Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറോ​ൾ​സ് റോ​യ്സ് എ​ന്ന...

റോ​ൾ​സ് റോ​യ്സ് എ​ന്ന റോഡിലെ കൊട്ടാരം

text_fields
bookmark_border
റോ​ൾ​സ് റോ​യ്സ് എ​ന്ന റോഡിലെ കൊട്ടാരം
cancel
വ​ശ​ങ്ങ​ളി​ലു​ള്ള ‘കോ​ച്ച്‌​ലൈ​ൻ’ എ​ന്ന നേ​ർ​ത്ത വ​ര വ​ര​ക്കു​ന്ന​ത് ‘മാ​ർ​ക്ക് കോ​ർ​ട്ട്’ എ​ന്ന മ​നു​ഷ്യ​നാ​ണ്. അ​ണ്ണാ​ന്റെ രോ​മം കൊ​ണ്ട് നി​ർ​മി​ച്ച ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് അ​തീ​വ ശ്ര​ദ്ധ​യോ​ടെ, യാ​തൊ​രു​വി​ധ സ്കെ​യി​ലോ മെ​ഷീ​നോ ഇ​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് വ​ര​ക്കു​ന്ന​ത്. ഒ​രു ചെ​റി​യ തെ​റ്റു​പ​റ്റി​യാ​ൽ കാ​ർ മു​ഴു​വ​ൻ വീ​ണ്ടും പെ​യി​ന്റ് ചെ​യ്യേ​ണ്ടി വ​രും! അ​ദ്ദേ​ഹ​ത്തി​ന് പ്രാ​യ​മാ​യി വ​രു​ന്ന​തു​കൊ​ണ്ട് മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്താ​ൻ ക​മ്പ​നി ശ്ര​മി​ച്ചെ​ങ്കി​ലും അ​ത്ര​യും കൃ​ത്യ​ത​യു​ള്ള മ​റ്റൊ​രാ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​

കണ്ണുതള്ളുന്ന ആഡംബരത്തിന്റെ അവസാന വാക്ക് മാത്രമല്ല കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു പോവുന്ന അത്യത്ഭുതം കൂടിയാണ് റോൾസ് റോയ്‌സ് കാറുകൾ. കാറിനകത്ത്, തനിയെ ഉണങ്ങുന്ന ലക്ഷങ്ങൾ വിലയുള്ള ഒളിപ്പിച്ചുവെക്കാവുന്ന കാലൻകുട! ടയർ കറങ്ങുമ്പോഴും തല തിരിയാതെ നേരെ നിൽക്കുന്ന റോൾസ് റോയ്‌സിന്റെ RR ലോഗോ! സംഗതി കേൾക്കുമ്പോൾ ഏതോ സയൻസ് ഫിക്ഷൻ സിനിമയിലെ കാര്യങ്ങളാണെന്ന് തോന്നാം. എന്നാൽ, ഇതുകൊണ്ടൊന്നും വിശേഷങ്ങൾ തീരില്ല എന്നതാണ് റിയാലിറ്റി! കേവലമൊരു കാർ എന്നതിനപ്പുറം ഭൂമിയിലെ ഏറ്റവും മികച്ച ചലിക്കുന്ന ആഡംബര കൊട്ടാരമായ റോൾസ് റോയ്‌സിന്റെ ഉള്ളുകളികൾ അറിഞ്ഞാലോ? കണ്ണുതള്ളാൻ റെഡിയായിക്കോളൂ...

ഭീമാകാര വലുപ്പം

ഒരു റോൾസ് റോയ്‌സ് കാർ ആദ്യം നോട്ടീസ് ചെയ്യപ്പെടുന്നത് ഒരു കൊട്ടാരം തന്നെ റോഡിലൂടെ നീങ്ങി വരുന്നതുപോലെയാണ്! സാധാരണ നമ്മൾ കാണുന്ന കാറുകളേക്കാൾ നീളവും (5.7 മീറ്ററിലധികം) ഭീമൻ വീതിയുമുള്ള ഒരു ടെറർ രൂപമാണിത്. ഇന്ത്യൻ മാർക്കറ്റിലെ പ്രിയപ്പെട്ട മാരുതി ആൾട്ടോ കാറിന്റെ പകുതിയിലധികം നീളം വരും ‘ഫാന്റ’ത്തിന്റെ ബോണറ്റിനുപോലും എന്നതാണ് വസ്തുത. രണ്ട് സാധാരണ കാറുകൾ നിർത്തുന്ന പാർക്കിങ് സ്ലോട്ട് ഉണ്ടെങ്കിൽ മാത്രമേ ഒരൊറ്റ റോൾസ് റോയ്‌സിനെ സമാധാനമായി പാർക്ക് ചെയ്തിടാൻ കഴിയൂ.

ഏതാണ്ട് 2.6 ടൺ (2600 കിലോഗ്രാം) ഭാരമുണ്ട് ഈ കാറിന്. അതായത്, ഒരു ടൊയോട്ട ഫോർച്യൂണറിനേക്കാൾ 400 കിലോഗ്രാമിലധികം ഭാരം കൂടുതൽ!സാധാരണ കാർ ആക്സിലറേറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ ജർക്കുകളോ ഗിയർ മാറുന്ന തടസ്സങ്ങളോ റോൾസ് റോയ്‌സിൽ അറിയില്ല. ഒരു ആഡംബര വിമാനം വായുവിലൂടെ ഒഴുകിനീങ്ങുന്ന അതേ ഫീലിങ് റോഡിൽ തരാൻ ഈ എൻജിന് സാധിക്കും. ഇടുങ്ങിയ റോഡുകളിൽ ഇതിനെയൊന്ന് തിരിക്കുക എന്നത് ഒരു ആനയെ തിരിക്കുന്നതിനേക്കാൾ വലിയ തലവേദനയാണ്.

എന്തുകൊണ്ടാണ് ഇത്രയും വില?

ഒരു സാധാരണ കാർ, ഫാക്ടറിയിലെ റോബോട്ടുകൾ മണിക്കൂറുകൾ കൊണ്ട് നിർമിച്ചുതീർക്കുമ്പോൾ, റോൾസ് റോയ്‌സ് അധികഭാഗവും മനുഷ്യക്കൈകളാൽ ചെത്തിയൊരുക്കിയെടുക്കുന്നതാണ്!

കാറിലെ പെയിന്റിങ് ഒഴികെ ബാക്കി ഭൂരിഭാഗം പണികളും ഡിസൈനർമാരും വിദഗ്ധ തൊഴിലാളികളും നേരിട്ടാണ് ചെയ്യുന്നത്. ഒരു ഫാന്റം കാർ നിർമിച്ച് പുറത്തിറക്കാൻ ഏതാണ്ട് ആറു മാസമെടുക്കും! വശങ്ങളിലുള്ള ‘കോച്ച്‌ലൈൻ’ എന്ന നേർത്ത വര വരക്കുന്നത് ‘മാർക്ക് കോർട്ട്’ എന്ന മനുഷ്യനാണ്. അണ്ണാന്റെ രോമം കൊണ്ട് നിർമിച്ച ബ്രഷ് ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ, യാതൊരുവിധ സ്കെയിലോ മെഷീനോ ഇല്ലാതെയാണ് അദ്ദേഹം ഇത് വരക്കുന്നത്. ഒരു ചെറിയ തെറ്റുപറ്റിയാൽ കാർ മുഴുവൻ വീണ്ടും പെയിന്റ് ചെയ്യേണ്ടി വരും! അദ്ദേഹത്തിന് പ്രായമായി വരുന്നതുകൊണ്ട് മറ്റൊരാളെ കണ്ടെത്താൻ കമ്പനി ശ്രമിച്ചെങ്കിലും അത്രയും കൃത്യതയുള്ള മറ്റൊരാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കാളത്തോലിന്റെ ആഡംബരം

കാറിന്റെ ഉള്ളിലെ സീറ്റുകൾ തുന്നാൻ ഉയർന്ന പ്രദേശങ്ങളിൽ വളർത്തുന്ന കാളകളുടെ തുകൽ മാത്രമാണ് എടുക്കുന്നത്. ഒരു കാറിനായി ഏതാണ്ട് 15 മുതൽ 18 വരെ കാളകളുടെ തുകൽ (സീറ്റുകൾ, ഡാഷ്‌ബോർഡ്, ഡോർ പാനലുകൾ, റൂഫ്) വേണ്ടിവരും! ലക്ഷ്വറിയുടെ കാര്യത്തിൽ റോൾസ് റോയ്‌സ് കാണിക്കുന്ന ഈ ഭ്രാന്തൻ പെർഫെക്ഷൻ തന്നെയാണ് ഈ വണ്ടിയെ കോടികളുടെ മൂല്യമുള്ളതാക്കുന്നത്. നിലത്ത് വിരിച്ചിരിക്കുന്ന കാർപെറ്റിൽ തൊടുമ്പോൾ അത്രയേറെ മൃദുത്വം അനുഭവപ്പെടും. ചെരിപ്പൂരി വെച്ച് അകത്തുകയറാൻ തോന്നും!

44,000 നിറങ്ങൾ!

റോൾസ് റോയ്‌സ് തങ്ങളുടെ ഉപഭോക്താക്കൾക്കായി 44,000ത്തിലധികം വ്യത്യസ്ത കളർ ഷേഡുകൾ ഓഫർ ചെയ്യുന്നുണ്ട്. ഇനി ഇതിലും അത്ഭുതം എന്തെന്നാൽ, നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായുടെ കണ്ണുകളുടെ നിറമോ, അല്ലെങ്കിൽ നിങ്ങളുടെ തോട്ടത്തിലെ ഒരു പ്രത്യേക പൂവിന്റെ നിറമോ കാറിന് വേണമെന്ന് പറഞ്ഞാൽ, റോൾസ് റോയ്‌സ് ആ നിറം ലാബിൽ വികസിപ്പിച്ചെടുക്കും. ആ കളറിന് നിങ്ങളുടെ പേരിടുകയും, നിങ്ങളുടെ അനുവാദമില്ലാതെ ലോകത്ത് മറ്റൊരാൾക്കും ആ നിറം നൽകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്യും!

എൻജിൻ, മൈലേജ്!

റോൾസ് റോയ്‌സിൽ ബേസ് മോഡൽ, ടോപ് എൻഡ് എന്നിങ്ങനെ സാധാരണ കാറുകളെപ്പോലെ വലിയ എൻജിൻ വ്യത്യാസങ്ങളില്ല. റോൾസ് റോയ്‌സിന്റെ ഹൃദയം എന്നുപറയുന്നത് ലോകപ്രശസ്തമായ അവരുടെ V12 എൻജിൻ ആണ്. കൃത്യമായി പറഞ്ഞാൽ 6.75-ലിറ്റർ, ട്വിൻ-ടർബോ ചാർജ്ഡ് V12 പെട്രോൾ എൻജിൻ. ലിറ്ററിന് 6 മുതൽ 9.8 കിലോമീറ്റർ വരെയാണ് കമ്പനി മൈലേജ് പറയുന്നതെങ്കിലും, സിറ്റി ട്രാഫിക്കിൽ ഇത് ലിറ്ററിന് രണ്ടുമുതൽ മൂന്ന് കിലോമീറ്റർ വരെ മാത്രമായി ചുരുങ്ങും. ഓർക്കണം, കെ.എസ്.ആർ.ടി.സി ബസിന് 4 മുതൽ 5 വരെ മൈലേജ് കിട്ടുമെന്നുള്ളത്. ഒരു സാധാരണ 1.2 ലിറ്റർ ഹാച്ച്ബാക്ക് കാറിന്റെ 5 ഇരട്ടിയിലധികം വലുപ്പമുള്ള എൻജിനായതിനാൽ ഈ മൈലേജ് തന്നെ കൂടുതലാണ്!

ഇന്ധനം ഏതാണ്?

റോൾസ് റോയ്‌സ് കാറുകൾ ഒരുകാലത്തും ഡീസലിലോ CNGയിലോ ഓടിയിട്ടില്ല. വി-12 എൻജിന്റെ സുഗമമായ ഒഴുക്കിനും നിശ്ശബ്ദതക്കും പെട്രോൾ ഇന്ധനം തന്നെയാണ് അവർ ഉപയോഗിക്കുന്നത്.

റോൾസ് റോയ്‌സ് എന്ന ബ്രാൻഡിന്റെ ജനനം

റോൾസ് റോയ്‌സ് യഥാർഥത്തിൽ ബ്രിട്ടീഷ് ബ്രാൻഡാണ്. 1904ൽ ലണ്ടനിലെ വെസ്റ്റ് സസെക്സിലുള്ള ‘ഗുഡ്‌വുഡ്’ എന്ന സ്ഥലത്താണ് കമ്പനി സ്ഥാപിതമായത്. ചാൾസ് റോൾസ്, ഹെൻട്രി റോയ്‌സ് എന്നീ രണ്ട് വ്യക്തികളുടെ പേരുകൾ ചേർത്താണ് ‘റോൾസ് റോയ്‌സ്’ എന്ന പേരുണ്ടായത്.

നിലവിൽ റോൾസ് റോയ്‌സ് മോട്ടോർ കാർസിന്റെ പൂർണ ഉടമസ്ഥാവകാശം ജർമൻ വാഹന ഭീമന്മാരായ ബി.എം.ഡബ്ല്യു കമ്പനിക്കാണ്! (1998ലാണ് ഇത്).അന്ന് വൻതുക മുടക്കി റോൾസ് റോയ്‌സ് ഫാക്ടറിയും വണ്ടിയുടെ ഡിസൈനുകളും മറ്റൊരു കമ്പനിയായ ഫോക്‌സ്‌വാഗൺ വാങ്ങിയെങ്കിലും, ‘റോൾസ് റോയ്‌സ്’ എന്ന പേരിന്റെയും ‘RR’ ലോഗോയുടെയും അവകാശം വാങ്ങാൻ അവർക്ക് കഴിഞ്ഞില്ല. ഇതോടെ ഫാക്ടറിയുണ്ടായിട്ടും തങ്ങൾ ഉണ്ടാക്കുന്ന കാറിന് ‘റോൾസ് റോയ്‌സ്’ എന്ന് പേരിടാൻ ഫോക്‌സ്‌വാഗന് നിയമപരമായി സാധിക്കാതെ വരുകയും, ഒടുവിൽ 2003ൽ അവർ ആ ബ്രാൻഡ് പൂർണമായും ബി.എമ്മിന് വിട്ടുകൊടുക്കാൻ നിർബന്ധിതരാവുകയുമായിരുന്നു. എങ്കിലും കാറുകൾ രൂപകൽപന ചെയ്യുന്നതും നിർമിക്കുന്നതും ഇപ്പോഴും യു.കെയിൽ തന്നെയാണ്. കാറിന്റെ സീറ്റുകൾ തുന്നാൻ മാത്രമായി ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർമാരും തയ്യൽ വിദഗ്‌ധരും ഇവിടെ ജോലി ചെയ്യുന്നു.

നിലമ്പൂരിലെ തേക്കുവരെ

റോൾസ് റോയ്‌സിന്റെ ഡാഷ്‌ബോർഡിൽ ഉപയോഗിക്കുന്നത് വ്യാജ പ്ലാസ്റ്റിക്കല്ല. കേരളത്തിലെ നിലമ്പൂർ തേക്ക് പ്ലാന്റേഷനിലേതുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് കൊണ്ടുവരുന്ന മരങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു കാറിലെ ഡാഷ്‌ബോർഡും മറ്റ് ഭാഗങ്ങളും നിർമിക്കാൻ ഒരു മരത്തിന്റെ ഭാഗങ്ങൾ മാത്രമേ എടുക്കൂ. കാരണം, കാറിന്റെ ഇടതുവശത്തെ മരത്തിന്റെ ഡിസൈനും വലതുവശത്തെ ഡിസൈനും തമ്മിൽ നേരിയ വ്യത്യാസം പോലും വരാൻ പാടില്ല! ഒരു തടിയുടെ കട്ടികുറഞ്ഞ പാളിക്കൊപ്പം അലൂമിനിയവും ഫോയിലും മാറിമാറി വെച്ച് 29 ലെയറുകൾ കംപ്രസ് ചെയ്താണ് ഓരോ വുഡ് പാനലും ഉണ്ടാക്കുന്നത്. കാർ എപ്പോഴെങ്കിലും അപകടത്തിൽ പെട്ടാൽ പോലും ഈ മരം ഒടിഞ്ഞ് കൂർത്ത കഷണങ്ങളായി ഉള്ളിലിരിക്കുന്നവരുടെ മേൽ തറയ്ക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനമാണിത്! ‘ഗോസ്റ്റ്’ സീരീസ് കാറുകളുടെ ഇന്റീരിയറിനായി നിലമ്പൂരിൽ നിന്നും തേക്ക് തടികൾ ഔദ്യോഗികമായി വാങ്ങി ലണ്ടനിലെത്തിക്കുന്നുവെന്നത് മലയാളികൾക്കും അഭിമാനമുള്ള കാര്യമാണ്.

റോൾസ് റോയ്‌സിനും ഫ്ലോപ് മോഡൽ

റോൾസ് റോയ്‌സിന് തെറ്റുപറ്റുമോ? ചരിത്രത്തിൽ അവർക്ക് വൻ പരാജയം സമ്മാനിച്ച ഒരു മോഡലുണ്ട്: റോൾസ് റോയ്‌സ് കാമാർഗ്. 1975ൽ വിപണിയിലിറങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും വിലകൂടിയ പ്രൊഡക്ഷൻ കാർ ആയിരുന്നു കാമാർഗ്. ഇന്നത്തെ കണക്ക് വെച്ചുനോക്കിയാൽ ഏതാണ്ട് ഇരട്ടി വിലയായിരുന്നു ഇതിന്. എന്നിട്ടും 11 വർഷത്തെ ആകെ പ്രൊഡക്ഷനിൽ വെറും 531 വണ്ടികൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞത്!

റോൾസ് റോയ്‌സ് സാധാരണ അവരുടെ കാറുകൾ സ്വന്തമായാണ് ഡിസൈൻ ചെയ്യാറുള്ളത്. എന്നാൽ, കാമാർഗിനുവേണ്ടി അവർ ഇറ്റലിയിലെ പ്രശസ്തമായ ‘പിനിൻഫാരിന’ എന്ന കമ്പനിയെ ഡിസൈൻ ഏൽപിച്ചു. അവർ ഉണ്ടാക്കിയ ഡിസൈൻ റോൾസ് റോയ്‌സിന്റെ പരമ്പരാഗത ഭംഗിക്ക് ചേരുന്നതായിരുന്നില്ല. ഒരു പെട്ടിയുടെ ആകൃതിയായിരുന്നു. ലോകത്തിലെ ഏറ്റവും ഭംഗികെട്ട 100 കാറുകളുടെ ലിസ്റ്റിൽ വരെ ഇത് ഇടംപിടിച്ചു!

കാണാൻ ഭംഗിയില്ലാത്ത ഈ വണ്ടിക്ക് അത്രയും തുക മുടക്കാൻ കോടീശ്വരന്മാർ തയാറായില്ല. റോൾസ് റോയ്‌സിന്റെ ലാൻഡ്മാർക്കായ മുന്നിലെ ഗ്രിൽ എപ്പോഴും നേരെ നിവർന്നാണ് നിൽക്കാറുള്ളത്. എന്നാൽ, ചരിത്രത്തിൽ ആദ്യമായി ഈ വണ്ടിയിൽ ആ ഗ്രിൽ 7 ഡിഗ്രി ചെറുതായി ചരിച്ചാണ് വെച്ചത്. ഇത് റോൾസ് റോയ്‌സ് പ്രേമികൾക്ക് ഒട്ടും ദഹിച്ചില്ല. പിന്നീട് തനതായ ബ്രിട്ടീഷ് ആഡംബരത്തിലേക്ക് RR തിരിച്ചുപോവുകയാണുണ്ടായത്.

ആദ്യത്തെ കാർ ഇന്നും റോഡിൽ!

1904ൽ ഹെൻട്രി റോയ്‌സ് ആദ്യമായി നിർമിച്ച കാർ (Registration: 20154) ഇന്നും പൂർണ പ്രവർത്തനക്ഷമതയോടെ നിലവിലുണ്ട്! സ്കോട്ട്‌ലൻഡിലെ ഒരു മ്യൂസിയത്തിലാണ് ഇതുള്ളത്. ലോകത്ത് നിർമിക്കപ്പെട്ട റോൾസ് റോയ്‌സ് കാറുകളിൽ 75 ശതമാനത്തിലധികവും ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഓടിക്കൊണ്ടിരിക്കുന്നുണ്ട് എന്നതാണ് ഈ ബ്രാൻഡിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഡ്രൈവിങ് പ്രേമികൾക്കുള്ളതല്ല!

കാർ ആസ്വദിച്ച് ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഡ്രൈവറാണ് നിങ്ങളെങ്കിൽ റോൾസ് റോയ്‌സ് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. ഈ കാർ ഡിസൈൻ ചെയ്തിരിക്കുന്നത് പിൻസീറ്റിലിരിക്കുന്ന ബോസിന് പരമാവധി സുഖം നൽകാനാണ്. ഇതിന്റെ സ്റ്റിയറിങ് അതീവ ലൈറ്റ് ആണ്. സ്പോർട്ടി ലുക്കോ, പെട്ടെന്ന് വളവുകൾ തിരിക്കുമ്പോൾ കിട്ടുന്ന ആ ഡ്രൈവിങ് ഹാൻഡ്‍ലിങ് ഫീലോ ഇല്ല. ത്രില്ലിനായി കോടീശ്വരന്മാർ പലപ്പോഴും ഫെരാരിയോ പോർഷെയോ ആണ് തിരഞ്ഞെടുക്കാറുള്ളത്.

റോൾസ് റോയ്‌സുമായി റോഡിലിറങ്ങിയാൽ സമാധാനമായി ഒരിടത്തും പോകാൻ കഴിയില്ല. പോകുന്ന വഴിയിലെല്ലാം ആളുകൾ നോക്കുകയും, വണ്ടി പാർക്ക് ചെയ്യുമ്പോൾ ചുറ്റും കൂടി മൊബൈലിൽ ഫോട്ടോയെടുക്കുകയും ചെയ്യും. പ്രൈവസി ആഗ്രഹിക്കുന്ന ബിസിനസുകാർക്കും സെലിബ്രിറ്റികൾക്കും ഈ അമിതശ്രദ്ധ പലപ്പോഴും ശല്യമായി മാറാറുണ്ട്.

റോൾസ് റോയ്‌സ് എപ്പോഴും മുൻഗണന നൽകുന്നത് പാരമ്പര്യത്തിനും ആഡംബരത്തിനുമാണ് (അനലോഗ് ക്ലോക്കുകൾ, റിയൽ വുഡ് ഫിനിഷ്). അതുകൊണ്ട് മെഴ്‌സിഡസ് ബെൻസ് അല്ലെങ്കിൽ ബി.എം.ഡബ്ല്യു പോലുള്ള കാറുകളിൽ വരുന്ന ഏറ്റവും പുതിയ ഫ്യൂച്വറിസ്റ്റിക് ഗാഡ്‌ജെറ്റുകളോ വലിയ ടച്ച് സ്ക്രീനുകളോ ചിലപ്പോൾ റോൾസ് റോയ്‌സിൽ കാണില്ല. പുതിയ കാലത്തെ ടെക്നോളജി ഇഷ്ടപ്പെടുന്നവർക്ക് ഇത് ചിലപ്പോൾ ഒരു കുറവായി തോന്നാം.

പ്രണയ കഥയും ലോഗോയും!

ബോണറ്റിൽ നിൽക്കുന്ന ഈ പെൺകുട്ടിയുടെ രൂപത്തിനുപിന്നിൽ സിനിമാക്കഥകളെപ്പോലും വെല്ലുന്ന ഒരു യഥാർഥ പ്രണയകഥയുണ്ട്!

1900കളുടെ തുടക്കത്തിൽ ബ്രിട്ടനിലെ അതിസമ്പന്നനായ ഒരു പ്രഭുവായിരുന്നു ജോൺ മൊണ്ടാഗു. അദ്ദേഹം കാറുകളെ അതീവമായി പ്രണയിച്ചിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറിയായി ഇലനോർ തോൺടൺ എന്ന സുന്ദരിയായ ഒരു യുവതി ജോലിക്ക് ചേർന്നു. താമസിയാതെ അവർ കടുത്ത പ്രണയത്തിലായി. എന്നാൽ, അന്നത്തെ ബ്രിട്ടീഷ് സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് ഉന്നത കുലജാതനായ പ്രഭുവിന് ഒരു സാധാരണ ജോലിക്കാരിയെ വിവാഹം കഴിക്കാൻ അനുവാദമില്ലായിരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിനുമുന്നിൽ അവർക്ക് തങ്ങളുടെ പ്രണയം രഹസ്യമായി സൂക്ഷിക്കേണ്ടിവന്നു.

തന്റെ പ്രണയത്തിന്റെ സ്മരണക്കായി ജോൺ മൊണ്ടാഗു പ്രഭു ഒരു തീരുമാനമെടുത്തു. തന്റെ കൈവശമുണ്ടായിരുന്ന റോൾസ് റോയ്‌സ് കാറിന്റെ മുന്നിൽ വെക്കാൻ തന്റെ കാമുകിയായ ഇലനോറിന്റെ രൂപത്തിലുള്ള ഒരു പ്രതിമ നിർമിക്കാൻ അദ്ദേഹം പ്രശസ്ത ശിൽപിയായ ചാൾസ് റോബിൻസൺ സൈക്സിനെ ചുമതലപ്പെടുത്തി. ആ പ്രതിമയിൽ ഒരു പെൺകുട്ടി തന്റെ ചുണ്ടിൽ വിരലമർത്തി ‘നമ്മുടെ പ്രണയം ഒരു രഹസ്യമാണ്’ എന്ന് ലോകത്തോട് പറയുന്നത് പോലെയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ‘ദി വിസ്പർ’ എന്നാണ് അവർ പേരിട്ടത്.

ആ കാലഘട്ടത്തിൽ റോൾസ് റോയ്‌സ് കാറുകൾ വാങ്ങുന്ന പല ധനികരും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പലതരം ഭംഗികെട്ട പ്രതിമകളും വണ്ടിയുടെ മുന്നിൽ വെക്കാൻ തുടങ്ങി. ഇത് കാറുകളുടെ രാജകീയ ലുക്ക് നശിപ്പിക്കുന്നു എന്ന് കമ്പനിക്ക് മനസ്സിലായി.

അങ്ങനെ 1910ൽ റോൾസ് റോയ്‌സ് കമ്പനി ഔദ്യോഗികമായി ഒരു ലോഗോ നിർമിക്കാൻ ഇതേ ശിൽപിയെ സമീപിച്ചു. അദ്ദേഹം മൊണ്ടാഗു പ്രഭുവിനുവേണ്ടി ചെയ്ത ഇലനോറിന്റെ പഴയ പ്രതിമയിൽ ചെറിയൊരു മാറ്റം വരുത്തി. വിരൽ ചുണ്ടിൽ വെച്ചിരുന്നതിനുപകരം, കൈകൾ രണ്ടും പിന്നോട്ട് നീട്ടി, കാറ്റിൽപറക്കുന്ന വസ്ത്രങ്ങളോടെ മുന്നോട്ട് ആഞ്ഞുനിൽക്കുന്ന രീതിയിൽ പുതിയൊരു രൂപം നിർമിച്ചു.

അതാണ് നമ്മൾ കാണുന്ന ‘സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി’. 1911 മുതൽ റോൾസ് റോയ്‌സ് ഇത് തങ്ങളുടെ എല്ലാ കാറുകളുടെയും ഔദ്യോഗിക ചിഹ്നമാക്കി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesRolls RoyceHot Wheel
News Summary - Rolls Royce
Next Story