ഒാട്ടത്തിനിടെ എഞ്ചിൻ ഓഫാക്കിയാൽ പിന്നെ സ്റ്റാർട്ടാകില്ല; റോയൽ എൻഫീൽഡ് സ്ക്രാം 440-യുടെ ബുക്കിങ്ങും വിൽപനയും താത്കാലികമായി നിർത്തി
text_fieldsചെന്നൈ: ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ റോയൽ എൻഫീൽഡ് സ്ക്രാം 440 ബുക്കിങ്ങും ഡെലിവറിയും താത്കാലികമായി നിർത്തിവെച്ചു. എഞ്ചിന്റെ സാങ്കേതിക തകരാറാണ് നിർത്തിവെക്കാൻ കാരണം.
ഒാട്ടത്തിനിടെ എഞ്ചിൻ ഓഫാക്കിയാൽ പിന്നെ വാഹനം സ്റ്റാർട്ട് ആകുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നു. ട്രാഫിക് സിഗ്നലുകളിൽ കുടുങ്ങിയ സ്ക്രാം 440 ന്റെ വാർത്തകളും വന്നിരുന്നു.
എൻജിനിലെ മാഗ്നറ്റിക് കോയിലിനുള്ളിലുള്ള 'വുഡ്റഫ് കീ' എന്ന് വിളിക്കുന്ന ഘടകത്തിലെ തകരാറാണ് വാഹനത്തിന് തിരിച്ചടിയായത്.
ഏപ്രിൽ 10മുതൽ സ്ക്രാം 440ന്റെ പുതിയ ഓർഡറുകൾ സ്വീകരിക്കുകയോ പുതിയ യൂനിറ്റുകൾ ഡീലർഷിപ്പിലേക്ക് അയക്കുകയോ ചെയ്തിട്ടില്ല. ഇതുവരെ ഡീലർഷിപ്പുകളിലേക്ക് അയച്ച ബൈക്കുകളിൽ വെറും രണ്ട് ശതമാനത്തെ മാത്രമാണ് തകരാർ ബാധിച്ചിട്ടുള്ളതെന്നാണ് അധികൃതരുടെ വിശദീകരണം.
മോട്ടോർസൈക്കിളുകളിൽ ഘടിപ്പിക്കാനായി കമ്പനി പുതിയ ഘടകം അയച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം, ബുക്കിങ്ങും ഡെലിവറിയും എപ്പോൾ പുനരാരംഭിക്കുമെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പഴയ സ്‌ക്രാം 411 പരിഷ്‌കരിച്ചാണ് റോയൽ എൻഫീൽഡ് തങ്ങളുടെ 400 സിസി ബൈക്കുകളിൽ ഒന്നായ സ്‌ക്രാം 440 പുറത്തിറക്കിയത്.
ഇതിന്റെ പ്രാരംഭ വില 2.08 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. വിപണിയിൽ, ഇത് യെസ്ഡി സ്ക്രാംബ്ലർ, ട്രയംഫ് സ്ക്രാംബ്ലർ എന്നിവയുമായി മത്സരിക്കുന്നു. പഴയ ഹിമാലയൻ 411 പ്ലാറ്റ്‌ഫോമുമായി സ്‌ക്രാം 440 അതിന്റെ അടിസ്ഥാന ഘടകങ്ങൾ പങ്കിടുന്നു. അപ്‌ഡേറ്റ് ചെയ്‌ത മോട്ടോർസൈക്കിളിൽ വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിൻ, ആറ് സ്പീഡ് ഗിയർബോക്‌സ്, നിരവധി മെക്കാനിക്കൽ അപ്‌ഡേറ്റുകൾ എന്നിവയുണ്ട്. പരിഷ്കരിച്ച എഞ്ചിൻ 6,250 ആർ.പി.എം-ൽ 25.4 ബി.എച്ച്.പി കരുത്തും 4,000 ആർ.പി.എം-ൽ 34 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

