
ക്ലാസിക് 350 യുടെ പുറത്തിറക്കൽ തീയതിയിൽ മാറ്റംവരുത്തി റോയൽ എൻഫീൽഡ്; കാരണം ഇതാണ്
text_fieldsഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ പരിഷ്കരണ വാർത്ത. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക് എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു. വാഹനത്തിെൻറ ചിത്രങ്ങൾ പലതവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിർമാണം പൂർത്തിയായ ക്ലാസികിെൻറ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മാറ്റ് ബ്ലാക് ഫിനിഷിലുള്ള ക്ലാസിക് ആണ് വീഡിയോയിലുള്ളത്.
ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ക്ലാസികിെൻറ പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഒാഗസ്റ്റ് 27നാകും വാഹനം പുറത്തിറക്കുക എന്ന മുൻ പ്രസ്താവന റോയൽ തിരുത്തിയിട്ടുണ്ട്. സെപ്റ്റംബർ ഒന്നിന് വാഹനം പുറത്തിറക്കുമെന്നാണ് പുതുതായി ലഭിക്കുന്ന വിവരം. കോവിഡിെൻറ പശ്ചാത്തലത്തിലാണ് തീയതി അൽപ്പംകൂടി മുന്നോട്ട് നീട്ടുന്നത്.
മീറ്റിയോർ 350യിലെ അതേ എഞ്ചിനും പ്ലാറ്റ്ഫോമുമാണ് ക്ലാസിക്കിൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മീറ്റിയോറിലെ ട്രിപ്പർ നാവിഗേഷനും നൽകിയിട്ടുണ്ട്.
നേരത്തേ പ്രചരിച്ച വീഡിയോ അനുസരിച്ച് നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും റോയൽ എൻഫീൽഡ് ക്ലാസികിനായി കരുതിവച്ചിട്ടുണ്ട്. പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്. വീഡിയോയിൽ കാണുന്ന വാഹനത്തിലുള്ള സാധനങ്ങളിൽ ഏതൊക്കെയാണ് എക്സ്ട്രാ ആക്സസറികൾ ഏതൊക്കെയാണ് സ്റ്റാേൻറർഡ് ഫിറ്റിങ്സ് എന്ന് വ്യക്തമല്ല.
ക്ലാസിക്ക് 350ൽ മീറ്റിയോറിെൻറ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ലൈറ്റ് ബിനാക്കിളിലാണ് ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്. എന്നാൽ വീഡിയോയിൽ ഉള്ള ബൈക്കിന് നാവിഗേഷൻ വരുന്ന സ്ഥാനത്ത് റോയൽ ലോഗോ ആണ് നൽകിയിട്ടുള്ളത്. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന് ഉണ്ടാകുമെന്നാണ് ഇതുനൽകുന്ന സൂചന. 1.90 മുതൽ 2ലക്ഷംവരെയാണ് ക്ലാസികിന് വില പ്രതീക്ഷിക്കുന്നത്.
കിക്ക് സ്റ്റാർട്ട് ഒഴിവാക്കുന്നു
പഴയ കാല ബുള്ളറ്റുകൾ ഉപയോഗിച്ചവർക്കറിയാം, റോയലിെൻറ കിക്കറിെൻറ പ്രത്യേകത. വാഹനം സ്റ്റാർട്ട് ചെയ്യുന്നതുതന്നെ ഒരു കലയായിരുന്നെങ്കിൽ അത് ഏറ്റവും ചേരുക എൻഫീൽഡിനായിരുന്നു. 'എഞ്ചിൻ കിൽ സ്വിച്ച് ഒാഫാക്കി ഡീകംപ്രസ്സ് ചെയ്ത് ആംപിയർ ലെവലാക്കി കിക്കർ ഒന്ന് ചവിട്ടി ഒരൊറ്റ അടി'-അറിയാവുന്നവർക്ക് എളുപ്പവും അറിയാത്തവർക്ക് ഭയങ്കര പ്രയാസവും ഉള്ള ഇൗ കലയിലൂടെയായിരുന്നു ഒാരോ ബുള്ളറ്റുകളും ജീവൻ വച്ചിരുന്നത്.
കാലക്രമത്തിൽ കിക്കറിനൊപ്പം പുഷ് സ്റ്റാർട്ടും റോയലിെൻറ വാഹനങ്ങളിൽ ഇടംപിടിച്ചു. പിന്നീടാരും പഴയ കിക്ക് സ്റ്റാർട്ട് കലയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ചിരുന്നില്ല. പതിയെ പതിയെ കിക്കർ ഒരു ഭാരമായും മാറി. പുതിയ ക്ലാസിക്കിൽ കിക്സ്റ്റാർട്ട്തന്നെ ഒഴിവാക്കുമെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്.