കയറ്റുമതിയിലും അതിവേഗ വളർച്ച; ചരിത്ര നേട്ടത്തിൽ മാരുതി സുസുകി 'ജിംനി'
text_fieldsമാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ജിംനി 5 ഡോറിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ഏറ്റവും പുതിയ ലഭ്യമായ വിവരങ്ങൾ പ്രകാരം മാരുതിയുടെ ഓഫ് റോഡ് വാഹനമായ ജിംനി ചുരുങ്ങിയ കാലയളവ് കൊണ്ട് ഒരു ലക്ഷം യൂനിറ്റ് കയറ്റുമതി ചെയ്യാൻ കമ്പനിക്ക് സാധിച്ചു. ലോകത്തിലെ 100ലധികം അന്താരാഷ്ട്ര വിപണികൾ വഴിയാണ് മാരുതി ഈ നേട്ടം സ്വന്തമാക്കിയത്.
2023ലാണ് മാരുതി സുസുകി ഇന്ത്യയിൽ നിർമിച്ച 5 ഡോർ ജിംനിയുടെ കയറ്റുമതി ആരംഭിക്കുന്നത്. ജപ്പാൻ, മെക്സിക്കോ, ആസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണവും ഓർഡറുകളും ജിംനിക്ക് ലഭിച്ചു. പിന്നീട് ജപ്പാനിൽ നിർമിച്ച 'ജിംനി നൊമാഡ്' വിപണിയിൽ അവതരിപ്പിച്ച ശേഷം ഏതാനം ദിവസങ്ങൾകൊണ്ട് 50,000 യൂനിറ്റുകളുടെ ഓർഡറും സ്വന്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് മാരുതി സുസുകി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വാഹനമായി ജിംനി മാറിയത്.
'ആഗോളതലത്തിൽ അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള വാഹനമാണ് ജിംനി. ജിംനിയുടെ 5 ഡോർ ഒരു ലക്ഷം യൂനിറ്റ് കയറ്റുമതി ചെയ്യാൻ സാധിച്ചത് കമ്പനിയുടെ ചരിത്ര നേട്ടമാണ്. ഉപഭോക്താക്കൾ വാഹനത്തിന് നൽകിയ വിശ്വസ്തതക്ക് ഞങ്ങൾ നന്ദി പറയുന്നു. ഏകദേശം 100 രാജ്യങ്ങളിൽ എത്തിനിൽക്കുന്ന എസ്.യു.വി ഓഫ് റോഡ് ഡ്രൈവിങ്ങിലെ മാരുതിയുടെ കരുത്താണ്' എന്ന് മാരുതി സുസുകി ഇന്ത്യ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ ഹിസാഷി ടകൂച്ചി പറഞ്ഞു.
ലാഡർ-ഫ്രെയിം ചേസിസിൽ സുസുകി ഓൾഗ്രിപ്പ് പ്രൊ ഫോർ-വീൽ ഡ്രൈവ് സിസ്റ്റത്തിൽ 1.5-ലിറ്റർ പെട്രോൾ എൻജിനാണ് ജിംനിയുടെ കരുത്ത്. 103 ബി.എച്ച്.പി പവറും 134.2 എൻ.എം ടോർക്കും ഉദ്പാദിപ്പിക്കാൻ കഴിയുന്ന ഈ എൻജിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയിണക്കിയിരിക്കുന്നു. 9-ഇഞ്ച് സ്മാർട്ട്പ്ലേ പ്രൊ+ ടച്ച്സ്ക്രീൻ, ഉയർന്ന വകഭേദങ്ങളിൽ വയർലെസ്സ് ആപ്പിൾ കാർപ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ, ആർകമിസ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ലെതറിൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ എന്നീ ഫീച്ചറുകൾ മാരുതി സുസുകി ജിംനിക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

