'ടാറ്റ സിയേറ'യുടെ ഉയർന്ന വേരിയന്റിന്റെ വില പ്രഖ്യാപിച്ചു
text_fieldsടാറ്റ സിയേറ
ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹനനിരയിൽ നവംബർ മാസത്തിൽ വിപണിയിൽ എത്തിച്ച സിയേറ എസ്.യു.വിയുടെ ടോപ്-എൻഡ് വകഭേദത്തിന്റെ വില പ്രഖ്യാപിച്ചു. സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ, അഡ്വഞ്ചർ+, അക്കംബ്ലിഷ്ഡ്, അക്കംബ്ലിഷ്ഡ്+ എന്നിങ്ങനെ ഏഴ് വകഭേദങ്ങളിൽ വിപണിയിൽ എത്തുന്ന അക്കംബ്ലിഷ്ഡ്+ എന്ന ടോപ്-എൻഡ് വകഭേദത്തിന്റെ എക്സ് ഷോറൂം വിലയാണ് ടാറ്റ പുറത്തുവിട്ടത്. 21.29 ലക്ഷം രൂപയാണ് ടാറ്റ സിയേറ അക്കംബ്ലിഷ്ഡ്+ വകഭേദത്തിന്റെ എക്സ് ഷോറൂം വില. മോഡലിന്റെ ബുക്കിങ് ഡിസംബർ 16ന് ആരംഭിക്കും. തുടർന്ന് ജനുവരി 15 മുതൽ ഉപഭോക്താക്കൾക്ക് വാഹനം ലഭ്യമാക്കാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.
മൂന്ന് പവർട്രെയിൻ ഓപ്ഷനിലാണ് ടാറ്റ സിയേറ ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് എൻജിൻ 106 എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കും. അതേസമയം 1.5-ലിറ്റർ ഡീസൽ എൻജിൻ 116 എച്ച്.പി കരുത്ത് പകരുമ്പോൾ 1.5-ലിറ്റർ ടർബോ-പെട്രോൾ 160 എച്ച്.പി കരുത്ത് ഉത്പാദിപ്പിച്ച് വാഹനത്തെ കൂടുതൽ വേഗതയിൽ ചലിപ്പിക്കും.
അക്കംബ്ലിഷ്ഡ് വകഭേദം 17.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ആരംഭിക്കുന്നത്. ഈ മോഡൽ 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ, മാനുവൽ ട്രാൻസ്മിഷനിലാണ് ലഭിക്കുക. കൂടാതെ 1.5-ലിറ്റർ ടർബോ പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, 1.5-ലിറ്റർ ഡീസൽ മാനുവൽ ട്രാൻസ്മിഷൻ, 1.5-ലിറ്റർ ഡീസൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പവർട്രെയിനുകളും അക്കംബ്ലിഷ്ഡ് വകഭേദത്തിന് ലഭിക്കും. എന്നാൽ അക്കംബ്ലിഷ്ഡ് പ്ലസിൽ 1.5-ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോഡിയാക്കിയിരിക്കുന്നു. ഇതോടൊപ്പം 1.5-ലിറ്റർ ഡീസൽ എം.ടി, 1.5-ലിറ്റർ ഡീസൽ എ.ടിയും അക്കംബ്ലിഷ്ഡ്+ മോഡലിന് ലഭിക്കുന്നുണ്ട്.
ഉയർന്ന വകഭേദത്തിലെത്തുന്ന അക്കംബ്ലിഷ്ഡ്+ മോഡലിലും ഏറ്റവും അഡ്വാൻസ്ഡ് ഫീച്ചറുകൾ ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. ലെവൽ 2 ADAS, ജെ.ബി.എൽ സൗണ്ട് സിസ്റ്റത്തിൽ 12 സ്‌പീക്കറുകൾ, മെമ്മറി ഫങ്ഷനോട് കൂടിയ പവേർഡ് ഡ്രൈവർ സീറ്റ്, പവേർഡ് ടൈൽഗേറ്റ്, ഹെഡ്-അപ് ഡിസ്പ്ലേ, ഐ.ആർ.എ കണക്ടഡ് കാർ ടെക്നോളജി തുടങ്ങിയ ഫീച്ചറുകൾ അക്കംബ്ലിഷ്ഡ്+ വേരിയന്റിന്റെ പ്രത്യേകതയാണ്. പ്രീമിയം എസ്.യു.വി സെഗ്‌മെന്റിൽ ഇന്ത്യൻ വിപണിയിലെത്തുന്ന ടാറ്റ സിയേറ, ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽത്തോസ്, മാരുതി സുസുകി വിക്ടോറിസ്, സ്കോഡ കുഷാഖ്, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ മോഡലുകൾക്ക് കടുത്ത വെല്ലുവിളി സമ്മാനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

