വിപണിയിൽ എത്തിച്ച് എട്ട് മാസംകൊണ്ട് റെക്കോഡ് യൂനിറ്റുകളുടെ വിൽപ്പന; ജനപ്രിയമായി സ്കോഡ 'കൈലാഖ്'
text_fieldsകോംപാക്ട് എസ്.യു.വി സെഗ്‌മെന്റിൽ സ്കോഡ ഇന്ത്യ വിപണിയിൽ എത്തിച്ച ജനപ്രിയ വാഹനമായ കൈലാഖിന് വിൽപ്പനയിൽ റെക്കോഡ് നേട്ടം. വിപണിയിൽ അവതരിപ്പിച്ച് ഒരുവർഷം തികയും മുമ്പ് 30,000 യൂനിറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സ്‌കോഡക്ക് കഴിഞ്ഞു. 2024 ഡിസംബർ മുതൽ 2025 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ചാണ് കൈലാഖ് ഈ നേട്ടം സ്വന്തമാക്കിയത്.
2025 ഫെബ്രുവരി മുതൽ സ്‌കോഡയുടെ സ്ലാവിയ, കുഷാഖ് എന്നീ വാഹനങ്ങളെ വിൽപ്പനയിൽ പിന്തള്ളിയാണ് കൈലാഖ് ഈ നേട്ടത്തിൽ എത്തിയത്. 5,364 യൂനിറ്റുകൾ വിൽപ്പന നടത്തി 2025 മാർച്ചിൽ ഒന്നാംസ്ഥാനം നിലനിർത്താൻ ഈ മിഡ്-സൈസ് എസ്.യു.വിക്ക് സാധിച്ചു. കൂടാതെ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ 10,205 യൂനിറ്റുകളോടെ 32% വിൽപ്പനയും ജൂലൈ-ആഗസ്റ്റ് മാസത്തിൽ 6,476 യൂനിറ്റ് വാഹനങ്ങളും വിൽപ്പന നടത്താനും സ്‌കോഡക്ക് കഴിഞ്ഞു.
കൈലാഖ് ക്ലാസിക്, കൈലാഖ് സിഗ്‌നേച്ചർ, കൈലാഖ് സിഗ്‌നേച്ചർ എ.ടി, കൈലാഖ് സിഗ്‌നേച്ചർ പ്ലസ്, കൈലാഖ് സിഗ്‌നേച്ചർ പ്ലസ് എ.ടി, കൈലാഖ് പ്രസ്റ്റീജ്, കൈലാഖ് പ്രസ്റ്റീജ് എ.ടി എന്നീ ഏഴ് മോഡലുകളിൽ സ്കോഡ കൈലാഖ് എസ്.യു.വി വിപണിയിൽ ലഭ്യമാണ്. ഏറ്റവും ബേസ് മോഡലിന് 7.55 ലക്ഷവും ടോപ്-ഏൻഡ് മോഡലിന് 12.80 ലക്ഷവുമാണ് എക്സ് ഷോറൂം വില. ഇതിൽ 10% ജി.എസ്.ടി ഇളവ് ലഭിക്കും.
1.0-ലിറ്റർ ടർബോ-പെട്രോൾ, 999 സി.സി എൻജിനാണ് കൈലാഖിന്റെ കരുത്ത്. 115 ബി.എച്ച്.പി പവറും 178 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട് ഈ എൻജിന്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയിണക്കിയ എൻജിൻ നഗരങ്ങളിൽ 19.05 കിലോമീറ്റർ, ഹൈവേകളിൽ 19.68 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൈലാഖിന്റെ ഉയർന്ന വേഗതപരിതി 188 kph ആണ്.
MQB-A0-IN പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് സ്കോഡ കൈലാഖ് നിർമിച്ചിട്ടുള്ളത്. സ്കോഡ കുഷാഖ്, ഫോൾക്‌സ്‌വാഗൻ ടൈഗൂൺ, വിർടൈസ് മോഡലുകളെപോലെ ഏറെ സൗകര്യമുള്ളതാണ് കൈലാഖിന്റെ ഇന്റീരിയറും. 10 ഇഞ്ച് ഇൻഫോടൈന്മെന്റ് സിസ്റ്റം, സൺറൂഫ്, ഇലക്ട്രികലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഫ്രണ്ട് സീറ്റുകൾ, സ്റ്റാൻഡേർഡായി എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകൾ സ്കോഡ കൈലാഖിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ബി.എൻ.സി.എ.പി) ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 30.88/32 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 45/49 പോയിന്റും നേടി 5 സ്റ്റാർ സുരക്ഷ റേറ്റിങ് സ്വന്തമാക്കിയാണ് ഈ എസ്.യു.വി നിരത്തുകളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

