സൂപ്പർ മീറ്റിയോർ 650 ക്രൂസർ ഡെലിവറി ആരംഭിച്ച് റോയൽ എൻഫീൽഡ്; വില 3.5 മുതൽ 3.79 ലക്ഷംവരെ
text_fieldsആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന സൂപ്പർ മീറ്റിയോർ 650 ക്രൂയിസർ ഡെലിവറി റോയൽ എൻഫീൽഡ് ആരംഭിച്ചു. റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് സൂപ്പർ മീറ്റിയോർ 650 . ആസ്ട്രൽ, ഇന്റർസ്റ്റെല്ലാർ, സെലസ്റ്റിയൽ എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ ൈബക്ക് ലഭിക്കും. യഥാക്രമം 3.5 ലക്ഷം, 3.64 ലക്ഷം, 3.79 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.
റോയലിന്റെ തന്നെ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ അതേ എഞ്ചിനാണ് സൂപ്പർ മീറ്റിയോറിലും ഉപയോഗിക്കുന്നത്. 648 സിസി, എയർ-ഓയിൽ കൂൾഡ് എഞ്ചിനാണിത്. 7,250 rpm-ൽ പരമാവധി 46 bhp കരുത്തും 5,650 rpm-ൽ 52 Nm ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും.
241 കിലോഗ്രാം ഭാരവും 1500 മില്ലിമീറ്റർ നീളമുള്ള വീൽബേസുമാണ് ബൈക്കിന്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് യൂനിറ്റാണ് ഗിയർബോക്‌സ്. എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി പോർട്ട്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയും ബൈക്കിലുണ്ട്.
മുൻവശത്ത് 320 mm ഡിസ്കും പിന്നിൽ 300 mm ഡിസ്കും ആണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. സസ്പെൻഷനായി മുൻവശത്ത് 43 mm അപ്-സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി നിയോഗിച്ചിരിക്കുന്നത്. അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളുമാണ് സൂപ്പർ മീറ്റിയോറിന്റെ മറ്റ് പ്രത്യേകത. മുൻവശത്ത് 19 ഇഞ്ച് വലിപ്പമാണ് വീലുകൾക്ക് നൽകിയിരിക്കുന്നത്. ഇവ 100/90 സെക്ഷൻ ടയറുകളാലാണ് നിരത്തിലെത്തുന്നത്. പിന്നിൽ 150/80 സെക്ഷൻ ടയറുകൾ ഉപയോഗിക്കുമ്പോൾ ചെറിയ 16 ഇഞ്ച് വലിപ്പം മാത്രമാണ് അലോയ് വീലുകൾക്കുള്ളത്.
വിലയുടെ കാര്യത്തിൽ സൂപ്പർ മീറ്റിയോർ ക്യുജെ മോട്ടോർ SRK 400, അൾട്രാവയലറ്റ് F77, കെടിഎം 390 അഡ്വഞ്ചർ എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. ഇന്റർസെപ്റ്റർ 650 ബൈക്കുമായി താരതമ്യപ്പെടുത്തുമ്പോൾ സൂപ്പർ മീറ്റിയോറിന് 60,000 രൂപയാണ് കൂടുതലായി മുടക്കേണ്ടി വരുന്നത്. ആസ്ട്രല്‍ ബ്ലാക്ക്, ആസ്ട്രല്‍ ബ്ലൂ, ആസ്ട്രല്‍ ഗ്രീന്‍, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്രേ, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്രീന്‍ എന്നീ അഞ്ച് നിറങ്ങളിൽ ബൈക്ക് ലഭ്യമാകും.