
കൈപൊള്ളിക്കാതെ റോയൽ എൻഫീൽഡ്; സൂപ്പർ മീറ്റിയോർ വില പ്രഖ്യാപനം ആഘോഷിച്ച് ആരാധകർ
text_fieldsറോയൽ എൻഫീൽഡിന്റെ ഫ്ലാഗ്ഷിപ്പ് ക്രൂസർ സൂപ്പർ മീറ്റിയോർ 650 രാജ്യത്ത് അവതരിപ്പിച്ചു. 650 സി.സി ക്രൂസർ ബൈക്ക് സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് ട്രിമ്മുകളിലും മൂന്ന് കളർ വേരിയന്റുകളിൽ ലഭ്യമാകും. 3.49 ലക്ഷം മുതൽ 3.79 വരെയാണ് ബൈക്കിന്റെ വില. ഏറ്റവും താഴെയുള്ള ആസ്ട്രൽ വേരിയന്റിന് 3.49 ലക്ഷവും ഉയർന്ന സെലസ്റ്റിയൽ വേരിയന്റിന് 3.79 ലക്ഷവുമാണ് വില.
എൻട്രി ലെവൽ ആസ്ട്രൽ കറുപ്പ്, നീല, പച്ച എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. മിഡ്-സ്പെക് ഇന്റർസ്റ്റെല്ലാറിന് ഗ്രേ, ഗ്രീൻ ഡ്യുവൽ ടോൺ പെയിന്റ് ഓപ്ഷനുകൾ ലഭിക്കും. 3.64 ലക്ഷം രൂപയാണ് ഈ വിഭാഗത്തിലെ വില. വലിയ ഫ്രണ്ട് വിൻഡ്‌സ്‌ക്രീൻ, ടൂറിങ് സീറ്റ്, പില്യൺ ബാക്ക്‌റെസ്റ്റ് എന്നിങ്ങനെയുള്ള ചില ആക്‌സസറികൾ റേഞ്ച്-ടോപ്പിങ് സെലസ്റ്റിയലിന് സ്റ്റാൻഡേർഡായി ലഭിക്കും. നേരത്തേ ഗോവയിൽ നടന്ന റൈഡർ മാനിയയിൽ വാഹനം വെളിപ്പെടുത്തിയിരുന്നു.
15.7 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുള്ള ക്രൂസറിന് 1500 എം.എം വീൽബേസ് ലഭിക്കും. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2260mm, 890mm (മിററുകളില്ലാതെ), 1155mm എന്നിങ്ങനെയാണ്. ഫുൾ-എൽ.ഇ.ഡി ഹെഡ്‌ലാമ്പും ട്രിപ്പർ നാവിഗേഷൻ പോഡും സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ് സൂപ്പർ മെറ്റിയർ 650. അലുമിനിയം ഫിനിഷ്‍ഡ് സ്വിച്ച് ക്യൂബുകൾ അതിന്റെ പ്രീമിയം ആകർഷണം വർധിപ്പിക്കുന്നു. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, എഞ്ചിൻ കേസിംഗുകളിൽ ബ്ലാക്ക് ഫിനിഷ്, ഹെഡ്, വൃത്താകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽലാമ്പുകൾ എന്നിവ ഇതിന്റെ മറ്റ് ചില പ്രധാന സവിശേഷതകളാണ്.
648 സിസി, എയർ-ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് വാഹനത്തിന്. അത് 7,250 ആർപിഎമ്മിൽ പരമാവധി 47 ബിഎച്ച്പി പവർ പുറപ്പെടുവിക്കുന്നു. ഇതിന്റെ ടോർക്ക് 5,650 ആർപിഎമ്മിൽ 52 എൻഎം ആണ്. പരമാവധി ടോർക്കിന്റെ 80 ശതമാനവും 2,500 ആർപിഎമ്മിൽ എത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. 6 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഷോവ 43 എംഎം യുഎസ്ഡി ഫോർക് സസ്പെൻഷനോട് കൂടിയ ബ്രാൻഡിന്റെ ആദ്യ മോഡലാണ് റോയൽ എൻഫീൽഡിന്റെ പുതിയ 650 സിസി ക്രൂയിസർ. ഇതിന് പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് യൂനിറ്റ് ലഭിക്കുന്നു. 320എംഎം ഡിസ്‌ക്, 300എംഎം ഡിസ്‌ക് പിൻ ബ്രേക്കുകളിൽ നിന്നാണ് ബ്രേക്കിങ് പവർ ലഭിക്കുന്നത്. 100/90-19 ഫ്രണ്ട്, 150/80-16 പിൻ ടയറുകൾ ഉപയോഗിച്ചാണ് മോഡൽ അസംബിൾ ചെയ്തിരിക്കുന്നത്. 241 കിലോഗ്രാം ഭാരമുള്ള റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ആണ് കമ്പനിയുടെ ഏറ്റവും ഭാരമേറിയ ബൈക്ക്. എന്നിരുന്നാലും, ഏറ്റവും കുറഞ്ഞ സീറ്റ് ഉയരവും (740 എംഎം) ഗ്രൗണ്ട് ക്ലിയറൻസും (135 എംഎം) ഉണ്ട്.