ലോകത്തിലെ കരുത്തുറ്റ മൂന്നാമത്തെ ഓട്ടോമൊബൈൽ ബ്രാൻഡായി റോയൽ എൻഫീൽഡ്
text_fieldsന്യൂഡൽഹി: പ്രശസ്തമായ 'ബ്രാൻഡ് ഫിനാൻസ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി 2026' റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഓട്ടോമൊബൈൽ ബ്രാൻഡുകളുടെ പട്ടികയിൽ റോയൽ എൻഫീൽഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആഗോള ഭീമന്മാരായ ഓഡി, ഫെരാരി എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കൾ ഈ നേട്ടം കൈവരിച്ചത്.
ടൊയോട്ടയും ബി.എം.ഡബ്ല്യുവും മാത്രമാണ് പട്ടികയിൽ റോയൽ എൻഫീൽഡിന് മുന്നിലുള്ളത്. 100-ൽ 88.9 എന്ന 'ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്സ്' സ്കോറോടെ AAA റേറ്റിംഗ് കമ്പനി സ്വന്തമാക്കി. കമ്പനിയുടെ ബ്രാൻഡ് മൂല്യം 30 ശതമാനം വർധിച്ച് 1.2 ബില്യൺ ഡോളറിൽ എത്തി. ടാറ്റ മോട്ടോഴ്സ് അഞ്ചാം സ്ഥാനത്തും, മഹീന്ദ്ര 25-ാം സ്ഥാനത്തും, മാരുതി സുസുക്കി 34-ാം സ്ഥാനത്തും ഇടംപിടിച്ചു.
ഇന്ത്യക്ക് പുറത്തുള്ള വിപണികളിൽ സ്വാധീനം വർധിപ്പിച്ചതാണ് റോയൽ എൻഫീൽഡിന്റെ ഈ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം. ലോകമെമ്പാടുമുള്ള 80-ലധികം രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ആഗോളതലത്തിൽ 3,200-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു. വിദേശ വിപണികൾക്കായി ഏഴ് അസംബ്ലി പ്ലാന്റുകൾ കമ്പനിക്കുണ്ട്.
യൂറോപ്പ്, തെക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ റെട്രോ ശൈലിയിലുള്ള റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. മിഡ്-സൈസ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ (250cc-ക്ക് മുകളിൽ) തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ റോയൽ എൻഫീൽഡിന് സാധിച്ചു. നഗര യാത്രക്കാർക്കും ദീർഘദൂര സഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. തനതായ റെട്രോ ശൈലി നിലനിർത്തിക്കൊണ്ട് തന്നെ ആഗോളതലത്തിൽ വ്യാപിപ്പിക്കാനുള്ള റോയൽ എൻഫീൽഡിന്റെ തന്ത്രമാണ് ഈ വലിയ വിജയത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

