Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമൈലേജ് കുറയുന്നു,...

മൈലേജ് കുറയുന്നു, എഞ്ചിൻ നശിക്കുന്നു; എഥനോൾ ചേർത്ത പെട്രോളിനെതിരെ പ്രിയങ്ക് ഖാർഗെ; ‘3.6 കോടി വാഹന ഉടമകളെ പരീക്ഷണവസ്തുക്കളാക്കരുത്’

text_fields
bookmark_border
Priyank Kharge
cancel
camera_alt

പ്രിയങ്ക് ഖാർഗെ

ബംഗളൂരു: രാജ്യത്ത് ഘട്ടങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ (E20 Petrol) നയത്തിനെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതൃത്വവും കർണാടക ആഭ്യന്തര മന്ത്രിയും രംഗത്ത്. എഥനോൾ മിശ്രിതത്തിന്റെ യഥാർത്ഥ ആഘാതത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമ്മതിച്ച പശ്ചാത്തലത്തിലാണ് സർക്കാരിനെതിരെ വൻ പ്രതിഷേധം ഉയരുന്നത്. ആവശ്യത്തിന് പൊതുജന കൂടിയാലോചനകളോ പരസ്പര ധാരണയോ ഇല്ലാതെയാണ് സർക്കാർ ഈ നയം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

വിഷയത്തിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മുൻ പ്രസ്താവനകളെ ചൂണ്ടിക്കാട്ടി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ എക്സിൽ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് E20 പെട്രോൾ കാരണം ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും ഒരു വാഹനത്തിന് തകരാർ സംഭവിച്ചതായി കാണിച്ചുതരാൻ സാധിക്കുമോ എന്ന് നിതിൻ ഗഡ്കരി പരസ്യമായി വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞിരിക്കുന്നത് 'എഥനോൾ മിശ്രിതം ഒരു പരീക്ഷണമാണെന്നും ഇതിന്റെ കൃത്യമായ ഫലം അടുത്ത വർഷമേ അറിയാൻ സാധിക്കൂ' എന്നുമാണ്. അതായത് 3.6 കോടി വണ്ടികളോടിക്കുന്ന ഇന്ത്യക്കാരിൽ നടത്തുന്ന ഒരു പരീക്ഷണം. പ്രിയങ്ക് ഖാർഗെ എക്സിൽ കുറിച്ചു.

മന്ത്രി ലോകത്തെ വെല്ലുവിളിക്കുമ്പോൾ, കോടതിയിൽ തങ്ങൾക്ക് ഇതിന്റെ ആത്യന്തിക ഫലത്തെക്കുറിച്ച് അറിയില്ലെന്നാണ് സർക്കാർ സമ്മതിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. E20 ഇന്ധനം സാധാരണക്കാരായ വാഹന ഉടമകളുടെ പോക്കറ്റ് ചോർത്തുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇന്ധനം എരിയുന്നതിനേക്കാൾ വേഗത്തിലാണ് സാധാരണക്കാരുടെ കഷ്ടപ്പെട്ട് അധ്വാനിച്ച പണം ഇല്ലാതാകുന്നത്. വാഹനങ്ങളുടെ എഞ്ചിനുകൾ വ്യാപകമായി കേടാകുന്നു. ഇതിന്റെ റിപ്പയറിങ് ചാർജ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. ഇന്ത്യയിലെ 10ൽ 9 വാഹനങ്ങളും E20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ നിർമിച്ചവയല്ല. അത് ഏകദേശം 3.6 കോടിയോളം വാഹന വരും.

യാതൊരുവിധ പശ്ചാത്താപവുമില്ലാതെ, ജനങ്ങളോട് ആലോചിക്കാതെ നടപ്പിലാക്കിയ ഈ ദേശീയ ഇന്ധന മാറ്റത്തെ 'പരീക്ഷണം' എന്ന് വിളിക്കാൻ കഴിയില്ലെന്നും, സാധാരണക്കാർ പരീക്ഷണ വസ്തുക്കളല്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷം, ആദ്യം ഇതിന്റെ സുരക്ഷിതത്വം തെളിയിച്ചതിന് ശേഷം മാത്രം വിന്യസിക്കൂ എന്നും ആവശ്യപ്പെട്ടു. E20 നയം പിൻവലിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

അതേസമയം, സോഷ്യൽ മീഡിയയിലൂടെ E20 ഇന്ധനത്തിനെതിരെ വ്യാപകമായി തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം വ്യക്തമാക്കി. എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാം (EBP) ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതാണെന്നും സർക്കാർ ഇത് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം കഴിഞ്ഞ ആഴ്ച ആവർത്തിച്ചു.

പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ആശങ്കകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാൻ പഴയ ചിത്രങ്ങളും വിഡിയോകളും ഓൺലൈനിൽ വീണ്ടും പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാർ നിരീക്ഷിച്ചു. 2003ലാണ് രാജ്യത്ത് എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം ആരംഭിക്കുന്നത്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറക്കുക, ഊർജ്ജ സുരക്ഷ വർധിപ്പിക്കുക, പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. സാങ്കേതിക സജ്ജീകരണങ്ങളും വിവിധ തദ്ദേശീയ പങ്കാളികളുമായുള്ള ചർച്ചകളും പൂർത്തിയാക്കിയ ശേഷം ഘട്ടം ഘട്ടമായാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നും, ഇതിന്റെ ഭാഗമായാണ് 2023 മുതൽ 20 ശതമാനം എഥനോൾ ചേർത്ത ഇന്ധനം (E20) രാജ്യത്ത് വിതരണം ചെയ്യാൻ തുടങ്ങിയതെന്നും മന്ത്രാലയം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel pricecentral governmentNitin GadkariEthanol PetrolPriyank khargeE20 Petrol
News Summary - Priyank Kharge slams Centre over ethanol blending in petrol
Next Story