എസ്.യു.വി നിരയിലെ കരുത്തൻ; 'റെനോ ഡസ്റ്റർ അഡ്വഞ്ചർ എഡിഷൻ' ഇന്ത്യൻ വിപണിയിലെത്തി! വിലവിവരങ്ങളും ഫീച്ചറുകളും അറിയാം...
text_fieldsറെനോ ഡസ്റ്റർ അഡ്വഞ്ചർ എഡിഷൻ
മിഡ്-സൈസ് എസ്.യു.വി ശ്രേണിയിൽ ഇന്ത്യൻ വാഹന പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഡസ്റ്ററിനെ ഫ്രഞ്ച് നിർമാതാക്കളായ റെനോ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിട്ട് ഏതാനം മാസങ്ങൾ തികയുമ്പോൾ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കൂടുതൽ കരുത്തുറ്റ അഡ്വഞ്ചർ സ്പെഷ്യൽ എഡിഷൻ വേരിയന്റും കമ്പനി വിപണിയിൽ അവതരിപ്പിച്ചു. അടുത്തിടെ നിസാൻ തങ്ങളുടെ പുതിയ 'ടെക്‌ടൺ' (Nissan Tekton) വിപണിയിലിറക്കിയതിന് പിന്നാലെയാണ് റെനോ 'ഡസ്റ്റർ അഡ്വഞ്ചർ എഡിഷൻ' (Duster Adventure Edition) ഇന്ത്യൻ വിപണിയിലേക്കെത്തിച്ചത്.
2012ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുമ്പോൾ വിപണി ഭരിച്ചിരുന്ന വമ്പൻ എസ്.യു.വികൾക്ക് പകരം, നഗരങ്ങളിലും ഓഫ്‌റോഡിലും ഒരേപോലെ ഉപയോഗിക്കാവുന്ന ഒരു 'മോണോകോക്ക്' മിഡ്-സൈസ് എസ്.യു.വി എന്ന പുതിയൊരു സെഗ്‌മെന്റിന് തന്നെ ഡസ്റ്റർ തുടക്കമിട്ടു. മികച്ച റൈഡ് ക്വാളിറ്റിയും, ഹൈവേകളിലെ സ്റ്റെബിലിറ്റിയും, മോശം റോഡുകളെ അനായാസം മറികടക്കാനുള്ള സസ്പെൻഷൻ കരുത്തുമായിരുന്നു ഡസ്റ്ററിനെ ഇന്ത്യക്കാരുടെ പ്രിയങ്കരനാക്കിയത്. അക്കാലത്ത് 110 എച്ച്.പി കരുത്തുള്ള എസ്.യു.വി 1.5 ലിറ്റർ K9K ഡീസൽ എഞ്ചിനും, പിന്നീട് വിപണിയിലെത്തിയ AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റവും ഓഫ്‌റോഡ് പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ചു. വർഷങ്ങളോളം മികച്ച വിൽപ്പന നേടിയ ശേഷം, കൂടുതൽ ശക്തരായ എതിരാളികളുടെ വരവോടെ 2022ൽ ഡസ്റ്ററിന്റെ ആദ്യ തലമുറ ഇന്ത്യയിൽ താൽക്കാലികമായി നിർത്തലാക്കി. എന്നാൽ ഇപ്പോൾ പുത്തൻ തലമുറയിൽ, അത്യാധുനിക ഫീച്ചറുകളോടെ തിരിച്ചെത്തിയ ഡസ്റ്റർ വീണ്ടും വിപണി കീഴടക്കാനൊരുങ്ങുകയാണ്
മുമ്പ് ഇന്ത്യൻ നിരത്തുകളിൽ വിപ്ലവം സൃഷ്ടിച്ച ഡസ്റ്ററിന്റെ പാരമ്പര്യവും കരുത്തും ഓർമിപ്പിക്കുന്ന തരത്തിലാണ് പുതിയ അഡ്വഞ്ചർ എഡിഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. 12.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില. കരുത്തുറ്റ രൂപവും കിടിലൻ ഫീച്ചറുകളും സാധാരണ ഡസ്റ്റർ മോഡലുകളിൽ നിന്നും അഡ്വഞ്ചർ എഡിഷനെ വേറിട്ടു നിർത്തുന്നത് അതിന്റെ എക്സ്ക്ലൂസീവ് ഡിസൈൻ ടച്ചുകളാണ്. ഓഫ്‌റോഡ് പ്രേമികളുടെ പ്രിയപ്പെട്ട ഇടമായ കശ്മീരിലെ ലേ (Leh) യുടെ ഭൂമിശാസ്ത്രപരമായ കോർഡിനേറ്റുകളും ടോപ്പോഗ്രാഫിക്കൽ ലൈനുകളും ഉൾപ്പെടുത്തിയ പ്രത്യേക 'അഡ്വഞ്ചർ ഡീക്കലുകൾ' വാഹനത്തിന് നൽകിയിരിക്കുന്നതിനാൽ ഡസ്റ്ററിന്റെ പരുക്കൻ ഓഫ്‌റോഡ് പ്രതിച്ഛായ വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
അഡ്വഞ്ചർ എമ്പലിഷറുകൾ (ക്ലാഡിങ് & മോൾഡിങ്‌സ്), ക്രോം അലങ്കാരങ്ങൾ, 17 ഇഞ്ച് വലിപ്പമുള്ള സ്റ്റൈലിഷ് 'ഓഷ്യൻ അലോയ് വീലുകൾ', ഫുൾ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ എന്നിവ എക്സ്റ്റീരിയറിൽ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം അഡ്വഞ്ചർ ബ്രാൻഡഡ് ഫ്ലോർ മാറ്റുകൾ എസ്.യു.വിയിൽ കാണാം. കൂടാതെ, ഇലക്ട്രിക് പനോരമിക് സൺറൂഫ്, ഇലക്ട്രിക് ടെയിൽഗേറ്റ്, 10.1 ഇഞ്ചിന്റെ വലിയ ഓപ്പൺആർ ലിങ്ക് (openR link) മൾട്ടിമീഡിയ സിസ്റ്റം, 'മൈ റെനോ' (My Renault) ആപ്പ് വഴിയുള്ള കണക്റ്റഡ് കാർ ഫീച്ചറുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് എസി എന്നിവയും പ്രത്യേക പതിപ്പിൽ നൽകിയിട്ടുണ്ട്.
നിസാൻ ടെക്‌ടണിലെ പോലെ രണ്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക. കൂടാതെ രണ്ട് എൻജിനുകളും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. അതോടൊപ്പം മൂന്ന് വകഭേദങ്ങളിലും അഡ്വഞ്ചർ മോഡൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
- ടർബോ TCe 100 മാന്വൽ ട്രാൻസ്മിഷൻ - 1.0L ടർബോ പെട്രോൾ (6-സ്പീഡ് മാന്വൽ) 12.99 ലക്ഷം (എക്സ് ഷോറൂം)
- ടർബോ TCe 160 മാന്വൽ ട്രാൻസ്മിഷൻ - 1.3L ടർബോ പെട്രോൾ (6-സ്പീഡ് മാന്വൽ ) 13.99 ലക്ഷം (എക്സ് ഷോറൂം)
- ടർബോ TCe 160 ഡി.സി.ടി - 1.3L ടർബോ പെട്രോൾ (6-സ്പീഡ് ഡി.സി.ടി) 15.39 ലക്ഷം (എക്സ് ഷോറൂം)
1.0 ലിറ്റർ ടർബോ പെട്രോളിൽ എത്തുന്ന ആദ്യ വേരിയന്റ് 100 എച്ച്.പി കരുത്തും 160 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ മോഡലിന് 6-സ്പീഡ് മാന്വൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ. രണ്ടാമതെത്തുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ കൂടുതൽ കരുത്തുള്ള എൻജിനാണ്. ഇത് 163 എച്ച്.പി കരുത്തും 280 എൻ.എം ടോർക്കും ഉദ്പാതിപ്പിച്ച് കൂടുതൽ കരുത്തിൽ ചലിപ്പിക്കുന്നു. 6-സ്പീഡ് മാന്വൽ അല്ലെങ്കിൽ 6-സ്പീഡ് ഡ്യുവൽ ക്ലച്ച് (ഡി.സി.ടി) ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
ന്യൂഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുത്തൻ ഡസ്റ്റർ അഡ്വഞ്ചർ എഡിഷൻ കമ്പനി പുറത്തിറക്കിയത്. ഫ്രാൻസിന്റെ ദേശീയ ദിനമായ ബാസ്റ്റിൽ ഡേ (Bastille Day) യോടനുബന്ധിച്ചായിരുന്നു അഡ്വഞ്ചർ മോഡലിന്റെ ലോഞ്ചിങ്. ചടങ്ങിൽ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാത്യു, റെനോ ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ സ്റ്റെഫാൻ ഡെബ്ലൈസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

