർലി ഡേവിഡ്സൺ, ട്രയംഫ് അടക്കമുള്ള വാഹനങ്ങളുടെ ക്രൂസർ ബൈക്കുകളോട് കിടപിടിക്കുന്ന രൂപഭംഗിയുമായാണ് വാഹനം എത്തിയിരിക്കുന്നത്.
ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മറ്റ് ആർ.ഇ ബൈക്കുകളുടേതിന് സമാനമാണ്. 19 ഇഞ്ച് മുൻ വീലുകളും 16 ഇഞ്ച് പിൻ വീലുകളും വാഹനത്തിന് മികച്ച ലുക്ക് നൽകുന്നുണ്ട്. ഷോവയുടെ 43 എംഎം അപ്സൈഡ് ഡൗൺ ഫോർക്കാണ് (യുഎസ്ഡി) മുന്നിൽ. ആദ്യമായാണ് റോയൽ എൻഫീൽഡ് യുഎസ്ഡി സസ്പെൻഷൻ ഉപയോഗിക്കുന്നത്. കൂടാതെ റോയൽ എൻഫീൽഡിന്റെ ആദ്യത്തെ ഫുൾ എൽ.ഇ.ഡി ഹെഡ്‌ലാംപും സൂപ്പർ മീറ്റിയോർ 650 ലൂടെ അരങ്ങേറ്റം കുറിച്ചു.
മുന്നിൽ 320 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 300 എംഎം ഡിസ്ക് ബ്രേക്കുമാണ് ഉപയോഗിക്കുന്നത്. ഡ്യൂവൽ ചാനൽ എബിഎസാണ് ഉപയോഗിക്കുന്നത്. ടിയർഡ്രോപ് ആകൃതിയിലുള്ള 15.7 ലീറ്റർ ഫ്യൂവൽ ടാങ്കാണ്. റൗണ്ട് ഷെയ്പ്പിലുള്ള ലളിതമായ ടെയിൽ ലാംപാണ് പിന്നിൽ. നമ്പർ പ്ലേറ്റിനോട് ചേർന്നാണ് ഇൻഡികേറ്ററുകളുടെ സ്ഥാനം. നാല് ലക്ഷത്തിനടുത്താണ് വില പ്രതീക്ഷിക്കുന്നത്.