വാഹനപ്രതാപവുമായി ഖത്തർ ഓട്ടോ മ്യൂസിയം
text_fieldsഡി.ഇ.സി.സിയിലെ എക്സിബിഷൻ വേദിയിൽനിന്ന്
ദോഹ: ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോയിൽ (ജിംസ് ഖത്തർ) ശ്രദ്ധേയമായ പവിലിയനുമായി ഖത്തർ ഓട്ടോ മ്യൂസിയം (ക്യു.എ.എം). ജിംസ് ഖത്തറിന്റെ പ്രധാന എക്സിബിഷൻ ഹാളിലാണ് ഖത്തർ ഓട്ടോ മ്യൂസിയം തങ്ങളുടെ അപൂർവ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്നത്.
ഖത്തറിലെ വളർന്നുവരുന്ന വാഹന പ്രേമികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പുതിയ മ്യൂസിയത്തിനായുള്ള കൺസെപ്റ്റ് ഡിസൈൻ, കൂടാതെ അതുല്യമായ 1957 മോഡൽ ഫെരാരി 250 ജി.ടി എൽ.ഡബ്ല്യു.ബി, 1965 മെർസർ-കോബ്ര റോഡ്സ്റ്റർ തുടങ്ങിയ മ്യൂസിയത്തിന്റെ ഭാവി കലക്ഷനുകൾ ആദ്യമായി മോട്ടോർ ഷോയിൽ അവതരിപ്പിക്കുന്നു.
സീലൈൻ സ്പോർട്സ് ക്ലബുമായി (മവാതിർ) സഹകരിച്ച് കാർസ്-ഇൻ-കണ്ടെയ്നർ ഡിസ്പ്ലേയും ജിംസ് ഖത്തറിനോടനുബന്ധിച്ച് ക്യു.എ.എം അവതരിപ്പിക്കുന്നു. ഡി.ഇ.സി.സിക്ക് പുറത്ത് 1955 മെഴ്സിഡസ് 300 എസ്.എൽ ഗൾവിങ്ങും ഷെവർലെ കോർവെറ്റുമാണ് ഇതിലൂടെ പ്രദർശിപ്പിക്കുന്നത്.
കൂടാതെ ലുസൈലിലെ അർബൺ ഹബിൽ 1990 ഫോർഡ് ബ്രോൻകോ എക്സ്.എൽ.ടി, 1995 ടൊയോട്ട സെലിക ജി.ടി-4 എന്നിവയും ഇതിന്റെ ഭാഗമായി പ്രദർശനത്തിലുണ്ട്. അഡ്വൈസറി ബോർഡ് അംഗങ്ങളിൽനിന്നും സീലൈൻ സ്പോർട്സ് ക്ലബിൽനിന്നുമാണ് പ്രദർശനത്തിനായി കാറുകൾ സ്വന്തമാക്കിയിരിക്കുന്നത്.തിങ്കളാഴ്ച നാഷനൽ മ്യൂസിയത്തിൽ നടക്കുന്ന ഫ്യൂച്ചർ ഡിസൈൻ ഫോറം സംഘടിപ്പിക്കുന്നതിന് ജിംസ് ഖത്തർ, കാർ ഡിസൈൻ ന്യൂസ്, വിസിറ്റ് ഖത്തർ എന്നിവയുമായി ക്യു.എ.എം സഹകരിക്കുന്നുണ്ട്.
ഓട്ടോമോട്ടിവ് ഡിസൈനിന്റെ ഭാവി ചർച്ച ചെയ്യുന്ന ഫോറത്തിൽ ആഗോളതലത്തിലെ വിദഗ്ധർ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഓട്ടോമോട്ടിവ് ഡിസൈനർമാരിൽ ഒരാളായ മാർസലോ ഗാൻഡിനിയുമായി ചേർന്ന് ഓട്ടോ മ്യൂസിയവും വി.സി.യു ആർട്ട് ഖത്തറും തമ്മിലുള്ള പദ്ധതിയുടെ അവതരണവും ഫോറത്തിൽ നടക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

