പ്രീമിയം ലുക്കിൽ റോയൽ എൻഫീൽഡ്; ക്ലാസിക് 350 'സിഗ്നേച്ചർ വൈറ്റ്' എഡിഷൻ വിപണിയിൽ
text_fieldsറോയൽ എൻഫീൽഡിന്റെ ക്ലാസിക് 350 യുടെ പുതിയ സിഗ്നേച്ചർ വൈറ്റ് എഡിഷൻ വിപണിയിൽ. പുതിയ സവിശേഷതകളും പ്രീമിയം ലുക്കും നൽകിയാണ് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. 2,24,275 രൂപ മുതലാണ് എക്സ്-ഷോറൂം വില. ക്ലാസിക് 350 യുടെ ഉയർന്ന വേരിയന്റുകളുടെ ഭാഗമായാണ് സിഗ്നേച്ചർ വൈറ്റ് എഡിഷൻ എത്തുന്നത്. കമ്പനിയുടെ എമറാൾഡ് ഗ്രീൻ എഡിഷനൊപ്പമായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം. സെപ്റ്റംബർ 22 മുതൽ രാജ്യത്തെ റോയൽ എൻഫീൽഡ് സ്റ്റോറുകളിൽ പുതിയ ക്ലാസിക് 350 ലഭ്യമാകും.
ക്ലാസിക് 350 സിഗ്നേച്ചർ വൈറ്റ് എഡിഷനിൽ പ്രീമിയം ബ്രൗൺ ടൂറിങ് സീറ്റുകളാണ് നൽകിയിരിക്കുന്നത്. പ്രത്യേക പില്യൺ സീറ്റും ലഭിക്കും. സൈഡ് പാനലുകളിൽ പുതിയ ക്ലാസിക് ലോഗോ യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ധന ടാങ്കിൽ സ്റ്റെൻസിൽ ശൈലിയിലുള്ള ഡെക്കലും നൽകിയിട്ടുണ്ട്. ഇരുവശങ്ങളിലും റോയൽ എൻഫീൽഡ് ബാഡ്ജുകളും കാണാം. ക്ലാസിക് 350 യുടെ അടിസ്ഥാന ഡിസൈൻ നിലനിർത്തിക്കൊണ്ട് കൂടുതൽ പ്രീമിയം രൂപം നൽകുകയാണ് ഈ മാറ്റങ്ങളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
പുതിയ ക്ലാസിക് സിഗ്നേച്ചർ വൈറ്റ് എഡിഷനിൽ അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലച്ച്, ബ്രേക്ക് ലിവറുകൾ ക്രമീകരിക്കാനുള്ള സൗകര്യവും ലഭിക്കും. ക്ലച്ച് പ്രവർത്തനം കൂടുതൽ ലഘൂകരിക്കാനും റൈഡിങ് എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് റോയൽ എൻഫീൽഡ് പറയുന്നു. നഗര യാത്രകളിൽ ഇടയ്ക്കിടെ ക്ലച്ചും ഗിയറുകളും ഉപയോഗിക്കേണ്ടി വരുന്ന റൈഡർമാർക്ക് ഇത് പ്രയോജനപ്പെടും. ദീർഘദൂര യാത്രകളിലും റൈഡിങ് അനുഭവം മെച്ചപ്പെടുത്താൻ ഈ സവിശേഷതകൾ സഹായിക്കും.
പുതിയ വേരിയന്റിൽ യു.എസ്.ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് പോർട്ടും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. യാത്രയ്ക്കിടെ സ്മാർട്ട്‌ഫോൺ ഉൾപ്പെടെയുള്ള അനുയോജ്യമായ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ട്രിപ്പർ പോഡും എല്ലാ മോഡലുകളിലും ലഭ്യമാണ്. ടേൺ-ബൈ-ടേൺ നാവിഗേഷൻ സൗകര്യം നൽകുന്ന സംവിധാനമാണിത്. റൈഡർമാർക്ക് യാത്രയ്ക്കിടെ വഴികണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കുകയാണ് ട്രിപ്പർ പോഡിന്റെ ലക്ഷ്യം. പുതിയ സിഗ്നേച്ചർ വൈറ്റ് എഡിഷനിലൂടെ ക്ലാസിക് 350യുടെ പരമ്പരാഗത രൂപവും ആധുനിക സാങ്കേതിക സവിശേഷതകളും ഒരുമിച്ച് നൽകാനാണ് റോയൽ എൻഫീൽഡ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

