ഇന്നോവക്ക് കുറയുക 1.80 ലക്ഷം; ഫോർച്യൂണർ, സിറ്റി, കുഷാഖ് വിലയും കുറയും, ജി.എസ്.ടി കൂട്ടിയാലും കാർ വാങ്ങുന്നവർക്ക് നേട്ടം
text_fieldsജി.എസ്.ടിയിൽ സമഗ്രപരിഷ്‍കാരം വരുത്തുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ വില കുറക്കുന്ന മത്സരത്തിലാണ് ഇന്ത്യയിലെ വാഹനനിർമാതാക്കൾ. രാജ്യത്തെ 1200 സി.സി വരെയുള്ള പെട്രോൾ കാറുകൾക്കും 1500 സി.സി വരെയുള്ള ഡീസൽ കാറുകൾക്കുമാണ് കേന്ദ്രസർക്കാർ ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചത്. 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് ഇവയുടെ ജി.എസ്.ടി കുറച്ചത്. എന്നാൽ, ഇതിന് മുകളിലുള്ള കാറുകളുടെ ജി.എസ്.ടി 28ൽ നിന്ന് 40 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. ജി.എസ്.ടി ഉയർത്തിയാലും ഈ വാഹനങ്ങളുടെ വിലയും വാഹനനിർമാതാക്കൾ കുറക്കുകയാണ്.
പഴയ നികുതി സമ്പ്രദായത്തിൽ 28 ശതമാനം നികുതിക്കൊപ്പം വലിയ വാഹനങ്ങൾക്ക് പ്രത്യേക സെസും കൊടുക്കേണ്ടി വന്നിരുന്നു. ഇതോടെ 40 ശതമാനത്തിലേറെ നികുതി വിവിധ കമ്പനികൾക്ക് നൽകേണ്ടി വന്നു. എന്നാൽ, ജി.എസ്.ടി പരിഷ്‍കാരത്തിൽ കേന്ദ്രസർക്കാർ സെസ് ഏർപ്പെടുത്തിയിട്ടില്ല. ഇതോടെ മുമ്പുണ്ടായിരുന്നതിനേക്കാൾ നികുതി വലിയ വാഹനങ്ങൾക്ക് കുറയും. ഇതിന്റെ നേട്ടം വാഹനനിർമാതാക്കൾക്ക് കൈമാറുകയാണ് കമ്പനി.
ഉദാഹരണമായി നാല് മീറ്ററിന് മുകളിൽ നീളമുള്ള സ്കോഡയുടെ കുഷാഖ് എസ്.യു.വിക്ക് 28 ശതമാനം ജി.എസ്.ടിയും 22 ശതമാനം സെസും ചേർത്ത് 50 ശതമാനം നികുതി നൽകേണ്ടിയിരുന്നു. പുതിയ സംവിധാനത്തിൽ ഇത് 40 ശതമാനമാനമായി മാറും. ഇതോടെ കുഷാക്കിന്റെ വിലയിൽ 74,000 രൂപ മുതൽ 1.27 ലക്ഷത്തിന്റെ കുറവുണ്ടാകും. 50 ശതമാനം നികുതിയുള്ള ക്രേറ്റ പെട്രോളിന്റെ വില 1.39 ലക്ഷം വരെ കുറയും. ഡീസലിനും സമാനമായ വിലകുറവുണ്ടാകും. ഗ്രാൻഡ് വിറ്റാര പെട്രോളിന്റെ വില 1.30 ലക്ഷവും ഹൈബ്രിഡിന്റേത് 52,000 രൂപയും കുറയും.
ഹോണ്ടയുടെ സിറ്റി പെട്രോളിന് 45 ശതമാനവും ഹൈബ്രിഡിന് 43 ശതമാനമാണ് നിലവിലെ നികുതി. ഇത് 40 ശതമാനമാവുമ്പോൾ ഇരു മോഡലുകൾക്കും 42,000 രൂപ മുതൽ 57,000 രൂപ വരെ കുറയും. മുമ്പ് 50 ശതമാനമുണ്ടായിരുന്ന ടോയോട്ട ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ വില 1.80 ലക്ഷം വരെ കമ്പനി കുറച്ചു. ഇന്നോവ ക്രിസ്റ്റ ഹൈബ്രിഡിന്റെ വില 1.15 ലക്ഷവും കമ്പനി കുറച്ചു. ഫോർച്യൂണറിന്റെ വില 3.49 ലക്ഷവും കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

